ചിത്രങ്ങൾ: ബിജു കാരക്കോണം

പ്രകൃതി സംരക്ഷണത്തിനായി പുതിയ തലമുറയ്ക്കു മുന്നില്‍ നിരന്തരം ‘ബെറ്റ്’ വയ്ക്കുന്നയാളാണ് ഫൊട്ടോഗ്രഫി ജീവിതമാക്കിയ ബിജു കാരക്കോണം. ബിജുവിന്റെ 'ബെറ്റി'ല്‍ ആര്‍ക്കും തോല്‍വിയില്ല, എല്ലാവര്‍ക്കും ജയമേ ഉള്ളൂവെന്നതാണ് പ്രത്യേകത. കാരണം ശലഭങ്ങളെയും തേനീച്ചകളെയും (B)  ആനയെയും (E) കടുവയെയും (T) സംരക്ഷിച്ചുകൊണ്ടുള്ള നല്ലൊരു നാളെ എന്നതാണ് ബിജുവിന്റെ ‘ബെറ്റ്, ഫോര്‍ ബെറ്റര്‍ വേള്‍ഡ്’ എന്ന ആശയം.

യാത്രകളോടും പ്രകൃതിയോടുമുള്ള ഇഷ്ടമാണ് ബിജു കാരക്കോണത്തെ പ്രകൃതിസ്നേഹിയും പിന്നീട് ഫൊട്ടോഗ്രഫറുമാക്കിയത്. സൃഹൃത്ത് പ്രസാദിന്റെ സ്റ്റുഡിയോ ആയിരുന്നു ഫൊട്ടോഗ്രഫിയുടെ ആദ്യ പഠിപ്പുര. പിന്നീട് യാത്രകളില്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു മിനോള്‍ട്ട ഓട്ടോ ഫോക്കസ് ഫിലിം ക്യാമറയും കൂട്ടുവന്നു. ഈ ക്യാമറയുടെ വ്യൂഫൈന്‍ഡറിലൂടെയാണ് ബിജു കാരക്കോണം വന്യജീവി ഫൊട്ടോഗ്രഫിയുടെ ആദ്യ പാഠങ്ങള്‍ കാണുന്നത്. 

Image Credit: Biju Karakkonam

അയ്യോ, ആന!

25 വര്‍ഷം മുമ്പ് ഓട്ടോ ഫോക്കസ് ക്യാമറയില്‍ എടുത്ത ആദ്യത്തെ ആനയുടെ ചിത്രം

ഗൂഡല്ലൂരിനടുത്തുള്ള പന്തല്ലൂരില്‍ വെച്ചായിരുന്നു ആദ്യത്തെ കാട്ടാന അനുഭവം. ആനയെ കാണാനുള്ള ആവേശത്തില്‍ കാപ്പിത്തോട്ടത്തിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കുകയായിരുന്നു. മരക്കമ്പുകള്‍ ഒടിക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ ആദിവാസികള്‍ വിറകു ശേഖരിക്കുന്നതാണ് കണ്ടത്. മുന്നോട്ടു നടന്നപ്പോള്‍ വീണ്ടും മരക്കമ്പുകള്‍ ഒടിയുന്ന ശബ്ദം. കരുതിയത് ആദിവാസികളെന്നു തന്നെ. പക്ഷേ ഇത്തവണ മുന്നിലെത്തിയത് കാട്ടാനകളുടെ കൂട്ടം.

‘അയ്യോ, ആന...’ എന്ന നിലവിളിക്കൊപ്പം കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ ഓടി. എന്നാല്‍, അന്ന് ഉള്ളു കിടുങ്ങിയിട്ടും ആനകളുടെ ചിത്രമെടുത്തിട്ടേ ബിജു തിരിച്ചുവന്നുള്ളൂ. അന്നെടുത്ത പല ചിത്രങ്ങളുടെയും ഫോക്കസും ഫ്രെയിമുമൊക്കെ മാറിപ്പോയിരുന്നു. എങ്കിലും വന്യജീവി ഫൊട്ടോഗ്രഫറെന്ന നിലയിലുള്ള പ്രശംസ ആദ്യമായി നേടിത്തന്നതും അതിലെ ചില ചിത്രങ്ങളായിരുന്നു. ഇത്തരം അനുഭവങ്ങളാണ് ബിജുവിന്റെ പിന്നീടുള്ള യാത്രകള്‍ക്ക് ഊര്‍ജമായത്.

പിന്നീട് കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകള്‍. ഇതില്‍ കശ്മീർ യാത്രയും ഭൂട്ടാന്‍ വരെയെത്തിയ കാര്‍ യാത്രയും സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവങ്ങള്‍. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ കൊല്‍ക്കത്തയും അവിടുത്തെ ജീവിതവുമാണ് ഏറ്റവും കൂടുതല്‍ ഉള്ളുലച്ചിട്ടുള്ളത്. കാടിനെ അറിഞ്ഞുകൊണ്ടുള്ള, പ്രകൃതിയിലേക്കുള്ള യാത്രകള്‍ മനുഷ്യനെ കൂടുതല്‍ വിനീതരാക്കുമെന്നു ബിജു പറയുന്നത് അനുഭവം കൊണ്ടാണ്. കേരളത്തില്‍ പ്രകൃതി ദൃശ്യങ്ങള്‍ക്ക് മൂന്നാറും കാടിന് ശെന്തുരുണിയുമാണ് അദ്ദേഹത്തിന് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഇഷ്ട കേന്ദ്രങ്ങള്‍. 

ആസ്വാദകന്റെ തിരുത്ത്

നൂറിലേറെ ഇനങ്ങളില്‍ പെട്ട ചിത്രശലഭങ്ങളുടെ ചിത്രശേഖരം തന്നെ ബിജു കാരക്കോണത്തിന്റെ പക്കലുണ്ട്. കേരളത്തിനകത്തും പുറത്തുമായി എണ്‍പതോളം ഫോട്ടോ എക്‌സിബിഷനുകളില്‍ ബിജുവിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'പ്രകൃതിയുടെ ആഹ്ലാദങ്ങള്‍ നമ്മുടെയും ആഹ്ലാദങ്ങളാണ്, പ്രകൃതിയുടെ വേദനകള്‍ കൂടി പകര്‍ത്തുക' എന്നാണ് ഒരിക്കല്‍ പ്രദര്‍ശനം കാണാനെത്തിയ ഒരാള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്. ആ വാക്കുകള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ബിജു പറയുന്നു. 

ഇരുപതിലേറെ വര്‍ഷങ്ങളായി ബിജു കാരക്കോണം ക്യാമറയുമായി നാടും കാടും കയറിയിറങ്ങുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പോയ കാടുകളില്‍ വീണ്ടും പോകേണ്ടി വന്നപ്പോഴാണ് മനുഷ്യന്റെ ഇടപെടലുകള്‍ കാടുകള്‍ക്ക് വരുത്തിയ മാറ്റങ്ങള്‍ അനുഭവിച്ചറിയാനായത്. അങ്ങനെയാണ് പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത  പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 

മുതിര്‍ന്നവര്‍ എന്നും പിടിച്ചടക്കാനുള്ള ഓട്ടത്തിലാണ്. അതിനിടെ പ്രകൃതി സംരക്ഷണം പോലുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തുന്നവര്‍ പോലും ചുരുക്കം. മുതിര്‍ന്നവരേക്കാള്‍, അറിയാനുള്ള ആവേശമുള്ള കുട്ടികളിലൂടെ മാത്രമേ മാറ്റം സാധ്യമാകൂ എന്നും ബിജു തിരിച്ചറിയുന്നു. സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി പാഠങ്ങള്‍ പകര്‍ന്നു നൽകാൻ ആരംഭിച്ചിട്ട് 15 വര്‍ഷത്തിലേറെയായി. ഇതിന്റെ ഭാഗമായി ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് പോലുള്ള എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം സഹകരിക്കുന്നുണ്ട്. 

41 –ാം വയസ്സിലാണ് കര്‍ണ്ണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫൈന്‍ ആര്‍ട്ട് ഫൊട്ടോഗ്രഫിയില്‍ മാസ്റ്റര്‍ ബിരുദം ബിജു സ്വന്തമാക്കുന്നത്. ചിത്രകലയുടെ തുടര്‍ച്ചയായ ഫൈന്‍ ആര്‍ട്‌സാണ് ഫൊട്ടോഗ്രഫിയെന്നാണ് ബിജു കരുതുന്നത്. തൊട്ടടുത്ത വര്‍ഷം ജേണലിസത്തില്‍ ഡിപ്ലോമയും  പൂര്‍ത്തിയാക്കി. 

ഡോക്യുമെന്ററികളും സിനിമയും

മുപ്പതിലേറെ ഡോക്യുമെന്ററികളിൽ ബിജുവും അദ്ദേഹത്തിന്റെ ക്യാമറയും ഭാഗമായിട്ടുണ്ട്. ഇതില്‍ ഇടുക്കി ജില്ലയിലെ പൂമാലയിലുള്ള ട്രൈബല്‍ സ്‌കൂളിനെക്കുറിച്ചുള്ള ‘പൂമാല്യം’ യൂനിസെഫിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തില്‍ നിര്‍മിച്ചതാണ്. നെയ്യാറ്റിന്‍കരയുടെ ചരിത്രം പറയുന്ന ‘മുദ്ര’, പ്രാചീന ലിപിയായ ബ്രാഹ്മിയെക്കുറിച്ചുള്ള ‘ദ് മദര്‍ സ്‌ക്രിപ്റ്റ് ഓഫ് ഇന്ത്യ’ എന്നിവയെല്ലാം ബിജുവിന്റെ ഡോക്യുമെന്ററികളില്‍ ചിലതാണ്. കുടുംബശ്രീയെക്കുറിച്ച് മൂന്ന് ഡോക്യുമെന്ററികളും വനം വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വേണ്ടി നിർമിച്ച ഡോക്യുമെന്ററികളും ബിജുവിന്റേതായുണ്ട്. 

പുറത്തിറങ്ങാനിരിക്കുന്ന 'കളം' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരില്‍ ഒരാളാണ് ബിജു കാരക്കോണം. സൂരജ് ശ്രീധര്‍ സംവിധാനം ചെയ്യുന്ന കളത്തിന്റെ രണ്ട് ഷെഡ്യൂളുകളില്‍ ക്യാമറ ചെയ്തത് ബിജുവാണ്.

Image Credit: Biju Karakkonam

സൃഷ്ടി- സ്ഥിതി- സംഹാരം

ഭൂമിയില്‍നിന്നു ചിത്രശലഭങ്ങള്‍ അപ്രത്യക്ഷമായാല്‍ മനുഷ്യന്‍ പിന്നെ നാലു വര്‍ഷം കൂടിയേ ജീവിക്കൂ എന്ന് പറഞ്ഞത് വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ശലഭങ്ങളില്ലെങ്കില്‍ പരാഗണമില്ല, പരാഗണമില്ലെങ്കില്‍ സസ്യങ്ങളും സസ്യങ്ങളില്ലെങ്കില്‍ മൃഗങ്ങളും മനുഷ്യനുമില്ലെന്നു പറഞ്ഞാണ് ഐന്‍സ്റ്റീന്‍ പ്രകൃതിയുടെ ചങ്ങലയെക്കുറിച്ച് ലോകത്തെ ഓർമിപ്പിച്ചത്. 

കാടിന്റെ പച്ചപ്പ് സൃഷ്ടിക്കുന്നവരാണ് ശലഭങ്ങളെങ്കില്‍ പ്രകൃതിയുടെ പരിപാലനം മുറയ്ക്കു നടക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാട്ടില്‍ ഉല്ലസിച്ച് മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങള്‍. ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളിലുള്ള കടുവയെ ആരോഗ്യമുള്ള കാട്ടിലേ കാണാന്‍ സാധിക്കൂ. പ്രകൃതിയുടെ സൃഷ്ടി- സ്ഥിതി- സംഹാരങ്ങളുടെ പ്രതീകങ്ങളാണിവര്‍. നല്ലൊരു നാളേക്കായി ഇവയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ‘ബെറ്റ്, ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്’ മുന്നോട്ടുവയ്ക്കുന്നത്. 

ഒരു ചിത്രം രണ്ടു തവണ എടുക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നയാളാണ് ബിജു കാരക്കോണം. ആദ്യം ഫൊട്ടോഗ്രഫറുടെ മനസ്സിലും പിന്നീട് ക്യാമറയിലും. ഓരോ ചിത്രത്തിനും പ്രചോദനമാകുന്ന പ്രകൃതിയിലെ കാഴ്ചാനുഭവങ്ങളെ മനുഷ്യ ഇടപെടല്‍ മൂലം നശിക്കാതെ നോക്കേണ്ട ചുമതല നമുക്കുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ ഈ ആദ്യ പാഠമാണ് 'ബെറ്റ്, ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്' എന്ന ആശയത്തിലൂടെ വരും തലമുറയിലേക്ക് ബിജു പകരുന്നത്.

വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആവോളം മനസ്സിലാക്കിയിട്ടുണ്ട് ബിജു. അതാണ് ‘ഹൃദയത്തിന്റെ അവസാന ക്ലിക്കുവരെ... ജീവിതത്തിന്റെ ഒടുവിലെ ഫ്രെയിംവരെ... ഈ സുന്ദരമായ ലോകത്ത് പറന്നു നടക്കാന്‍ ആഗ്രഹിക്കുന്ന ചിത്രശലഭമാണ് ഞാന്‍’ എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നതും.

English Summary: This wildlife photographer Biju Karakkonam is ‘BET’ing for a better world