പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കെനിയയിലെ മാസായ് മാറയിൽ നിന്നുള്ളതാണ് ഈ നടുക്കുന്ന ദൃശ്യങ്ങൾ. സമീപത്തുണ്ടായിരുന്ന ഇമ്പാലയായിരുന്നു പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും ആദ്യ ലക്ഷ്യം. പിന്നീടാണ് പെരുമ്പാമ്പ് പുള്ളിപ്പുലിയെ  ലക്ഷ്യമിട്ടത്. ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ടതായിരുന്നു കൂറ്റൻ പെരുമ്പാമ്പ്.

പെരുമ്പാമ്പിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ അടിപതറിയ പുള്ളിപ്പുലിയെ വരിഞ്ഞുമുറുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു ഘട്ടത്തിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് പുള്ളിപ്പുലിക്ക് രക്ഷപെടാനാകുമോയെന്നും സംശയമുണ്ടായിരുന്നു. എന്നാൽ കൂർത്ത പല്ലുകളും നഖങ്ങളുമുപയോഗിച്ച് പെരുമ്പാമ്പിന്റെ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച പുള്ളിപ്പുലി ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത്. കുതറിമാറിയ പുള്ളിപ്പുലി ഞൊടിയിടയിൽ പെരുമ്പാമ്പിന്റെ തലയിൽ കടിച്ചു കുടഞ്ഞ് അതിന്റെ കഥ കഴിച്ചു.

മാസായ് മാറയിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന മൈക്ക് വെൽട്ടനാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ആദ്യം വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്നവർ കരുതിയത് പുള്ളിപ്പുലിയെ കൂറ്റൻ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി കൊല്ലുമെന്നായിരുന്നു. യുഎസ്എ സ്വദേശികളായ വിനോദ സഞ്ചാരികളുടെ സംഘമാണ് ഈ അപൂർവ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. നവംബർ 19 ന് പുറത്തുവിട്ട ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: | Leopard And Python Caught In A Death Match