ഊസറെ ( Ooceraea ) എന്ന അപൂർവ ഇനത്തിൽപ്പെട്ട രണ്ടിനം ഉറുമ്പുകളെ ഇന്ത്യയിൽ പുതുതായി കണ്ടെത്തി. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഇവയെ കണ്ടെത്തിയത്.  കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഈ ജനുസ്സിലെ മറ്റ് സ്പീഷീസുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് .

കേരളത്തിൽ പെരിയാർ ടൈഗർ റിസർവിൽ നിന്ന് കണ്ടെത്തിയ ഒരു ഇനത്തിന് ഊസറെ ജോഷി ( Ooceraea joshii ) എന്ന് പേര് നൽകി. ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ജവഹർലാൽനെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചി(JNCASR)ലെ വിഖ്യാത പരിണാമ ജീവ ശാസ്ത്രജ്ഞനായ പ്രൊഫസർ അമിതാഭ് ജോഷിയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.

പുതിയ ഇനത്തിന്റെ സ്വഭാവഗുണങ്ങൾ, കണ്ടെത്തിയ പ്രദേശം, എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി പേര് നൽകുന്നത്. എന്നാൽ പരിണാമ ജീവശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, വർഗ്ഗീകരണ ശാസ്ത്രം തുടങ്ങിയ പ്രത്യേക  ഗവേഷണ മേഖലകളിലെ അതുല്യ സംഭാവനകൾക്കുള്ള ആദരമായി ഈ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലും പുതിയ സ്പീഷീസുകൾ അറിയപ്പെടാറുണ്ട്.

ഇതാദ്യമായാണ് ഈ ഇനത്തിൽ നിന്നും, കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ 2 സ്പീഷീസുകളെ കണ്ടെത്തിയത്.  പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ പ്രൊഫസർ ഹിമേന്തർ ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനം കണ്ടെത്തിയത്. സൂകീസ് ജേണലിൽ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ജനുസ്സിൽ ഇതുവരെ 14 സ്പീഷീസുകൾ ആണുള്ളത്. ഇതിൽ 8 എണ്ണം 9 ഖണ്ഡങ്ങൾ ഉള്ളതും, 5 എണ്ണം 11 ഖണ്ഡങ്ങൾ ഉള്ളതും, ഒരെണ്ണം 8 ഖണ്ഡങ്ങൾ ഉള്ളതുമാണ്. ഇന്ത്യയിൽ  ഇതിനുമുൻപ് കണ്ടെത്തിയ രണ്ട് സ്പീഷീസുകൾ ഒമ്പതും പതിനൊന്നും ഖണ്ഡങ്ങൾ ഉള്ളവയാണ്.ഊസറെ ഡെകാമറ ( Ooceraea decamera ) എന്ന ഇനമാണ് തമിഴ്നാട്ടിൽനിന്നും കണ്ടെത്തിയത്.