കടൽക്കാക്കയുമായി ചങ്ങാത്തം കൂടാൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ബെലൂഗ തിമിംഗലത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കഴിഞ്ഞ മെയ് മാസം മുതൽ നോർവെ തീരത്തു കറങ്ങുന്ന ബെലൂഗ തിമിംഗലം തന്നെയാണ് ഇവിടെയും കഥാനായകൻ. ചാരനാണെന്ന ആരോപണമൊക്കെയുണ്ടെങ്കിലും  മനുഷ്യരോടും മൃഗങ്ങളോടും ചങ്ങാത്തം കൂടുന്ന ഈ ബെലൂഗ ആളൊരു പാവത്താനാണെന്ന് മനസ്സിലാക്കാൻ ഈ ദൃശ്യങ്ങൾ കണ്ടാൽ മതി.

ഹാമർഫെസ്റ്റിൽ നിന്ന് തിമിംഗലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ജാൻ ഓഫ് ജോഹൻസെൻ ആണ്. ജോഹൻസെൻ ജലാശയത്തിനു സമീപം നിന്നപ്പോഴായിരുന്നു ബെലൂഗ തിമിംഗലത്തിന്റെ രസകരമായ പ്രകടനം. വെള്ളത്തിലൂടെ ഇരതേടി നടന്ന കടൽക്കാക്കയുമായി ചങ്ങാത്തം കൂടാനായിരുന്നു ബെലൂഗയുടെ ശ്രമം. അതിനായി വളരെയധികം സമയം പരിശ്രമിക്കുകയും ചെയ്തു. കടൽക്കാക്കയ്ക്കൊപ്പം അതിന്റെ പിന്നാലെയും മുന്നിലുമൊക്കെയായി നീന്തി അതിന്റെ ശ്രദ്ധ നേടാൻ ബെലൂഗ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ വെള്ളത്തിനടിലൂടെ കടൽക്കാക്കയുടെ കാലിൽ മെല്ലെ വായകൊണ്ട് കടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ ബെലൂഗ അടുത്തെത്തിയപ്പോഴെല്ലാം അകന്നു മാറാനാണ് കടൽക്കാക്ക ശ്രമിച്ചത്. ബെലൂഗ പിന്നാലെ എത്തിയ അവസരത്തിൽ കടൽക്കാക്കയുടെ വായിലുണ്ടായിരുന്ന മത്സ്യം താഴെവീഴുകയും ചെയ്തു. താഴെവീണ മത്സ്യത്തെയും വായിലാക്കിയും ബെലൂഗ കടൽക്കാക്കയുടെ പിന്നാലെ അല്പ സമയം നടന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ കടൽക്കാക്ക വെള്ളത്തിലൂടെ നീന്തി നടന്നു. വെള്ളത്തിനടിയിലൂടെ കരണം മറിഞ്ഞും ചിറകിളക്കിയുമൊക്കെ ബെലൂഗ തന്റെ സന്തോഷം പ്രകടിപ്പിച്ചു. അൽപ സമയം കഴിഞ്ഞപ്പോൾ കടൽക്കാക്ക അവിടെ നിന്നും പറന്നകന്നു. കടൽക്കാക്കയ്ക്കൊപ്പം നീന്തിക്കളിച്ചതിന്റെ സന്തോഷത്തിൽ ബെലൂഗയും വെള്ളത്തിനടിയിലേക്ക് മറഞ്ഞു.

മാസങ്ങൾക്ക് മുന്‍പ് കിഴക്കൻ നേർവെയിലെ ഫിൻമാർക്കിൽ മത്സ്യബന്ധന ബോട്ടിനരികേലേക്കെത്തിയ ഈ ബെലൂഗ തിമിംഗലം റഷ്യൻ ചാരമാണെന്ന സംശയം ഉയർന്നിരുന്നു. പതിവില്‍ കൂടുതല്‍ വെളുത്ത നിറത്തില്‍ കാണപ്പെട്ട തിമിംഗലത്തിന്‍റെ കഴുത്തില്‍ അന്ന് ഒരു ബെല്‍റ്റും അതില്‍ ഘടിപ്പിച്ച തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്തുവും ഉണ്ടായിരുന്നു. മിലിട്ടറി പരിശീലനം ലഭിച്ച  തിമിംഗലമായിരിക്കാം ഇതെന്നും ചാരപ്രവര്‍ത്തിക്കായി റഷ്യ ഇത്തരം തിമിംഗലങ്ങളെ ഉപയോഗിക്കാറുണ്ടെന്നും സംശയമുയർന്നത് അങ്ങനെയാണ്.

എന്നാൽ ഈ തിമിംഗലം ചാരനല്ലെന്നും നോര്‍വേയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന റഷ്യയുടെ മുര്‍മാന്‍സ്ക് നേവല്‍ ബേസില്‍ നിന്നു രക്ഷപെട്ടെത്തിയതാകാമെന്നും ഗവേഷകർ വ്യക്തമാക്കി. റഷ്യന്‍ നേവി, തിമിംഗലങ്ങളെ പരിശീലിപ്പിച്ചു സേനയുടെ ഭാഗമാക്കാറുണ്ട്. എന്നാല്‍ ഇവ മിക്കപ്പോഴും മുങ്ങിക്കപ്പലുകള്‍ക്കൊപ്പമാണ് സഞ്ചരിക്കാറുള്ളത്. റഷ്യന്‍ മുങ്ങിക്കപ്പലുകളൊന്നും തന്നെ നോര്‍വേക്ക് സമീപത്തേക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ തിമിംഗലം രക്ഷപെട്ടെത്തിയതാകാനുള്ള സാധ്യതയാണ് കൂടുതലും കാണുന്നത്. എന്തായാലും ബെലൂഗ ആദ്യകാലത്ത് കണ്ടിരുന്നതിലും കൂടുതൽ ആരോഗ്യവാനായിട്ടും സന്തോഷവാനായിട്ടുമാണ് കാണപ്പെടുന്നതെന്ന് ജോഹൻസെൻ വ്യക്തമാക്കി.