സൗത്ത് ആഫ്രിക്കയിലെ സാബി സാബി സ്വകാര്യ വന്യജീവി സങ്കേതത്തിൽ സന്ദർശനത്തിനെത്തുവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. കാരണം ഇഷ്ടം പോലെ വന്യജീവികളെ അവടെ കാണാനും അറിയാനും സാധിക്കും എന്നതുതന്നെ. ഒക്ടോബർ ആദ്യം ഇവിടം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് സഫാരിക്കിടയിൽ വീണുകിട്ടിയ ചില ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 22 കാരനായ റോഞ്ചർ ഡായിയേൽ ഹിച്ചിങ്ങിനൊപ്പമായിരുന്നു വിനോദസഞ്ചാരികൾ രാവിലെ പുൽമേട്ടിലൂടെ സഫാരിക്കിറങ്ങിയത്. കാലാവസ്ഥ അത്രയ്ക്ക് അനുകൂലമല്ലായിരുന്നുവെങ്കിലും അമ്പരപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്.

കാടിനുള്ളിലൂടെ കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ തന്നെ ഒരു പുള്ളിപ്പുലി ഇമ്പാലയെ വേട്ടയാടാനായി ഓടിച്ചുകൊണ്ടുവരുന്നത് കണ്ടു. അപ്പോൾ തന്നെ സഫാരി വാഹനം അല്പം അകലെയായി പാർക്ക് ചെയ്ത് വേട്ടയാടൽ ദൃശ്യങ്ങൾ കാണാനൊരുങ്ങി.  എന്നാൽ കുറച്ചു മുന്നോട്ടു വന്നപ്പോഴേക്കും പുള്ളിപ്പുലിക്ക് ഇമ്പാലയിലുള്ള താൽപര്യം അവസാനിച്ചു. കിട്ടിയ സമയത്ത് ഇമ്പാല ജീവനും കൊണ്ടോടി  രക്ഷപെടുകയും ചെയ്തു. പക്ഷേ, കുറച്ചു സമയത്തിനു ശേഷമാണ് പുള്ളിപ്പുലി ഇമ്പാലയെ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമായത്.

തൊട്ടുമുന്നിലുള്ള ഒരു മാളം കണ്ടാണ് പുള്ളിപ്പുലി ഇമ്പാലയിൽ നിന്നുള്ള ശ്രദ്ധതിരിച്ചത്. ആദ്യം മാളത്തിനു ചുറ്റും ഒരു അന്വേഷണം നടത്തി അതിനുള്ളിൽ താൻ പ്രതീക്ഷിക്കുന്ന ഇരയുണ്ടെന്ന് ഉറപ്പുവരുത്തി. പിന്നീടാണ് മാളത്തിൽ പതിയിരിക്കുന്ന കക്ഷി പുറത്തുവുന്നതും കാത്ത്  പുള്ളിപ്പിലി പുറത്തു പതുങ്ങിയിരുന്നത്. ഏറെനേരമൊന്നും പുള്ളിപ്പുലിക്ക് അവിടെ കാത്തിരിക്കേണ്ടി വന്നില്ല. 5 മിനിട്ടിനുള്ളിൽ മാളത്തിനുള്ളിൽ നിന്നും  പുള്ളിപ്പുലി കാത്തിരുന്ന ആളെത്തി. 

കൂറ്റനൊരു കാട്ടുപന്നിയായിരുന്നു മാളത്തിൽ നിന്നും പുറത്തു വന്നത്. അപ്പോൾ തന്നെ പുള്ളിപ്പുലി കാട്ടുപന്നിയെ പിടികൂടുകയും ചെയ്തു. ജീവൻ രക്ഷിക്കാനായി കാട്ടുപന്നിയും പുള്ളിപ്പുലിയും കൂടി പോരാടിയെങ്കിലും പെട്ടെന്നുതന്നെ കാട്ടുപന്നി അടിയറവു പറഞ്ഞു. എന്നാൽ ഇതിനിടയിലായിരുന്നു വമ്പൻ ട്വിസ്റ്റ് നടന്നത്. 

കാട്ടുപന്നിയെ ഇരയാക്കുമെന്നുറപ്പിച്ച സമയത്തായിരുന്നു കഴുതപ്പുലിയുടെ മാസ് എൻട്രി. അല്ലെങ്കിലും മറ്റുള്ളവർ കഷ്ടപ്പെട്ടു പിടിച്ച ഇരയെ തട്ടിയെക്കുകയെന്നത് കഴുതപ്പുലികളുടെ ഹോബിയാണല്ലോ? അതുതന്നെ ഇവിടെയും സംഭവിച്ചത്. എന്നാൽ സംഭവസ്ഥലത്തേക്കെത്തുന്ന കഴുതപ്പുലിയെ കണ്ടതോടെ ഒരു നിമിഷത്തേക്ക് പുള്ളിപ്പുലി കാട്ടുപന്നിയുടെ മേലുള്ള പിടുത്തം വിട്ടു. ഈ ഒരൊറ്റ നിമിഷം മതിയായിരുന്നു കാട്ടുപന്നിക്ക് വിനിയോഗിക്കാൻ. പുള്ളിപ്പുലിയുടെ പിടിയിൽ നിന്നും ചാടിയെഴുന്നേറ്റ് ആ പാവം ജീവനും കൊണ്ടോടി മറഞ്ഞു. 

മൃഗങ്ങൾ വേട്ടായാടുന്ന ദൃശ്യങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ദൃശ്യത്തിനു സാക്ഷ്യം വഹിക്കുന്നത് ആദ്യമായാണെന്ന് വിനോദസഞ്ചാരികൾ വ്യക്തമാക്കി. രാവിലെ തന്നെ രണ്ട് ഇരകളെയും നഷ്ടമായ പുള്ളിപ്പുലി അപ്പോൾ തന്നെ സ്ഥലം കാലിയാക്കി. എന്തായാലും കാട്ടുപന്നിയുടെ രക്ഷകന്റെ റോളാണ് ഇപ്പോൾ കഴുതപ്പുലിക്ക്. കാരണം തക്കസമയത്ത് കഴുതപ്പുലി അവിടെത്തിയതു കൊണ്ടാണല്ലോ പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് കാട്ടുപന്നി രക്ഷപെട്ടത്.

English Summary: Hyena Saves Warthog from Leopard