മരത്തിനു മുകളിലൂടെ ഇഴഞ്ഞുനീങ്ങി പൊത്തിലിരുന്ന തവളയെ പിടിച്ചു ഭക്ഷിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. പെയ്ന്റഡ് ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പാണ് തവളയെ ഇരയാക്കിയത്. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും  സാധാരണയായി കാണപ്പെടുന്ന പാമ്പാണിത്. മരച്ചില്ലകളിലും കുറ്റിച്ചെടികളിലുമൊക്കെയാണ് ഇവയുടെ വാസം.

മരത്തിലൂടെ സാവാധാനം ഇഴഞ്ഞുവന്ന് അതിനു നടുവിലുള്ള പൊത്തിലേക്ക് തലകടത്തി പാമ്പ് തവളയെ പിടിക്കുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. പൊത്തിൽ നിന്നും തവളയുമായി പുറത്തെത്തിയ പാമ്പ് അതിനെ വിഴുങ്ങിയ ശേഷം സാവധാനം മരത്തിലൂടെ താഴേക്ക് ഇഴഞ്ഞിറങ്ങി പൊന്തക്കാടിനുള്ളിൽ മറഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വിഷമില്ലാത്തയിനം പാമ്പാണിത്. ഡെൻഡ്രെലാഫിസ് വിഭാഗത്തിൽ പെട്ട പാമ്പുകളാണിവ. ഉവയുടെ ശരീരത്തിന് ഇരുണ്ട തവിട്ടു നിറമാണുള്ളത്. മെലിഞ്ഞു നീണ്ട ഈ പാമ്പുകൾക്ക് ഏകദേശം ഒരു മീറ്ററോളം നീളമുണ്ടാകും. പല്ലി, ഓന്ത്, തവള ഇവയൊക്കെയാണ് ഈ ഗണത്തിൽപെട്ട പാമ്പുകളുടെ പ്രധാന ഭക്ഷണം. 

English Summary: Painted Bronzeback Tree Snake Snacks on a Frog