പാമ്പുകള്‍ക്കിടയിലെ രാജാവാണ് രാജവെമ്പാല. ഇവയുടെ അസാധാരണമായ വലുപ്പവും മറ്റു പാമ്പുകളെ ആഹാരമാക്കുന്ന ശീലവുമെല്ലാമാണ് ഈ പേരു വരാൻ കാരണം. അപ്പോൾ ഈ പാമ്പുകളെ പിടിച്ച് റെക്കോർഡ് സൃഷ്ടിക്കുന്ന വാവ സുരേഷിനെ എന്തു വിളിക്കണം എന്ന സംശയത്തിലാണ് കേരളത്തിലെ ജനങ്ങൾ. 175ാം രാജവെമ്പാലയെയും പിടിച്ചാണ് വാവ സുരേഷ് മുന്നേറുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടികൂടിയതിന്റെ സന്തോഷവും ഇദ്ദേഹം വിഡിയോയിലൂടെ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിന്റെ ‍ഡിസ്പൻസറിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ജനുവരി 5നാണ് ഇവിടെ നിന്നും രാജവെമ്പാലയെ കണ്ടെന്ന ഫോൺ സന്ദേശമെത്തിയത്. ഇവിടെയെത്തിയ വാവ സുരേഷ് വരാന്തയിൽ ചാരി വച്ചിരുന്ന ബോർഡിന്റെ പിന്നിൽ നിന്നാണ് പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്. 12 അടിയിലേറെ നീളമുണ്ടായിരുന്നു പെൺ രാജവെമ്പാലയ്ക്ക്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.

Image Credit: Facebook

വലുപ്പത്തില്‍ രാജവെമ്പാലയെ മറികടക്കുന്ന രണ്ടേരണ്ടു പാമ്പുകളേ ലോകത്തുള്ളൂ. പെരുമ്പാമ്പും അനക്കോണ്ടയും. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളിലുമാണ് രാജവെമ്പാലയെ കൂടുതലായും കണ്ടു വരുന്നത്.

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും.  എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.

English Summary: Vava Suresh Catching 175 th Kingcobra at Konni