സമുദ്രത്തിലെ ഏറ്റവും ആക്രമണകാരിയായ ജീവികളാണ് കൊലയാളി സ്രാവുകൾ അഥവാ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് . ഏത് ജീവിയേയും കൂസാതെ ആക്രമിച്ച് വേട്ടയാടുന്ന കൊലയാളി സ്രാവുകള്‍ വേഗതയുടെ കാര്യത്തിലും മണം പിടിക്കുന്നതിലും, വന്യതയിലുമെല്ലാം ഒന്നിനൊന്നു മുന്‍പിലാണ്. എന്നാല്‍ സമുദ്രം അടക്കി വാഴുന്നുവെന്ന് വിശേഷിപ്പിക്കുന്ന കൊലയാളി സ്രാവുകള്‍ പോലും ഭയക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഈ നിരീക്ഷണം ശരിയാണെന്ന് തെളിയിക്കുന്നതാണ് വേട്ടക്കാരെ ഭയന്നു രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരു കൊലയാളി സ്രാവിന്റെ ദൃശ്യങ്ങള്‍.

ഓര്‍ക്ക തിമിംഗലങ്ങള്‍

കൊലയാളി തിമിംഗലങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഓര്‍ക്ക തിമിംഗലങ്ങളാണ് കൊമ്പന്‍ സ്രാവുകള്‍ പോലും ഭയപ്പെടുന്ന കടലിലെ ഭീകരന്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ തീരത്തിന് സമീപത്ത് നിന്നും ചിത്രീകരിച്ച ഈ ദൃശ്യത്തിൽ സ്രാവുകളെ തുരത്തുന്നത് ഓര്‍ക്ക തിമിംഗലങ്ങളാണ്. സീലുകള്‍ നിറഞ്ഞ മോസല്‍ ബേയിലെ ഓരു ദ്വീപിനു സമീപത്താണ് സംഭവം നടന്നത്. സീലുകളെ വേട്ടയാടാനെത്തിയ കൊമ്പൻ സ്രാവുകൾ കൊലയാളി തിമിംഗലങ്ങളുടെ വരവോടെ സ്ഥലം കാലിയാക്കി. ഇങ്ങനെ ഒരേ ഇരകളുടെ പേരില്‍ മാത്രമല്ല കൊലയാളി സ്രാവുകളും ഓര്‍ക്കകളും തമ്മില്‍ പോരാട്ടമുണ്ടാകുന്നത്. മറിച്ച് പലപ്പോഴും ഓര്‍ക്കകള്‍ തന്നെ കൂട്ടമായി സ്രാവുകളെയും വേട്ടയാടാറുണ്ട്.

സ്രാവ് നിരീക്ഷകമായ എല്‍ട്ടണ്‍ പോളി ചിത്രീകരിച്ചിരിച്ച വിഡിയോയിലാണ് സ്രാവുകളെ ഓര്‍ക്കകള്‍ തുരത്തുന്നത് വ്യക്തമായി കാണാനാകുക. ഓര്‍ക്കകള്‍ ഇടയ്ക്കിടെ ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനു മുകളിലേക്കുമെത്തുന്നുണ്ടെങ്കിലും, സ്രാവിന്‍റെ കൊമ്പ് മാത്രമാണ് പുറത്തു കാണാനാകുക .ഓര്‍ക്കകളുമായി നേര്‍ക്കു നേര്‍ വരുന്ന അവസ്ഥ ഉണ്ടായാല്‍ സ്രാവുകള്‍ സ്ഥലം കാലിയാക്കുകയാണ് പതിവെന്ന് എല്‍ട്ടണ്‍ പോളി വ്യക്തമാക്കി. ഒറ്റയ്ക്കാണെങ്കിൽ ഓര്‍ക്കകളേക്കാള്‍ കരുത്തും വേഗതയും സ്രാവുകള്‍ക്കാണ്. പക്ഷേ ഓര്‍ക്കകള്‍ കൂട്ടത്തോടെ സഞ്ചരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ജീവികളാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് മുന്നില്‍ സ്രാവുകള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.

എന്താണ് സ്രാവുകളുടെ പേടിക്ക് പിന്നില്‍

കലിഫോര്‍ണിയ തീരത്ത് മുന്‍പ് നടത്തിയ പഠനത്തിലും ഇത്തരത്തില്‍ ഓര്‍ക്കകളെ അമിതമായി ഭയപ്പെടുന്ന കൊമ്പന്‍ സ്രാവുകളുടെ ശീലം ശ്രദ്ധയില്‍ പെട്ടിരുന്നു. സമാനമായ സാഹചര്യം ഫാലന്‍ ദ്വീപുകളിലുമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഫാലന്‍ ദ്വീപ് മേഖല സീലുകളുടെ വിഹാര കേന്ദ്രമാണ്. ഈ സമയത്ത് സീലുകളെ വേട്ടയാടാന്‍  സ്രാവുകള്‍ കൂട്ടത്തോടെയെത്താറുണ്ട്. എന്നാല്‍ ഓര്‍ക്കകളും ഇവിടേക്ക് സീലുകളെ വേട്ടയാടാനെത്തിയാല്‍ പിന്നെ സ്രാവുകളുടെ പൊടി പോലും കാണാന്‍ കഴിയില്ല.

ഓര്‍ക്കകളുമായി നേര്‍ക്കുനേര്‍ കാണേണ്ട ഒരു സ്ഥിതി വന്നാല്‍ പിന്നെ സ്രാവുകള്‍ എത്രയും പെട്ടെന്ന് ആ പ്രദേശത്ത് നിന്ന് അപ്രത്യക്ഷമാകും. രണ്ട് പതിറ്റാണ്ടായി സ്രാവുകളെ നിരീക്ഷിക്കുന്ന ഗവേഷകന്‍ സാല്‍വദോര്‍ ജോര്‍ജെന്‍സന്‍ പറയുന്നു. കടലിലെ ഏറ്റവും ഭീകരനായ വേട്ടക്കാരാണ് സ്രാവുകള്‍ എന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ഈ കണ്ടെത്തല്‍. വേട്ടക്കാരെ വേട്ടയാടുന്ന സ്ഥിതി വിശേഷമാണ് ഓര്‍ക്കകള്‍ സ്രാവുകളെ കാണുമ്പോള്‍ സംഭവിക്കുക. സ്രാവുകളില്‍നിന്ന് വ്യത്യസ്തമായി കൂട്ടത്തോടെ ആക്രമിക്കുന്നവരാണ്  ഓര്‍ക്കകള്‍. അതുകൊണ്ട് തന്നെ ഓര്‍ക്കകള്‍ ആക്രമിച്ചാല്‍ ഓടിരക്ഷപ്പെടുകയോ മരണത്തിനു കീഴടങ്ങുകയോ അല്ലാതെ സ്രാവുകള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല

എന്നാല്‍ ഈ വേട്ടക്കാര്‍ വേട്ടയാടപ്പെടുമ്പോള്‍ അത് സമുദ്രത്തിലെ ഭക്ഷ്യശൃംഖലയെ തന്നെ ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് ഫാലന്‍ ദ്വീപ് മേഖലയില്‍ സ്രാവുകള്‍ സീലുകളെ വേട്ടയാടുന്നതിനിടെ ഓര്‍ക്കകളെത്തിയാല്‍ ഈ വേട്ട മുടങ്ങും. ഇങ്ങനെയുള്ള വര്‍ഷങ്ങളില്‍ ഈ മേഖലയിലെ എലിഫന്‍റ് സീലുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വരെ വർധനവുണ്ടാകാറുണ്ട്. 

സ്രാവുകളിലെ പഠനം

കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ഫാലിനോസ് മറൈന്‍ ദേശീയ പാര്‍ക്കില്‍ സ്രാവുകളും ഓര്‍ക്കകളുമായി നടന്ന നാല് ഏറ്റുമുട്ടലുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കുകയുണ്ടായി. ഇവ നാലും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ്. ഗവേഷകര്‍ ടാഗ് ചെയ്തിരുന്ന 165 സ്രാവുകളാണ് ഈ മേഖലയിലുണ്ടായിരുന്നത്. മറ്റ് സ്രാവുകള്‍ക്കൊപ്പം ഓര്‍ക്കളുടെ സാന്നിധ്യം മണത്തറിഞ്ഞതോടെ ഈ സ്രാവുകളും സ്ഥലം കാലിയാക്കിയതായി ഗവേഷകര്‍ പറയുന്നു. 

2006 മുതല്‍ 2013 വരെയുള്ള സ്രാവുകളുടെ സഞ്ചാരപഥവും, വേട്ടയാടുന്ന പ്രദേശങ്ങളും ഗവേഷകര്‍ ഓര്‍ക്കകള്‍ വരുമ്പോഴുള്ള സ്രാവുകളുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തി. ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായാല്‍ പിന്നെ അതുവരെ പിന്തുടരുന്ന സഞ്ചാര പഥമോ സ്ഥിരമായി വേട്ടയാടുന്ന പ്രദേശങ്ങളോ പിന്നീട് അടുത്ത കുറച്ചു വര്‍ഷങ്ങളിലേക്ക്  സ്രാവുകള്‍ സന്ദര്‍ശിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് 27 വര്‍ഷമായി സ്ഥിരമായി കുടിയേറിയ പ്രദേശത്ത് നിന്നു പോലും സ്രാവുകള്‍ അകന്ന് നിന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. 

സ്രാവുകളെ ഓര്‍ക്കകള്‍ ഭക്ഷണമാക്കാറുണ്ടോ ?

ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. സ്രാവുകളെ ഓര്‍ക്കകള്‍ വേട്ടയാടുന്നുണ്ടെന്ന് വ്യക്തമായെങ്കിലും ഇങ്ങനെ കൊല്ലുന്ന സ്രാവുകളെ ഓര്‍ക്കകള്‍ ഭക്ഷിക്കുന്നു എന്നതിന് തെളിവു ലഭിച്ചിട്ടില്ല. ഓര്‍ക്കകള്‍ സ്രാവുകളെ ഭക്ഷിക്കുന്നതായി വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇതിലധികം സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കകളെ സ്രാവുകള്‍ ഭക്ഷിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയൊന്നും ഏതെങ്കിലും വേട്ടയാടലിന്‍റെ ഭാഗമായിരുന്നു എന്നു കരുതാനാകില്ല. ഒരു പക്ഷേ ഓര്‍ക്കകള്‍ കൂട്ടത്തോടെ സ്രാവുകളെ ആക്രമിക്കുന്നത് അധികാര സ്ഥാപനത്തിന്‍റെ ഭാഗമായിരിക്കാമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം. എന്നാൽ ഇക്കാര്യം അടുത്തു നിന്നുള്ള നിരീക്ഷണത്തിലൂടെ മാത്രമേ സംശയരഹിതമായി പരിഹരിക്കാനാകൂ.

English Summary: Orcas Chasing Off The Ocean's Most Terrifying Predator