ഞങ്ങൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കും ; ഇതാണ് എനിക്കു പറയാനുള്ളത്.‌ ‌ഈ നടക്കുന്നതത്രയും തെറ്റാണ്. ഞാൻ ഇവിടേക്കു വരേണ്ടതേയല്ല , മറിച്ചു സാഗരങ്ങൾക്കപ്പുറത്ത് എന്റെ സ്കൂളിൽ ചെലവഴിക്കേണ്ട സമയമാണിത്. എന്നാൽ, പ്രതീക്ഷയുടെ തിരിവെട്ടത്തിനായി നിങ്ങളെല്ലാവരും ഞങ്ങളെ തേടിയെത്തിയിരിക്കുകയാണ്. എന്തു ധൈര്യത്തിലാണിത് ?‌

‌മൂന്നു ദശാബ്ദത്തിലേറെയായി ഈ വിഷയത്തിൽ ശാസ്ത്രത്തിന്റെ നിലപാട് സുവ്യക്തമാണ്. എന്നിട്ടും അതെല്ലാം അവഗണിച്ച്, അനിവാര്യമായ രാഷ്ട്രീയ നിലപാടോ പരിഹാര മാർഗങ്ങളോ തേടുന്നതിനു പകരം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന പൊള്ളവാദവുമായി ഇവിടെയെത്താൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു‌

പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ‍ കവർന്നെടുത്തു. എന്റെ ബാല്യം കവർന്നെടുത്തു. എന്നിട്ടും ഞാൻ ഈ ലോകത്തെ ഭാഗ്യമുള്ളവരിലൊരാളായി ജീവിക്കുന്നു. നമ്മുടെ പരിസ്ഥിതി അടപടലം വീഴുകയാണ്. ജനങ്ങൾ ദുരിതംപേറി നരകിച്ചു മരിക്കുന്നു. നമ്മൾ ഈ പ്രപഞ്ചത്തിൽ നിന്നു തുടച്ചുനീക്കപ്പെടുന്നതിന്റെ തുടക്കമാണിത്. എന്നിട്ടും നിങ്ങൾ സമ്പത്തിനെക്കുറിച്ചും ഉപരിപ്ലവമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചും വാചാലരാകുന്നത് എന്തു ധൈര്യത്തിലാണ്?‌

‌നിങ്ങൾ ഞങ്ങളെ കേൾക്കുന്നുണ്ടെന്നും ഇതിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്നും പറയുന്നു. പക്ഷേ, എനിക്ക് ദേഷ്യവും സങ്കടവും നിരാശയും തോന്നുന്നു. എനിക്കു നിങ്ങൾ പറയുന്നതു വിശ്വസിക്കാൻ കഴിയുന്നതേയില്ല.‌

‌10 വർഷത്തിനുള്ളിൽ‍ കാർബൺ ബഹിർഗമനം പകുതിയോളം  കുറയ്ക്കാൻ കഴിഞ്ഞാൽ തന്നെ ആഗോളതാപനിലയിൽ ഒന്നര ഡിഗ്രിയുടെ കുറവേ വരുത്താൻ കഴിയൂ. മറിച്ചായാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനുഷ്യസമൂഹത്തിന്റെ നിയന്ത്രണത്തിലല്ല എന്നോർക്കണം. 50% എന്നത് നിങ്ങൾക്ക് ഒരുപക്ഷേ സ്വീകാര്യമായിരിക്കാം. എന്നാൽ അന്തരീക്ഷമലിനീകരണമുൾപ്പെടെ മറഞ്ഞിരിക്കുന്ന ഒരുപാടു ഘടകങ്ങൾ നിങ്ങൾ കണക്കിലെടുത്തിട്ടില്ല. നിങ്ങളും ആശ്രയിക്കുന്നത് ശതകോടി ടൺ കാർബൺ ഡൈഓക്സൈഡ് വലിച്ചുകയറ്റുന്ന എന്റെ തലമുറയെയാണ്. അതൊന്നും നിയന്ത്രിക്കാൻ നമുക്ക് യാതൊരു സാങ്കേതികവിദ്യയുമില്ല.‌

‌50 % സാധ്യതയിൽ ജീവിക്കുക എന്നത് ഞങ്ങൾക്ക് സ്വീകാര്യമല്ല. എല്ലാം പതിവുപോലെ നീങ്ങുമെന്ന രീതി നടിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ‍ കഴിയുമെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും. ‌

‌ഈ കണക്കുകൾക്കനുസരിച്ച് കാര്യങ്ങൾ നീക്കാൻ പോലും നമുക്കൊരു പ്ലാനും പദ്ധതിയുമില്ല. കാരണം ഈ കണക്കുകൾ പോലും നിങ്ങളെ അസ്വസ്ഥരാക്കുന്നു. അതു കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കാതിരിക്കുന്നു. നിങ്ങൾ ഞങ്ങളെ തോൽപ്പിക്കുകയാണ്. ഈ ചതി ലോകയുവത്വം മനസ്സിലാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ കണ്ണുകൾ നിങ്ങളിലാണ്. നിങ്ങൾ ഇനിയും ഞങ്ങളെ തോൽപിച്ചാൽ അതിനു മാപ്പില്ല.‌

‌ഇങ്ങനെ മുന്നോട്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല. ഇവിടെ ഇപ്പോൾ ഈ നിമിഷം ഞങ്ങൾ ഒരു നിയന്ത്രണരേഖ വരയ്ക്കുകയാണ്. ലോകം ഉണർന്നു കഴിഞ്ഞു. മാറ്റം അനിവാര്യമാണ്; നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും.‌

ആരാണ് ഗ്രേറ്റ ട്യുൻബെർഗ്

‌സ്വീഡിഷ് സ്കൂൾ വിദ്യാർഥിനി. 16 വയസ്സ്. കാലാവസ്ഥാവ്യതിയാനം തടയാൻ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 2018 ഓഗസ്റ്റിൽ ഗ്രേറ്റ സമരം തുടങ്ങി. പിന്നീട് വെള്ളിയാഴ്ചകളിൽ സ്കൂളിൽ പോകാതെ സ്വീഡൻ പാർലമെന്റിനു മുന്നിൽ ‘കാലാവസ്ഥയ്ക്കുവേണ്ടി സ്കൂൾ സമരം’ എന്നെഴുതിയ പ്ലക്കാർഡുമായി ധർണ. കഴിഞ്ഞ വെള്ളിയാഴ്ച ലോകമെങ്ങും സ്കൂൾ വിദ്യാർഥികൾ ഗ്രേറ്റയെപ്പോലെ ക്ലാസ് ബഹിഷ്കരിച്ച് കാലാവസ്ഥയ്ക്കായി തെരുവിലിറങ്ങി. ‌

‌ആളുകളുമായി ഇടപഴകുന്നതിനും സാമൂഹികബന്ധമുണ്ടാക്കുന്നതിനും കടുത്ത വൈഷമ്യം അനുഭവിച്ചിരുന്ന കുട്ടിയായിരുന്നു ഗ്രേറ്റ. ‘അസ്പർജേഴ്‌സ് സിൻഡ്രോം’ എന്ന ലഘു ഓട്ടിസം മൂലമാണിത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിന്റെ പുരസ്കാരം ഈയിടെ ലഭിച്ചു.