ഏതാണ്ട് 56 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് സ്പെയിനിലെ വാള്‍ഡെകനാസ് തടാകത്തിലെ ജലനിരപ്പുള്ളത്. കൊടും വരള്‍ച്ചയും ഉയര്‍ന്ന താപനിലയുമാണ് ജലനിരപ്പ് ഇത്രയും താഴാന്‍ കാരണമായത്. ജലനിരപ്പ് താഴ്ന്നതോടെ ഇത്രയും വര്‍ഷം പുറം ലോകം കാണാതെ കിടന്ന ഒരു പുരാതന ശിലാനിർമിതി കൂടി വെളിവായിരിക്കുകയാണ്. ഡോള്‍മെന്‍ ഓഫ് ഗ്വാഡാല്‍പെര എന്നറിയപ്പെടുന്ന വൃത്താകൃതയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പറ്റം ഗ്രാനൈറ്റ് കല്ലുകളാണ് 56 വര്‍ഷത്തെ ജലസമാധി മതിയാക്കി പുറത്തേക്കെത്തിയത്.

യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഇക്കുറി അനുഭവപ്പെട്ടത് സര്‍വകാല റെക്കോഡുകളും ഭേദിച്ച ചൂടാണ്. ഈ ചൂടാണ് തടാകം വറ്റിവരളാന്‍ കാരണമായതും. വാള്‍ഡെകനാസ് തടാകത്തില്‍ മുങ്ങിപ്പോയിരുന്ന ഡോള്‍മെന്‍ ഓഫ് ഗ്വാഡാല്‍പെരയെ കുറിച്ച് കേട്ടുകേള്‍വി മാത്രമാണ് രണ്ട് തലമുറയായി പ്രദേശവാസികള്‍ക്കുണ്ടായിരുന്നു. 150 ഗ്രാനൈറ്റ് കല്ലുകള്‍ ഉപയോഗിച്ചാണ് 7000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഡോള്‍മെന്‍ നിർമിച്ചത്. ഇന്നും ഈ 150 ഗ്രാനൈറ്റ് കല്ലുകളും ഇവിടെ കാണാന്‍ സാധിക്കും.

കുത്തനെ സ്ഥാപിച്ച നിലയിലാണ് ഈ കല്ലുകള്‍ കാണപ്പെടുന്നത്. വൃത്താകൃതിയില്‍ കാണപ്പെടുന്ന വിധത്തിലാണ് ഈ കല്ലുകള്‍ അടുക്കിയിരിക്കുന്നത്. വെള്ളത്തിനടിയിലായതോടെ ഇവയില്‍ ഭൂരിഭാഗവും മറിഞ്ഞു വീണിട്ടുണ്ട്. എങ്കിലും വൃത്താകൃതിയിലുള്ള ഈ നിർമിതിയുടെ മധ്യഭാഗമെന്നു കരുതുന്ന പ്രദേശത്തിന് കാര്യമായ കോട്ടം തട്ടിയിട്ടില്ല. മുട്ടയുടെ ആകൃതിയിലുള്ള മധ്യഭാഗത്തിന് ചുറ്റുമുള്ള കല്ലുകള്‍ ഇപ്പോഴും അതേ രീതിയില്‍ തുടരുന്നുണ്ട്. ഏതാണ്ട് 5 മീറ്റര്‍ ചുറ്റളവാണ് ഈ മധ്യഭാഗത്തിനുള്ളത്. നിർമിതിയിലെ ഏറ്റവും ഉയരം കൂടിയ കല്ലുകള്‍ കാണപ്പെടുന്നതും ഈ പ്രദേശത്തിനു ചുറ്റുമാണ്. ശരാശരി 5 അടിയാണ് കൂട്ടത്തിലെ ഏറ്റവും ഉയരമുള്ള കല്ലുകളുടെ വലുപ്പം.

The Dolmen de Guadalpera. Pleonr via Wikimedia Commons

1963 ലാണ് ഡാം നിർമാണത്തെ തുടര്‍ന്ന് തടാകം രൂപപ്പെട്ടതോടെ ഈ ചരിത്ര സ്മാരകം വെള്ളത്തിനടയിലായത്. ടാഗസ് എന്ന നദിക്ക് കുറുകെ നിർമിച്ച ഡാമിന്‍റെ ഭാഗമാണ് ഈ തടാകം. നദീതീരത്തായി നിർമിച്ചിട്ടുള്ള ഈ സ്മാരകം നദിയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നതിനുള്ള സൂചികയാണെന്നു കരുതുന്ന ഗവേഷകരും ഉണ്ട്. ചിലര്‍ സമയം അളക്കാനുള്ള മാര്‍ഗമായാണ് ഈ നിർമിതിയെ വിലയിരുത്തുന്നത്. 

ഊഹാപോഹങ്ങള്‍ ഇങ്ങനെ പലതുണ്ടെങ്കിലും പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുത ഈ നിർമിതി അക്കാലത്ത് ആരുടെയോ ഓര്‍മയ്ക്കായി നിർമിക്കപ്പെട്ടതാണെന്നതാണ്. ഈ കല്ലുകള്‍ക്ക് മുകളില്‍ മേല്‍ക്കൂര പോലൊരു വസ്തു ഉണ്ടായിരുന്നുവെന്നും നിഗമനങ്ങളുണ്ട്. അതേസമയം തന്നെ ഇനിയും ജലനിരപ്പുയര്‍ന്ന് ഈ നിർമിതി വെള്ളത്തിനടിയിലാകും എന്നുറപ്പാണ്. ഇതിന് മുന്‍പായി ഈ നിർമിതി മാറ്റി സ്ഥാപിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഗ്രാനൈറ്റ് ആണെങ്കിലും ബലം കുറവായതിനാല്‍ ഈ കല്ലുകള്‍ ദ്രവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇനിയും വെള്ളത്തിനടിയില്‍ തുടര്‍ന്നാൽ ഈ ചരിത്രസ്മാരകം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.