വന്യമൃഗങ്ങളുടെ ചിത്രമെടുക്കുന്നതൊക്കെ ഏറെയിഷ്ടമാണെങ്കിലും തൊട്ടു മുൻപിൽ ഒരു സിംഹം വന്നു നിന്നാലെന്തുചെയ്യും? ആ സിംഹം ഗർജിക്കുകകൂടി ചെയ്താലോ? പിന്നെ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. എപ്പോൾ ബോധം കെട്ട് താഴെവീണെന്നു നോക്കിയാൽ മതി. എന്നാൽ ഇംഗ്ലണ്ടുകാരനായ ഗ്രെൻ സോവെർബി എന്ന ഫൊട്ടോഗ്രഫർ ധൈര്യശാലിയായിരുന്നു കേട്ടോ. അതുകൊണ്ടാണല്ലോ  വെറും 30–40 അടി ദൂരെ മാത്രം നിന്നിരുന്ന സിംഹത്തെ കണ്ടിട്ടും ആവേശത്തോടെ ഫൊട്ടോയെടുത്തത്. അൽപം ഭയം തോന്നിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെയായിരുന്നു സിംഹത്തിന്റെ മുന്നിൽ സോവെർബിയുടെ പ്രകടനം. അതുകൊണ്ടെന്താ സിംഹം തൊട്ടു മുന്നിൽ നിന്നു ഗർജിക്കുന്ന കിടിലൻ ഫൊട്ടോ സ്വന്തമാക്കാൻ സാധിച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

The lion photographed by Gren Sowerby in Maasai Mara, Kenya

വന്യജീവി ഫൊട്ടോഗ്രഫറാണ് ഗ്രെൻ സോവെർബി. പല വന്യമൃഗങ്ങളുടേയും ചിത്രങ്ങൾ എടുത്തിട്ടുണ്ടെങ്കിലും ഈ ചിത്രമാണ് തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിലെ അമൂല്യ ചിത്രമെന്ന് സോവെർബി വ്യക്തമാക്കി. കെനിയയിലെ മാസായ് മാറയിൽ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയത്. മാസായ് മാറ സന്ദർശനവേളയിൽ ഒറ്റതിരിഞ്ഞുള്ള നടപ്പിനിടെ അകലെയല്ലാതെ സിംഹമുണ്ടെന്ന് ഗ്രെന്‍ സോവെർബി മനസിലാക്കി. കാടിനോട് ഇടപഴകി വര്‍ഷങ്ങളുടെ പരിചയമുള്ളതിനാൽ ഇത്തരം കാര്യങ്ങൾ വേഗം മനസ്സിലാക്കാൻ സാധിക്കും . ഗ്രെന്നിനാണെങ്കില്‍ സിംഹങ്ങളുടെ പടം എത്രയെടുത്താലും മതിവരികയുമില്ല. പുതിയതായി എന്തെങ്കിലും കിട്ടുമോയെന്ന ചിന്തയില്‍ ഗ്രെന്‍ ക്യാമറ ഫോക്കസ് ചെയ്തു കാത്തിരുന്നു.

അതാ വരുന്നു കാട്ടിലെ രാജാവ് തലയെടുപ്പോടെ.തലയുയർത്തി നടന്നുവരുന്ന സിംഹത്തിനരികിലേക്ക് ഗ്രെന്‍ ക്യാമറയുമായി പതിയെ  നീങ്ങി. ഉള്ളില്‍ പേടിയുണ്ടായിരുന്നുവെങ്കിലും ധൈര്യം സംഭരിച്ചായിരുന്നു നീക്കം. സിംഹവുമായി ഏതാണ്ട് 30–40 അടിയോളം ദൂരമേ വരൂ. ഗ്രെന്‍ സോവെർബി കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്താനായി തയാറെടുത്തു. ക്യാമറ ക്ലിക്ക് ചെയ്യുന്നതിനു തൊട്ടു മുൻപായി അപ്രതീക്ഷിതമായി സിംഹം ഉഗ്രനൊരു ഗർജനം. അക്ഷരാർഥത്തില്‍ കിടുങ്ങിപ്പോയെങ്കിലും ഗ്രെന്‍ ക്യാമറ കൈ വിട്ടില്ല. ആ അലര്‍ച്ചയുടെ ചിത്രവും അങ്ങനെ ക്യാമറയിൽ പതിഞ്ഞെന്ന് ഗ്രെൻ സോവെർബി വിശദീകരിച്ചു. എന്തായാലും അപൂർവ ചിത്രം പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗ്രെൻ ഇപ്പോൾ.