ഓസ്ട്രേലിയയിലെ കൊടും വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റൽ തായ്‌പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലെയിലാണ് സംഭവം നടന്നത്. ഇവിടെയൊരു വീട്ടിൽ തായ്പാൻ വിഭാഗത്തിലുള്ള പാമ്പിനെ കണ്ടെന്ന വിവരമനുസരിച്ചാണ് പാമ്പു പിടിത്ത വിദഗ്ധനായ ജാമി ചാപൽ സംഭവസ്ഥലത്തേക്ക് തിരിച്ചത്. എന്നാൽ പാതി വഴിയെത്തിയപ്പോഴേക്കും വീണ്ടും ഫോൺ സന്ദശമെത്തി. വീടിനു സമീപം കണ്ടെത്തിയ വിഷപ്പാമ്പിനെ തവള വിഴുങ്ങിത്തുടങ്ങിയെന്ന് വീട്ടുകാർ അറിയിച്ചു.

ജാമി ചാപൽ അവിടെയെത്തിയപ്പോഴേക്കും 20–25 സെന്റീമീറ്റർ നീളമുള്ള കോസ്റ്റൽ തായ്പാൻ പാമ്പിന്റെ തല മാത്രമാണ് കാണാനുണ്ടായിരുന്നത്. പാമ്പിന്റെ മുക്കാൽ ഭാഗത്തോളം ഗ്രീൻ ട്രീ ഫ്രോഗ് വിഭാഗത്തിൽ പെടുന്ന തവള വിഴുങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴും പാമ്പിന് ജീവനുണ്ടായിരുന്നു. പാമ്പിനെ രക്ഷിക്കാമെന്നു കരുതിയാണ് ചാപൽ വേഗം സംഭവസ്ഥലത്തേക്കെത്തിയത്. എന്നാൽ അപ്പോഴേക്കും തവള പാമ്പിനെ അകത്താക്കിയിരുന്നു. തവളയെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ തന്റെ ജോലി കഴിഞ്ഞിട്ടില്ലെന്ന് ചാപൽ മനസ്സിലാക്കി. തവളയുടെ ശരീരത്തിൽ വിഷപ്പാമ്പ് കടിച്ചതിന്റെ പാടുകളുണ്ടായിരുന്നു.

തവള ഉടൻ ചാകുമെന്നും ജീവനോടെ അകത്താക്കിയ വിഷപ്പാമ്പിനെ തവള ഛർദ്ദിക്കുമെന്നുമുള്ള കണക്കൂട്ടലിൽ ചാപൽ കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.ചാപൽ തവളയുമായി തിരികെ വീട്ടിലേക്ക് പോന്നു. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം തവളയ്ക്ക് അല്പം നിറവ്യത്യാസമുണ്ടായതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ചാപൽ വ്യക്തമാക്കി.

പാമ്പിന്റെ വിഷം എങ്ങനെയാണ് തവളയുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നറിയാൻ കാത്തിരിക്കുകയാണ് ചാപൽ. തവളയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ല.തവളകൾ ചെറിയ പാമ്പുകളെയൊക്കെ ഭക്ഷണമാക്കാറുണ്ടെങ്കിലും വിഷപ്പാമ്പിനെ ജീവനോടെ വിഴുങ്ങുന്നത് അത്യപൂർവമാണെന്നും ചാപൽ വ്യക്തമാക്കി.

English Summary: Queensland snake catcher finds green tree frog devouring deadly coastal taipan