തടിമൂത്ത മരങ്ങളൊക്കെ ഉളിയുടെയും കൊട്ടുവടിയുടെയും ഒന്നും സഹായമില്ലാതെ കൊത്തിത്തുരക്കുന്ന പക്ഷിലോകത്തെ പെരുന്തച്ചന്മാരാണ് മരംകൊത്തികൾ. ഒരു മടിയുമില്ലാതെ മരങ്ങളിലൊക്കെ ‘ടപ്പോ ടപ്പോ’ന്ന് കൊത്തി പൊത്തുണ്ടാക്കുന്ന ഇവറ്റകളെ കാണുമ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നാം. എന്തിനാണ് ഈ തടിപ്പണി എന്ന്?

ലോകത്ത് മുന്നൂറിലധികം മരംകൊത്തി ഇനങ്ങളുണ്ട്. കൂടുണ്ടാക്കാനും പ്രാണികൾ, മരനീർ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ സംഘടിപ്പിക്കാനും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാനുള്ള ചെറിയ നിലവറകൾ ഉണ്ടാക്കാനുമൊക്കെയാണ് ഇവരുടെ മരം തുരക്കൽ മഹാമഹം. കൊത്തുപണി നടത്താനുള്ള മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ വിരുതന്മാർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മണ്ടയില്ലാത്ത തെങ്ങ് പോലെ ദ്രവിച്ചുതുടങ്ങിയ മരങ്ങളോടാണ് കൂടുതൽ പ്രിയം. അതാകുമ്പോൾ ‘തച്ച്’ കുറവാണല്ലോ!

മരം കൊത്തുന്നതിലെ മിടുക്ക്

വെറുതെ ചറപറ കൊത്തുന്ന പരിപാടിയൊന്നും മരംകൊത്തികൾക്കില്ല. സാധാരണ തല ചെരിച്ചുപിടിച്ചാണ് ഇവയുടെ മരംകൊത്തൽ. അതുകൊണ്ടുതന്നെ കൊത്തുപണി കാരണം തലയ്ക്ക് നേരിട്ടൊരു പണി കിട്ടാനുള്ള സാധ്യതയേയില്ല.

ചില മരംകൊത്തികൾ സൂപ്പർഫാസ്റ്റ് ആയി തടിപ്പണിയിൽ മുഴുകാറുണ്ട്.  ഇണയെ ആകർഷിക്കാനുള്ള ഒരു ‘ഷോ’യാണ് പ്രധാന ഉദ്ദേശം. കൂടാതെ സ്വന്തം ‘ടെറിട്ടറി’ കാക്കാനുള്ള പ്രതിരോധസംവിധാനം കൂടിയാണ് ഈ കൊത്തി ഒച്ചയുണ്ടാക്കൽ. ചെറിയ ചെറിയ തുളകളുണ്ടാക്കി അതിലെല്ലാം കായകളും മറ്റും കൊണ്ടുവയ്ക്കുന്ന കലാകാരന്മാരുമുണ്ട്.

തലയിലാണ് കാര്യം!

കൊത്താൻ പറ്റിയ, സ്ട്രോങ് ആയ ഒരു തലയാണ് മരംകൊത്തികളുടെ പ്രധാന ശക്തി. തലച്ചോറിന്റെ വലുപ്പത്തിലുമുണ്ട് കാര്യം. ആകെ 0.07 ഔൺസ് മാത്രമാണ് അവരുടെ തലച്ചോറിന്റെ വലുപ്പം. വലുപ്പം കൂടും തോറും ഭാരവും കൂടുമല്ലോ. ഒപ്പം, ഏൽക്കുന്ന ആഘാതത്തിന്റെ അളവും കൂടും. ചെറിയ തലച്ചോറായതുകൊണ്ട് അങ്ങനെയൊരു ക്ഷതത്തിനുള്ള സാധ്യത തീരെക്കുറവാണ്. 

മരം കൊത്തുമ്പോൾ മരംകൊത്തിയുടെ കൊക്കും മരവും തമ്മിൽ കഷ്ടിച്ച് ഒരു മില്ലി സെക്കന്റിൽ താഴെ സമയത്തേക്കേ തൊടാറുള്ളൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം.  (ഒരു സാധാരണ മനുഷ്യന്റെ തലച്ചോറിന് പരുക്ക് പറ്റാൻ മൂന്ന് മുതൽ 15 മില്ലി സെക്കന്റ് വരെ സമയം വേണം.)

ഇനി അവയുടെ തലയോട്ടിയുടെ കാര്യമെടുക്കാം. വളരെ കടുപ്പമുള്ള എല്ലുകൾ കൊണ്ടാണ് മരംകൊത്തിയുടെ തലയോട്ടി പൊതിഞ്ഞിരിക്കുന്നത്. ഉള്ളിലാകട്ടെ സുഷിരങ്ങളുള്ള എല്ലുകൾ കൊണ്ടും. മരത്തിൽ കൊത്താനായി പ്രയോഗിക്കുന്ന ബലമത്രയും തലയോട്ടിക്ക് ചുറ്റുമുള്ള ഈ എല്ലുകളിലേക്ക് വീതിച്ചുകൊടുത്ത് തലച്ചോറിനെ ഒരു അല്ലലുമില്ലാതെ കാക്കും. കൂടാതെ തലയോട്ടിക്ക് പുറമേയുള്ള പേശികളും എല്ലുകളും ചേർന്ന ആവരണവും തലച്ചോറിന് ‘എക്സ്ട്രാ’ സംരക്ഷണം ഒരുക്കുന്നു. ഇതൊന്നും കൂടാതെ തലച്ചോർ സ്ഥിതിചെയ്യുന്ന സ്ഥാനവും പ്രധാനമാണ്. 

തലയുടെ പിൻഭാഗത്തായിട്ടാണ് മരംകൊത്തിയുടെ തലച്ചോറിന്റെ ഇരിപ്പ്. പകുതി മുറിച്ച ഒരു ഓറഞ്ചിന്റെ പരന്ന ഭാഗം മുന്നിലേക്ക് തിരിച്ചുവച്ചിരിക്കുന്നതുപോലെയാണിത്. അതും അവയ്ക്ക് ഗുണമാണ്. കാരണം, പ്രതലവിസ്തീർണം കൂടുതലായതുകൊണ്ട് മരപ്പണി മൂലമുണ്ടാകാവുന്ന ചെറിയ ആഘാതങ്ങളൊക്കെ ആ വഴിയങ്ങ് പൊയ്ക്കൊള്ളും. ചുരുക്കിപ്പറഞ്ഞാൽ പരിണാമം നൽകിയ നല്ലൊന്നാന്തരം ‘ഡിസൈൻ’ ആണ് മരംകൊത്തികളുടെ കരുത്ത്.