പത്തിവിടർത്തി നടുവിൽ നിൽക്കുന്ന മൂർഖൻപാമ്പും ചുറ്റും 4 പൂച്ചകളും. എന്തും സംഭവിക്കാമെന്ന അവസ്ഥ. ബോളിവു‍ഡ് അഭിനേതാവായ  നീൽ നിതിൻ മുകേഷ് ആണ് ഞായറാഴ്ച ഇൻസ്റ്റഗ്രാമിലൂടെ നടുക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.‘ബൈപാസ് റോഡ്’ എന്ന സിനിമയുടെ ചിത്രീകരത്തിനു പോകുന്നതിനിടയിലാണ് സംഭവം നടന്നത്.

കണ്ണുചിമ്മാതെ മൂർഖൻ പാമ്പിൻ കുഞ്ഞിനു സമീപം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന പൂച്ചകളെയും അവയുടെ നീക്കം ശ്രദ്ധിച്ചു നിൽക്കുന്ന പാമ്പിനെയും ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ പാമ്പിൻ കുഞ്ഞിന്റെ പിന്നിലായി നിന്ന പൂച്ച പാമ്പിന്റെ  തലയിൽ തട്ടിയതോടെ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങി. പിന്നാലെയെത്തിയ പൂച്ചയെ പാമ്പ് ആക്രമിക്കാനൊരുങ്ങുകയും ചെയ്തു. വിഷപ്പാമ്പായതിനാലാവണം ഒരു അകലമിട്ടാണ് പൂച്ചകൾ നിന്നത്. നേരിട്ടുള്ള പേരാട്ടം നടക്കാത്തതിനാൽ തന്നെ ഇരുഭാഗത്തും പരുക്കുകളൊന്നും ഏറ്റതുമില്ല. പൂച്ചകളിൽ നിന്ന് രക്ഷപെട്ട പാമ്പ് അടുത്തുള്ള ചെടികൾക്കിടയിലേക്ക് വേഗം ഇഴഞ്ഞു നീങ്ങി.

നീലും സംഘവും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പാമ്പ് പിടിത്ത വിദഗ്ധരും അവിടെയെത്തിയിരുന്നു. ഇവർ മൂർഖൻ കുഞ്ഞിനെ പിടികൂടി ജനവാസകേന്ദ്രത്തിൽ നിന്നും അകലെയുള്ള വനമേഖലയിൽ കൊണ്ടുപോയി തുറന്നുവിട്ടതായും നീൽ വ്യക്തമാക്കി.