ഗൂഡല്ലൂർ ഓസൂരിനടുത്തു കൃഷ്ണഗിരിയിൽനിന്നു പിടികൂടി മുതുമല കടുവ സങ്കേതത്തിൽ തുറന്നു വിട്ട ആനയെ നിരീക്ഷിച്ചു തുടങ്ങി. മുതുമലയിൽ ആനയെ ഇറക്കിവിട്ട സ്ഥലത്തുനിന്ന് 7 കിലോമീറ്റർ ഉൾക്കാട്ടിൽ ആന മറ്റ് ആനകൾക്കൊപ്പം മേയുന്നതായി കണ്ടെത്തി. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചാണ് കാട്ടിൽ വിട്ടിരിക്കുന്നത്. 

കൃഷ്ണഗിരിയിൽ ഗ്രാമപ്രദേശങ്ങളിൽ മാത്രം മേഞ്ഞിരുന്ന ഈ കാട്ടാന 3 പേരെ കൊന്നതോടെയാണ് ആനയെ പിടികൂടി വനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ക്രോബർ എന്ന് നാട്ടുകാർ വിളിക്കുന്ന കൊമ്പനെ 2017 വനംവകുപ്പ് പിടി കൂടി ഒസൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുള്ള പുലികുണ്ട് വനത്തിൽ വിട്ടിരുന്നു. മാസങ്ങൾക്ക് ശേഷം ആന വീണ്ടും കൃഷ്ണഗിരിയിലെത്തി. തുടർന്നാണ് കാട്ടാനയെ മയക്കു വെടിവച്ച് പിടികൂടിയത്.

മുതുമലയിൽ ആനയെ ഇറക്കി വിട്ട സ്ഥലത്തുനിന്നു ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതെ കാട്ടാനയെ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടന്നു വനംവകുപ്പ് പറയുന്നു. പുതിയ വാസ സ്ഥലത്ത് ആനക്കൂട്ടത്തിനൊപ്പം കൂട്ടുകൂടിയതോടെ വനത്തിനു പുറത്തേക്ക് ഇറങ്ങാനുള്ള സാധ്യത കുറവായിരിക്കുമെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. ആനയെ തുടർന്നും നിരീക്ഷിച്ചുവരികയാണ്.