കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാരെല്ലാം ഒരേപോലെയാണ്. അത് മനുഷ്യരായാലും മൃഗങ്ങളായാലും എന്തിനേറെ പറയുന്നു പക്ഷികളായാലും സ്വന്തം കുഞ്ഞ് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. കുഞ്ഞുങ്ങൾ ഏതെങ്കിലും അപകടത്തിൽ അകപ്പെട്ടാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അമ്മമാർ പോരാടും. കാടുകളിൽ അമ്മമാർ ഇരതേടുന്ന സമയത്ത് കുഞ്ഞുങ്ങളെ ശത്രുക്കൾ പതിയിരുന്ന് ആക്രമിക്കുന്നത് പതിവാണ്. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ക്രൂഗർ ദേശീയ പാർക്കിൽ നിന്നും പുറത്തുവരുന്നത്.

കേപ് കോബ്ര അഥവാ യെല്ലോ കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ പാമ്പും ഗ്രൗണ്ട് സ്ക്വിറൽ വിഭാഗത്തിൽ പെടുന്ന അണ്ണാനും തമ്മിലാണ് ഇവിടെ ജീവൻമരണ പോരാട്ടം നടന്നത്. സമീപത്തെ മാളത്തിലുള്ള കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു കൂറ്റൻ വിഷപ്പാമ്പുമായി അണ്ണാൻ‌ കടുത്ത പോരാട്ടം നടത്തിയത്. വിഷപ്പാമ്പിനെ ധൈര്യത്തോടെയാണ് അണ്ണാൻ നേരിട്ടത്. പല ഘട്ടങ്ങളിലും പാമ്പ് അണ്ണാനെ ആഞ്ഞു കൊത്തുന്നുണ്ടായിരുന്നു. ഇതൊക്കെയും മികച്ച അഭ്യാസിയെപ്പോലെ വഴുതിമാറി അണ്ണാൻ നേരിട്ടു. ചിലപ്പോൾ വാലറ്റം വിടത്തി പാമ്പിനു നേരെ തിരിയുന്നതും ശരീരം മണലിൽ ചേർന്നു കിടന്ന് കാലുകൾ കൊണ്ട് ശരീരത്തിലേക്ക് മണ്ണ് തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സഫാരി ഗൈഡായ ഡേവ് പ്യൂസെയാണ് അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.  അണ്ണാനെയും മാളത്തിലുള്ള കുഞ്ഞുങ്ങളെയും കൂറ്റൻ വിഷപ്പാമ്പ് അകത്താക്കുമെന്നാണ് ഡേവും ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരികളും കരുതിയത്. എന്നാൽ അവർ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു ആ അമ്മയുടെ കരുത്ത്. മാളത്തിനരികിലേക്ക് പാമ്പ് എത്തുന്നത് തടയാൻ തന്നെക്കൊണ്ട് കഴിയാവുന്നതിനുമപ്പുറം ആ അമ്മ അണ്ണാൻ ശ്രമിച്ചു. അരമണിക്കൂറിലധികം പോരാട്ടം തുടർന്നു. ഒടുവിൽ അമ്മയണ്ണാന്റെ പോരാട്ടത്തിനു മുൻപിൽ തോൽവി സമ്മതിച്ച മൂർഖൻ പാമ്പ് സമീപത്തുകണ്ട മാളത്തിലേക്ക് ഇഴഞ്ഞിറങ്ങി. ജീവിതത്തിൽ ആദ്യമായാണ് താൻ ഇത്തരമൊരു ദൃശ്യം കാണുന്നതെന്ന് ഡേവ് പ്യൂസെ വ്യക്തമാക്കി. ക്രൂഗർ ദേശീയപാർക്ക് യൂട്യൂബിലൂടെ പങ്കുവച്ച ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

English Summary: Squirrel Battles Cobra to Protect Her Babies