അമ്മയുടെ സ്നേഹം സമാനതകളില്ലാത്തതാണ്. സ്വന്തം ജീവൻ ത്യജിച്ചും അവർ ഏത് അപകടഘട്ടത്തിലും കുഞ്ഞിന്റെ ജീവൻ കാത്തു സൂക്ഷിക്കാൻ ശ്രമിക്കും. അത് മനുഷ്യരായാലും മൃഗങ്ങളായാലും പക്ഷികളായാലും അങ്ങനെ തന്നെ. എല്ലാ ജീവികൾക്കും സ്വന്തം കുഞ്ഞിന്റെ ജീവൻ വിലപ്പെട്ടതാണ്. അങ്ങനെയൊരു പക്ഷിയുടെ വി‍ഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

രണ്ട് കാക്കകളുടെ പിടിയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന മൈനയുടെ  45 സെക്കൻഡ് ദൈർഖ്യമുള്ള ദൃശ്യങ്ങാണ് വിഡിയോയിലുള്ളത്. കാലുകൾകൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുന്ന മൈനയുടെ കുഞ്ഞിനെ കാക്ക കൊത്തുമ്പോൾ സർവശക്തിയുമെടുത്ത് മൈന തിരിച്ചാക്രമിച്ചു. കാക്കയുടെ പിടിയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ പരമാവധി ശ്രമിച്ചെങ്കിലും തന്നേക്കാൾ വലുപ്പമുള്ള  കാക്കകളുടെ മുന്നിൽ ഏറെനേരം പിടിച്ചുനിൽക്കാൻ ആ അമ്മയ്ക്കു കഴിഞ്ഞില്ല.

പോരുതി തോറ്റ അമ്മ പക്ഷിയും പറക്കമുറ്റാത്ത ആ കുഞ്ഞു മൈനയും ഒടുവിൽ കാക്കകൾക്ക് ആഹാരമായി മാറി. സ്വന്തം കുഞ്ഞിനു വേണ്ടി മരണം വരെ പോരാടിയ ആ അമ്മ പക്ഷിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ നെഞ്ചേറ്റുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.