ചെളി നിറഞ്ഞ തുറന്ന കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒഡിഷയിലെ സുന്ദർഗർ ജില്ലയിലെ ബിർടുല ഗ്രാമത്തിലാണ് സംഭവം നടന്നത്. പൂർണമായും ചെളിവെള്ളത്തിൽ പുതഞ്ഞ നിലയിലായിരുന്നു കാട്ടാന. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആനയെ ചെളിവെള്ളത്തിൽ നിന്നും പുറത്തെത്തിച്ചത്.

വനം വകുപ്പും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്ക്കെത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ‌ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചെളി നിറഞ്ഞ വലിയ കിണറ്റിലാണ് ആന അകപ്പെട്ടത്. രക്ഷപ്പെടാന്‍ കഴിയാതെ വലഞ്ഞ ആന രണ്ടുമണിക്കൂറോളമാണ് വെളളത്തില്‍ കിടന്നത്. രക്ഷപ്പെടാന്‍ കിണഞ്ഞു പരിശ്രമിച്ച ആന ക്ഷീണിതനായാണ് കാണപ്പെട്ടത്. കിണറിന് ചുറ്റും പ്രദേശവാസികളും തടിച്ചുകൂടിയിരുന്നു.

ആനയുടെ വശങ്ങളിലൂടെയും വയറിനടിയിലൂടെയും വലിയ ബൽറ്റുപയോഗിച്ച് വലിച്ചാണ് ആനയെ ചെളിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിൽ കൈകാലുകൾ മുകളിലേക്കുയർത്തി ആന മലർന്നു കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വളരെ പണിപ്പെട്ടാണ് ഇവർ ആനയെ കരയ്ക്കടുപ്പിച്ചത്. പിന്നീട് വശങ്ങളിലൂടെ ബെൽറ്റ് വലിച്ച് ആന നേരെ നിർത്തി. തൊട്ടടുത്തുണ്ടായിരുന്ന മരത്തടിയിൽ പിടുത്തം കിട്ടിയ ആന തുമ്പിക്കൈ ഉപയോഗിച്ച് തടിയിൽ പിടിച്ച് മുട്ടുകുത്തിയാണ് എഴുന്നേറ്റു നിന്നത്. കിണറിനുള്ളിൽ നിന്നും കരയിലെത്തിയ കാട്ടാന രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ ചെളിവെള്ളത്തിലൂടെ കാടിനെ ലക്ഷ്യമാക്കിയോടി മറഞ്ഞു.

കഴിഞ്ഞ ദിവസം ഗ്രാമത്തിലിറങ്ങിയ 18 ആനകളടങ്ങുന്ന ആനക്കൂട്ടത്തിലെ അംഗമായിരുന്നു കിണറിനുള്ളിൽ അകപ്പെട്ട കാട്ടാന. കിണറിനു സമീപം തമ്പടിച്ചിരുന്ന ആനക്കൂട്ടത്തെ വിരട്ടി വിട്ടതിനു ശേഷമായിരുന്നു രക്ഷാപ്രവർത്തനം. ആദ്യം ജെസിബി ഉപയോഗിച്ച് വഴി വെട്ടി കാട്ടാനയെ പുറത്തെത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ ചെളിനിറഞ്ഞ പ്രതലം ഇതിനു തടസ്സമായി. പിന്നീടാണ് ഫയർഫോഴ്സിന്റെ വലിയ റോപ് ഉപയോഗിച്ച് ആനയെ കരയ്ക്കെത്തിക്കാൻ തീരുമാനിച്ചത്. ഏതായാലും കാര്യമായ പരിക്കുകളൊന്നും കൂടാതെ ആനയെ കരയ്ക്കെത്തിച്ചതിന്റെ ആശ്വാസത്തിലാണ് അധികൃതർ.