തണുത്തുറഞ്ഞ തടാകത്തിൽ അകപ്പെട്ട മാൻകുഞ്ഞിനെ രക്ഷപെടുത്തുന്ന ദൃശ്യം കൗതുകമാകുന്നു.  മീൻപിടിക്കാനെത്തിയ സുഹൃത്തുക്കളാണ് മാനിന്റെ രക്ഷകരായത്. യുട്ടായിലെ പാങ്വിച്ച് തടാകത്തിലാണ് മാൻകുട്ടി കുടുങ്ങിയത്. ബ്രാൻസൺ ജാക്സൺ ആണ് നടക്കാനാവാതെ തണുത്തുറഞ്ഞ തടാകത്തിൽ കിടക്കുന്ന മാൻകുട്ടിയെ ആദ്യം കണ്ടത്.

മഞ്ഞിൽ കാലുകൾ നിലത്തുറപ്പിക്കാനാവാതെ കഷ്ടപ്പെടുന്ന മാൻകുട്ടിയെ രക്ഷിക്കാൻ താരുമാനിച്ച ഇവർ മെല്ലെ തടാകത്തിലെ നേർത്ത ഐസ് പാളികൾക്ക് മുകളിലൂടെ നടന്നു. നേർത്ത മഞ്ഞുപാളികളിലൂടെ നടന്ന് മാൻ കുട്ടിയുടെ അടുത്തെത്തിയ ജാക്സണും  സുഹൃത്തും മാൻകുട്ടിയെ വാരിയെടുത്ത് ചേർത്ത് പിടിച്ചു. ആദ്യം ഭയന്നെങ്കിലും പിന്നീട് രക്ഷിക്കാനെത്തിയവാരെന്നു തോന്നിയതിനാലാകണം മാൻകുട്ടി കുതറാതെ ചേർന്നിരുന്നു.

തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന് മറുകരയിലെത്തിയ ഇവർ മാൻകുട്ടിയെ സ്വതന്ത്രമാക്കി. അത് വേഗം കുന്നിന്റെ മുകളിലേക്ക് ഓടിമറയുകയും ചെയ്തു. ഏകദേശം ഒരു വയസ്സോളം പ്രായമുള്ള മാൻകുട്ടിയാണ് തടാകത്തിനു നടുവിലായി കുടുങ്ങിക്കിടന്നത്. മനിനെ രക്ഷിക്കാൻ‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജാക്സണും സുഹൃത്തും അവിടെനിന്നും മടങ്ങിയത്.

 Utah man rescue fawn trapped on thin ice on frozen lake