ലോകത്തെ അപൂര്‍വമായ കടല്‍ സസ്തനിയെന്ന ദുരവസ്ഥയിലേക്ക് തരം താണിരിക്കുകയാണ് വക്വിറ്റകള്‍. 2011 മുതല്‍ നടത്തി വന്ന കണക്കെടുപ്പിലാണ് വർഷംതോറും കുറഞ്ഞു വരുന്ന വക്വിറ്റകളുടെ അംഗസംഖ്യ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. പക്ഷേ ഇതുവരെ ഇവയുടെ സംരക്ഷണത്തിനായുള്ള നടപടികളൊന്നും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഡോള്‍ഫിനുകള്‍ ഉള്‍പ്പെടുന്ന സെറ്റാസിയന്‍സ് ഗണത്തില്‍ പെടുന്നതാണ് വക്വിറ്റ എന്ന കടല്‍ സസ്തനികള്‍.

വക്വിറ്റകളുടെ കണക്കെടുപ്പ്

നേരിട്ട് കണ്ട് വിലയിരുത്തിയും ക്ലിക്ക് ശബ്ദത്തോടു സാമ്യമുള്ള വക്വിറ്റകളുടെ സിഗ്നലുകള്‍ പരിശോധിച്ചുമാണ് ഇവയുടെ കണക്കെടുപ്പ് നടത്തിയത്. എല്ലാ വര്‍ഷവും ജൂണ്‍ 19 മുതല്‍ ഓഗസ്റ്റ് 19 വരെ നീണ്ടു നില്‍ക്കുന്ന സമയത്താണ് കണക്കെടുപ്പ് നടതുന്നത്. ഈ 62 ദിവസത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ഓരോ വര്‍ഷവും വക്വിറ്റകളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം ഗവേഷകര്‍ കണക്കാക്കുന്നത്. റോയല്‍ സൊസൈറ്റി ഓഫ് ഓപ്പണ്‍ സയന്‍സിലെ ഗവേഷകരാണ് ഈ പഠനങ്ങള്‍ നടത്തുന്നത്. 

ഈ കണക്കുകളനുസരിച്ച് സമീപകാലത്ത് വക്വിറ്റകളുടെ എണ്ണത്തിലുണ്ടായത് കുത്തനെയുണ്ടായ ഇടിവാണ്. 2016 നും 2017 നും ഇടയില്‍ ഏതാണ്ട് 62.3 ശതമാനത്തിന്‍റെ ഇടിവാണ് വക്വിറ്റകളുടെ എണ്ണത്തിലുണ്ടായത്. 2017 ലെ കണക്കും 2018 ലെ കണക്കും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഇടിവ് 70.8 ശതമാനമായി. ഈ കണക്കുകളനുസരിച്ച് 2011 മുതലുള്ള വക്വിറ്റകളുടെ എണ്ണമെടുത്താല്‍ ഇവയുടെ എണ്ണത്തിലുണ്ടായത് 98 ശതമാനം ഇടിവാണ്. 

കടലിലെ സസ്തനികളായതിനാല്‍ തന്നെ ഈ ജീവികളുടെ ഏകദേശ കണക്കുകള്‍ മാത്രമാണ് ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. 2011 ല്‍ ഇവയുടെ എണ്ണം 100 നും 200 നു ഇടയിലായിരുന്നു എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. 2014 ല്‍ ഇവയുടെ എണ്ണം 100 ന് താഴെയായി. ഇപ്പോഴത്തെ കണക്കുകളനുസരിച്ച് വക്വറ്റകളുടെ എണ്ണം 12 നും 19 നും ഇടയിലാണെന്നാണ് കരുതുന്നത്. 

വംശനാശത്തെക്കുറിച്ചുള്ള ആശങ്ക

2006 ഓടു കൂടി വംശനാശം സംഭവിച്ചു എന്ന് കരുതപ്പെടുന്ന ജല സസ്തനികളാണ് യാങ്ങ്സെ നദിയിലെ ഡോള്‍ഫിനുകള്‍. ഈ ഡോള്‍ഫിനുകളെ ഇപ്പോഴും ചൈനയിലെ യാങ്ങ്സെ നദിയില്‍ അവിടിവിടെയായി കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ ഡോള്‍ഫിനുകളുടെ അതേ വഴിയാണ് വക്വിറ്റകളുടെയും അവസ്ഥയെന്ന് ഗവേഷകര്‍ പറയുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വക്വിറ്റകള്‍ക്ക് വംശനാശം സംഭവിക്കുമെന്നാണ്. 

മെക്സിക്കോയോടു ചേര്‍ന്നുള്ള കലിഫോര്‍ണിയ കടലിടുക്കില്‍ മാത്രമാണ് വക്വിറ്റകളുടെ കാണാന്‍ സാധിക്കുക. മെക്സിക്കന്‍ സര്‍ക്കാര്‍ വക്വിറ്റകളുടെ സംരക്ഷണം കണക്കിലെടുത്ത് ഇവിടെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം വിജയകരായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ അനധികൃതമായി നടക്കുന്ന മത്സ്യബന്ധനം വക്വറ്റകള്‍ക്കു വേണ്ടിയല്ലെങ്കിലും ഈ വേട്ടയില്‍ ഏറ്റവുമധികം കൊല്ലപ്പെടുന്നതും വക്വിറ്റകളാണെന്നതാണ് സത്യം.

വക്വിറ്റകളുടെ അംഗസംഖ്യ കുറയാന്‍ കാരണം.

റ്റോറ്റോബ എന്ന ഇനത്തില്‍ പെട്ട മത്സ്യവുമായാണ് വക്വിറ്റകള്‍ ആവാസവ്യവസ്ഥ പങ്കിടുന്നത്. ഈ മത്സ്യങ്ങള്‍ക്ക് ചൈനയില്‍ വന്‍ തോതില്‍ ആവശ്യക്കാരുണ്ട്. ഗില്‍നെറ്റ് എന്നറിയപ്പെടുന്ന വലകളാണ് ഇവയെ പിടികൂടനായി അനധികൃത മത്സ്യബന്ധനക്കാര്‍ ഉപയോഗിക്കുന്നത്. സ്വാഭാവികമായി ഈ വലകളില്‍ റ്റോറ്റോബയ്ക്കൊപ്പം വക്വിറ്റകളും വന്ന് കുടുങ്ങുകയും കൊല്ലപ്പെടുകയും ചെയ്യും. റ്റോറ്റോബ അറ്റ്ലാന്‍റക്കില്‍ വ്യാപകമായി കാണപ്പെടുന്ന മത്സ്യങ്ങളാണെന്നതിനാൽ ഇവയുടെ അംഗസംഖ്യയ്ക്ക് ഈ വലകള്‍ കാര്യമായ പരുക്കേല്‍പ്പിക്കില്ല. എന്നാല്‍ കലിഫോര്‍ണിയ ഉള്‍ക്കടലില്‍ മാത്രം കാണപ്പെടുന്ന വക്വിറ്റകള്‍ക്ക് ഇവ വംശനാശത്തിലേക്കുള്ള ചൂണ്ടുപലകയായി മാറുകയായിരുന്നു.