സ്കോട്‌ലൻഡിലെ ചതുപ്പുനിലങ്ങളിലും തടാകങ്ങളിലുമെല്ലാം ഒട്ടേറെ കൃത്രിമ ദ്വീപുകളുണ്ട്. നൂറ്റാണ്ടുകൾക്കു മുന്‍പേ നിർമിച്ചവയാണവ. വീടും സംഭരണശാലകളും നിർമിക്കാനും കൃഷിക്കുമെല്ലാമായിരുന്നു ക്രനോഗ് എന്നറിയപ്പെടുന്ന ഇത്തരം ദ്വീപുകള്‍ സ്കോട്‌ലൻഡുകാർ നിർമിച്ചിരുന്നത്. മരത്തടികളും മണ്ണും മണലും പാറയുമെല്ലാം ഒന്നിനു മീതെ ഒന്നായി കെട്ടിയുയർത്തിയായിരുന്നു ദ്വീപുകളുടെ നിർമാണം. കാലക്രമേണ ഇവ ഉറച്ച് തടാകത്തിന്റെ ഭാഗമാവുകയും ചെയ്യും. 

അടുത്തിടെ ലോച് വാ (വാ തടാകം) എന്ന പ്രദേശത്തെ ദ്വീപുകളിലൊന്നിൽ പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുകയായിരുന്നു. വെള്ളത്തിനടിയിലെ ദ്വീപിന്റെ ഭാഗമായ തടികളിലൊന്ന് അവർ കാർബൺ ഡേറ്റിങ്ങിനു വിധേയമാക്കി. ഏകദേശം 750 വർഷം പഴക്കമുള്ളതായിരുന്നു അത്. എന്നാൽ അമ്പരപ്പിക്കുന്ന സംഗതി അതൊന്നുമായിരുന്നില്ല. കഴിഞ്ഞ 750 വർഷമായി വെള്ളത്തിനു ഇത്രയും മുകളിലേക്ക് ഈ തടിക്കഷ്ണം ഒരിക്കൽ പോലും എത്തിയിരുന്നില്ല. അതായത് പതിമൂന്നാം നൂറ്റാണ്ടു മുതൽ വെള്ളത്തിനടിയിലായിരുന്ന ഈ ദ്വീപിന്റെ ‘അടിത്തറ’ പെട്ടെന്നൊരുനാൾ വെള്ളത്തിനു മുകളിലേക്ക് ഉയർന്നു വന്നു. അതും ഇക്കഴിഞ്ഞ മേയിൽ.

വാ തടാകത്തിലെ ദശലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഇതെങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലാണ് ഗവേഷകർ ഇപ്പോൾ അന്തംവിട്ടു നിൽക്കുന്നത്. പ്രദേശത്തെ ഒരു നീരുറവയിൽ നിന്നാണ് തടാകത്തിലേക്ക് വേണ്ട വെള്ളം മുഴുവനും എത്തുന്നത്. ഇതു തടാകത്തിൽതന്നെ കെട്ടി നിർത്തുകയാണു പതിവ്. മറ്റിടങ്ങളിൽ നിന്ന് വെള്ളം ഇവിടേക്ക് എത്തുന്നില്ല, തടാകത്തിൽ നിന്നു വെള്ളം വഴിതിരിച്ചുവിടാൻ കൈവഴികളുമില്ല. എന്നാൽ മേയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് 1.4 മീറ്റർ താഴ്ന്നു. ‘ആരോ ഒരാൾ ഒരു സ്വിച്ചിട്ടപ്പോൾ വെള്ളമെല്ലാം ഊർന്നു പോയതു പോലെ’ എന്നാണു ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. പിന്നെയും രണ്ടു മാസം കഴിഞ്ഞ് ജൂലൈയിലാണ് സാധാരണനിലയിലേക്ക് ജലനിരപ്പ് ഉയർന്നത്. അപ്പോഴും നഷ്ടപ്പെട്ടു പോയ വെള്ളത്തെപ്പറ്റി ആർക്കും ഒരറിവുമില്ല. 

പക്ഷേ സ്കോട്‌ലൻഡിലെ തടാകങ്ങളിലെ കൃത്രിമദ്വീപുകളെപ്പറ്റി പഠിക്കാനുള്ള അപൂർവ അവസരമായാണു പുരാവസ്തു ഗവേഷകർ ഇതിനെ കണ്ടത്. ‘കോളജ് പഠനകാലം മുതൽ ഞാൻ ശ്രദ്ധിച്ചിരുന്ന മേഖലയായിരുന്നു വാ തടാകം. എന്നാൽ അതിനു താഴെ ഒളിച്ചിരിക്കുന്ന ദ്വീപുകളെപ്പറ്റി ഇന്നേവരെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇപ്പോൾ പ്രകൃതി തന്നെ അതിനവസരം തന്നിരിക്കുന്നു’ സ്കോട്ടിഷ് യൂണിവേഴ്സിറ്റീസ് എൻവയോണ്മെന്റൽ റിസർച് സെന്ററിലെ ഡോ.മൈക്കേൽ സ്ട്രാറ്റിഗോസ് പറയുന്നു. ഇത്തരത്തിൽ അപ്രതീക്ഷിതമായ ജലനിരപ്പു താഴൽ കൃത്രിമദ്വീപുകളുടെ നിലനിൽപിനെ എപ്രകാരം ബാധിക്കുമെന്നും ഗവേഷകർ പഠിക്കുന്നുണ്ട്. 

ജലനിരപ്പിൽ നിന്ന് വെറും 15 സെന്റിമീറ്റർ താഴെയുള്ള തടിക്കഷ്ണമാണ് കാർബൺ ഡേറ്റിങ്ങിനു വിധേയമാക്കിയത്. പൂവരശ് മരത്തിന്റെയായിരുന്നു തടി. അതിനാൽത്തന്നെ ബലവും വളരെ കുറവാണ്. അൽപം കൂടി ജലനിരപ്പ് താഴ്ന്നിരുന്നെങ്കിൽ തടിയിലേക്ക് സൂര്യപ്രകാശം പതിക്കുകമായിരുന്നു. ഒപ്പം ഒാളം തല്ലിയും തടി ദുർബലമാക്കപ്പെടാം. തണുത്തുറഞ്ഞ കാലാവസ്ഥയും മരത്തടിയെ ക്ഷയിപ്പിക്കും. എന്നാൽ ഭാഗ്യത്തിന് ജൂലൈ ആയപ്പോഴേക്കും വെള്ളം വീണ്ടും നിറഞ്ഞു. അതിനോടകം സാംപിൾ ശേഖരിച്ചതു കൊണ്ട് പുരാവസ്തു ഗവേഷകർക്കും ആശ്വാസം. പക്ഷേ ഇത്രയേറെ ജലം നഷ്ടപ്പെട്ടതെങ്ങനെയെന്നു കണ്ടെത്തണമെങ്കിൽ പാരിസ്ഥിതിക തലത്തിൽ അന്വേഷണം വേണ്ടിവരും. 

പ്രദേശത്തു വ്യാപകമാകുന്ന കുഴൽക്കിണറുകളെ പഴിചാരുന്നവരുണ്ട്. അതുവഴി നീരുറവകളിലെ ഭൂഗർഭജലം നഷ്ടപ്പെടുന്നുവെന്നാണ് ആശങ്ക. എന്നാൽ കുഴൽക്കിണർ കമ്പനികൾ ഇതു നിഷേധിക്കുന്നു. വാ തടാകത്തിന്റെ നീരുറവയിൽ നിന്ന് ഏകദേശം മൂന്നു മൈൽ അകലെയാണ് കുഴൽക്കിണറുകളെന്നാണ് ഇവരുടെ ന്യായീകരണം. കഴിഞ്ഞ വേനലിലുണ്ടായ ‘ഹീറ്റ് വേവിന്റെ’ തുടർച്ചയായി വന്ന വരൾച്ചയാകാം കാരണമെന്നാണ് സ്കോട്ടിഷ് എൻവയോണ്മെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസി പറയുന്നത്. ഇതിനെത്തുടർന്നു വൻ വിളനഷ്ടവും കാട്ടുതീയുമെല്ലാമുണ്ടായിരുന്നു. ‘വരണ്ട’ മഞ്ഞുകാലവുമായിരുന്നു ഇത്തവണ. കൊടുംചൂട് വീശിയടിക്കുന്ന ഹീറ്റ് വേവ് ഗവേഷകരെ ഏറെ ആശങ്കപ്പെടുത്തുന്നുമുണ്ട്. സ്കോട്‌ലൻഡിന്റെ സംസ്കാരത്തനിമയുടെ ഭാഗമാണ് ക്രനോഗ് ദ്വീപുകൾ. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള മാറ്റങ്ങൾ ഇത്തരം ഘടകങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും പഠിക്കേണ്ട സമയം അതിക്രമിച്ചെന്നും വാ തടാകത്തിലെ ‘ജലം അപ്രത്യക്ഷമാകൽ’ ചൂണ്ടിക്കാട്ടി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.