ജൈവ വൈവിധ്യത്തിലേക്ക് പുതിയ അതിഥി കൂടി. പരൽവർഗത്തിൽ പെട്ട മീനാണ് ജീവജാല കണ്ണിയിലെ പുതിയ അംഗം. തിരുവല്ലയിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. പുണ്ടിയസ് കൈഫസ് എന്നാണ് ശാസ്ത്രീയനാമം. ജേണൽ ഓഫ് എക്സ്പിരിമെന്റൽ സുവോളജി എന്ന പ്രമുഖ ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തിൽ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു. മത്സ്യം ഭക്ഷ്യയോഗ്യമാണെന്നാണ് കണ്ടെത്തൽ. അലങ്കാര മത്സ്യമായും ഉപയോഗിക്കാം.

ആഴം കൂടിയതും ഒഴുക്ക് കുറഞ്ഞതുമായ ജലാശയങ്ങളിലാണ് ഇവയുടെ വാസം. കൊല്ലം ചവറ ഗവ. കോളജ് സുവോളജി വിഭാഗം മേധാവി ഡോ.മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തിയതും ശാസ്ത്രീയ നാമകരണം നടത്തിയതും. പുതിയ മത്സ്യത്തെ മേഘാലയയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. രാജ്യാന്തര ജന്തുശാസ്ത്ര നാമകരണ ഏജൻസിയായ ഇന്റർനാഷനൽ കമ്മിഷൻ ഓഫ് സുവോളജിക്കൽ നോമൻ ക്ലേച്ചറിന്റെ സൂ ബാങ്ക് റജിസ്റ്റർ നമ്പറും മത്സ്യത്തിനുണ്ട്.