വിഷപ്പാമ്പുകളായ അണലിയും മൂർഖൻ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്തെത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ്. പാമ്പുകടിയേറ്റുള്ള അപകട മരണങ്ങൾ തുടർച്ചയായി വാർത്തകളിൽ നിറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ. നവംബർ മുതൽ ജനുവരി  വരെയാണ് വിഷപ്പാമ്പുകളുടെ ഇണചേരൽ സമയം. ഈ സമയം പാമ്പുകളേറെ കാണപ്പെടുന്നതിനാൽ ആളുകൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി ഇന്നലെ മാത്രം പിടികൂടിയത് നാല് അണലികളെയും ഒരു രാജവെമ്പാലയേയുമാണ്.  ഗവൺമെന്റ് യുപി സ്കൂളിൽ പാമ്പുകളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സെടുക്കുന്നതിനിടയിലാണ് കൊല്ലം ജില്ലയിലെ അഞ്ചലിൽ ഒരു വീടിന്റെ പരിസരത്ത് അണലികളെ കണ്ടെന്നു പറഞ്ഞ് ഫോൺ സന്ദേശമെത്തിയത്. അഞ്ചൽ വിളക്കുപാറ ഇള്ളവറാംകുഴിയിൽ ശ്രീജിത്തിന്റെ വീടിന്റ പരിസരത്താണ് അണലികളെ കണ്ടത്. ഇണചേരുന്നതിനിടയിലാണ് ഇവയെ പിടികൂടിയത്. ഏകദേശം മൂന്ന് വയസ്സോളം പ്രായമുള്ള ആൺ-പെൺ അണലികളെയാണ് പിടികൂടിയത്. ഇവിടെത്തന്നെ ശാന്തിനഗറിൽ ഒരു വീടിന്റെ മുറ്റത്തുനിന്ന് മറ്റൊരു അണലിയേയും പിടികൂടി.

തിരുവനന്തപുരത്തെ കടലോര ഗ്രാമമായ മരിയനാടു നിന്നാണ് അടുത്ത അണലിയെ പിടികൂടിയത്. ഇവിടെയൊരു വീടിന്റെ മേൽക്കൂരയിലാണ് അണലി പതുങ്ങിയിരുന്നത്. സാധാരണയായി അണലികൾ വീടിനു മുകളിൽ കയറാറില്ല. ഇതാദ്യമായാണ് വീടിനു മുകളിൽ നിന്ന് ഒരു അണലിയെ പിടികൂടിയതെന്നും വാവ സുരേഷ് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് 173–ാമത്തെ രാജവെമ്പാലയും പിടിയിലായത്. കൊല്ലം ജില്ലയിലെ ആര്യൻകാവിനടുത്ത് ഹാരിസൺ മലയാളത്തിന്റെ കാപ്പിത്തോട്ടത്തിൽ നിന്നാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. കാപ്പിമരത്തിൽ ചുറ്റിയിരിക്കുന്ന നിലയിലാണ് ഇതിനെ കണ്ടെത്തിയത്. പാമ്പുകളേറെയും പുറത്തിറങ്ങി നടക്കുന്ന സമയമായതിനാൽ ജനങ്ങൾ വേണ്ട മുൻകരുതലെടുക്കണം.

ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.

പാദരക്ഷകളും ഷൂസും ഹെൽമറ്റും ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

പാദരക്ഷകൾ വീടിനോടു ചേർന്ന് കൂട്ടിയിടരുത്.

വീടിന്റെ പരിസരത്ത് വിറകുകൾ കൂട്ടിയിടരുത്. വിറകുകൾ ചാരിവയ്ക്കാൻ ശ്രദ്ധിക്കണം.

നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം

സന്ധ്യാസമയങ്ങളിൽ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുൻവാതിലുകളും പിൻവാതിലുകളും തുറന്നിടുകയോ ചെയ്യരുത്.

തോട്ടം തൊഴിലാളികളും മറ്റും പ്ലാസ്റ്റിക്  കയ്യുറകളും മുകൾ ഭാഗം മൂടിയ പാദരക്ഷകളും മറ്റും ധരിച്ചു മാത്രമേ ജോലിക്കിറങ്ങാവൂ.

പുലർച്ചെ റബർ ടാപ്പിങ്ങിനിറങ്ങുന്നവർ ബൂട്ട് ധരിച്ച് പുറത്തിറങ്ങാൻ ശ്രദ്ധിക്കണം.

പുലർച്ചെയും സന്ധ്യാസമയങ്ങളിലും കാൽനടയായി സഞ്ചരിക്കുന്നവർ നിലത്ത് അമർത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.