വടക്കന്‍ പസിഫിക്കില്‍ മാത്രം കാണപ്പെടുന്ന കുഞ്ഞന്‍ തിമിംഗലങ്ങളാണ് ബീക്ക്ഡ് വെയ്‌ലുകള്‍.  കറുത്ത നിറമുള്ള നീണ്ട ചുണ്ടുള്ള ഈ തിമിംഗലങ്ങളെ ജപ്പാന്‍ തീരത്തും സാധാരണയായി കണ്ടു വരാറുണ്ട്. ‌കുറോട്സ്കുചികുജിറാ എന്നു വിളിപ്പേരുള്ള ഈ തിമിംഗലങ്ങള്‍ മറ്റൊരു ജനുസ്സാണ് എന്നതാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബീക്ക്ഡ് വെയിലുകളും  കുറോട്സ്കുചികുജിറായും തമ്മില്‍ കാഴ്ചയില്‍ ഏറെ സാമ്യതയുണ്ടെങ്കിലും ജനിതകമായി ഇവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

മറ്റ് തിമിംഗലവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമുദ്രത്തിന്‍റെ ആഴങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ഈ തിമിംഗല വര്‍ഗം. സമുദ്രനിരപ്പില്‍ നിന്ന് 3 കിലോമീറ്റര്‍ അടിയില്‍ വരെയാണ് ഇവയെ സാധാരണയായി കാണാനാകുക. ഇക്കാരണം കൊണ്ട് തന്നെ ഇവയെക്കുറിച്ചുള്ള പഠനവും ഏറെ ആയാസകരമായ ഒന്നാണ്. തിമിംഗലവര്‍ഗത്തില്‍ തന്നെ ഗവേഷകര്‍ക്ക് ഏറ്റവും കുറച്ച് അറിവു മാത്രമുള്ള ജീവികളാണ് ഈ കുട്ടി തിമിംഗലങ്ങള്‍

ബറേഡിയസ് മിനിമസ്

വടക്കന്‍ പസിഫിക്കിലും ചുറ്റുപാടുകളിലുമായി രണ്ട് തരത്തിലുള്ള ബീക്ക്ഡ് തിമിംഗലങ്ങളാണുള്ളത്. ഒന്ന് ചാര നിറമുള്ള ബീക്ക്ഡ് തിമിംഗലങ്ങളും മറ്റൊന്ന് ഇപ്പോള്‍ കണ്ടെത്തിയ കറുത്ത നിറമുള്ള ബീക്ക്ഡ് തിമിംഗലങ്ങളും.  ‌കുറോട്സ്കുചികുജിറാ എന്ന ജാപ്പനീസ് പേരുള്ള കറുത്ത തിമിംഗലങ്ങള്‍ക്ക് ബറേഡിയസ് മിനിമസ് എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്. ശരീരീരത്തിന്‍റെ വലുപ്പക്കുറവ് തന്നെയാണ് ഇവയ്ക്ക് ഇത്തരം ഒരു ശാസ്ത്രീയ നാമം ലഭിക്കാന്‍ കാരണം.

ബറേഡിയസ് ആദ്യമായി ശാസ്ത്രത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത് 1943 ലാണ്. ജപ്പാന്‍ തീരത്തും അലാസ്കയിലുമായി ചത്തടിഞ്ഞ നാല് തിമിഗലങ്ങളില്‍ നിന്നാണ് ആദ്യമായി ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഈ തിമിംഗലങ്ങളില്‍ ഒന്നിന്‍റെ ശേഷിപ്പുകള്‍ ഇപ്പോഴും യുഎസ് നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇത്രനാളായിട്ടും ഈ തിമിംഗലങ്ങളെക്കുറിച്ചുള്ള വിവരം ലഭ്യമാണെങ്കിലും  ‌കുറോട്സ്കുചികുജിറായും ചാര ബീക്ക്ഡ് തിമിംഗവും ഒരേ ജനുസ്സ് തന്നെയാണെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്.

‌കുറോട്സ്കുചികുജിറായെ വ്യത്യസ്തമാക്കുന്നത് 

തിമിംഗല പഠനത്തില്‍ പരിചയ സമ്പന്നരായവര്‍ക്ക് ഒറ്റ നോട്ടത്തില്‍ ‌കുറോട്സ്കുചികുജിറായെ തിരിച്ചറിയാന്‍ സാധിക്കും. കറുത്ത നിറവും, കുറിയ ശരീരവുമാണ് ഇവയെ മറ്റ് ബീക്ക്ഡ് തിമിംഗലങ്ങളില്‍ നിന്ന് പെട്ടെന്ന് വ്യത്യസ്തരാക്കുന്നത്. സിലിണ്ടര്‍ രൂപത്തിലുള്ള ശരീരവും ചെറിയ മേല്‍ചുണ്ടുമാണ് പ്രധാന വ്യത്യസങ്ങളായി എടുത്ത് പറയാവുന്ന മറ്റ് കാര്യങ്ങള്‍. സ്കാര്‍ ടിഷ്യൂ എന്ന പ്രതിഭാസമാണ് ഇരു തിമിംഗല ജനുസ്സുകളും തമ്മിലുള്ള നിറ വ്യത്യാസത്തിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. 

ആറ് മീറ്റര്‍ വരെയാണ് ബറേഡിയസ് മിനിമസ് പരമാവധി നീളം വയ്ക്കുക. ചാര നിറമുള്ള ബീക്ക്ഡ് തിമിംഗലങ്ങൾക്കാവട്ടെ നീളം പത്തര മീറ്റര്‍ വരെ ഉണ്ടാകും. അതേസമയം ഇതുകൊണ്ടൊന്നും ബറേഡിയസ് മിനിമസിനെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഇത് തുടക്കം മാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം. ആഴക്കടലില്‍ ഇരുളില്‍ മറഞ്ഞു ജീവിക്കുന്ന ഈ ജീവികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഇപ്പോഴത്തെ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടോക്കിയോ സര്‍വകലാശാലയിലെ ടഡാസു കെ യമഡാ ഉള്‍പ്പടെയുള്ള  ഗവേഷകര്‍ തയാറെടുക്കുന്നത്.