നാലുപതിറ്റാണ്ടുകൊണ്ട് നാല്‍പതിനം മുളകളെ വീട്ടുവളപ്പില്‍ വളര്‍ത്തിയെടുത്ത അഹമ്മദിനെ ഇനി പരിചയപ്പെടാം. എടവനക്കാട് സ്വദേശി അഹമ്മദിന്റെ മുഖ്യവരുമാനമാര്‍ഗവും ഇന്നീ മുളങ്കാട് തന്നെ. മുളങ്കാടിന്റെ ഈണം കേട്ട് അഹമ്മദ് ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷം പിന്നിട്ടു. കാട്ടിലെ പാഴ്മുളം തണ്ടല്ല അഹമ്മദിന് ഇവയൊന്നും . ഇക്കാലമത്രയും പട്ടിണിയില്ലാതെ ജീവിക്കാന്‍ ഒരുവരുമാനമാര്‍ഗം കൂടിയായിരുന്നു ഈ കാട് . 

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന  അഹമ്മദ് പല കൃഷികള്‍ പരീക്ഷിച്ചു . ഒടുവില്‍ വിജയിച്ചതാകട്ടെ മുളകൃഷിയിലും  ഇപ്പോള്‍ അന്‍പത്തിയഞ്ച് സെന്റ് നിറയെ പല തരം മുളകളാണ്. ചൈനീസ് ബാംബു, ബ്ലാക്ക് ബാംബു, ആസം ബാംബൂ അങ്ങനെ നാല്പത് വത്യസ്ത തരം മുളകള്‍. തോട്ടി മുതല്‍ ഓടക്കുഴലുണ്ടാക്കാന്‍ വരെ അഹമ്മദിന്റെ വീട്ടിലെ മുളകള്‍ ഉപയോഗിക്കാം. 

വീടിന് ചുറ്റും മുളകള്‍ നടുന്നതിനെ എതിര്‍ത്തവര്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ നശിപ്പിക്കില്ലെന്ന തീരുമാനവുമായി അഹമ്മദ് മുന്നോട്ട് പോവുകയായിരുന്നു. ശുദ്ധവായുവും തണുത്ത കാറ്റുമെല്ലാം ഈ മുളകളില്ലായിരുന്നെങ്കില്‍ എങ്ങനെ ലഭിക്കുമെന്നാണ് അഹമ്മദിന്റെ ചോദ്യം. 

English Summary:  The Man Who Planted 40 Varieties of Bamboo