തിരുവനന്തപുരം നഗര മധ്യത്തിലാണ് നന്ദാവനം. പൊലീസ് സേനയുടെ ക്യാംപിന്റെ പേരിലാണ് ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു കാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂന്തോട്ടങ്ങളിലൊന്നായിരുന്നു അത്. ബഹുനില സമുച്ചയങ്ങളും സർക്കാർ ഓഫിസുകളും വാഹനത്തിരക്കും നിറഞ്ഞ പ്രദേശം. ഇവിടെയാണ് ബോധേശ്വരൻ റോഡ്.

തിരുവനന്തപുരം നഗര മധ്യത്തിലാണ് നന്ദാവനം. പൊലീസ് സേനയുടെ ക്യാംപിന്റെ പേരിലാണ് ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു കാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂന്തോട്ടങ്ങളിലൊന്നായിരുന്നു അത്. ബഹുനില സമുച്ചയങ്ങളും സർക്കാർ ഓഫിസുകളും വാഹനത്തിരക്കും നിറഞ്ഞ പ്രദേശം. ഇവിടെയാണ് ബോധേശ്വരൻ റോഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം നഗര മധ്യത്തിലാണ് നന്ദാവനം. പൊലീസ് സേനയുടെ ക്യാംപിന്റെ പേരിലാണ് ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു കാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂന്തോട്ടങ്ങളിലൊന്നായിരുന്നു അത്. ബഹുനില സമുച്ചയങ്ങളും സർക്കാർ ഓഫിസുകളും വാഹനത്തിരക്കും നിറഞ്ഞ പ്രദേശം. ഇവിടെയാണ് ബോധേശ്വരൻ റോഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുത്ത പൂന്തണൽ വീശി 

പടർന്നു ചൂഴ്ന്നു നിൽക്കുന്ന 

ADVERTISEMENT

മരത്തിന്റെ തിരുമിഴിക്കിതാ തൊഴുന്നേൻ

നീലകണണ്ഠ സ്വാമിയെപ്പോലെ

വിഷം താനെ ഭുജിച്ചിട്ട്.

പ്രാണവായു തരുന്നോനായ് ഇതാ തൊഴുന്നേൻ 

ADVERTISEMENT

(മരത്തിനു സ്തുതി, സുഗതകുമാരി) 

പച്ചപ്പിന്റെ തണലിൽ അഭയ, വരദ

ചിത്രം: ആർ.എസ്.ഗോപൻ

തിരുവനന്തപുരം നഗര മധ്യത്തിലാണ് നന്ദാവനം. പൊലീസ് സേനയുടെ ക്യാംപിന്റെ പേരിലാണ് ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു കാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂന്തോട്ടങ്ങളിലൊന്നായിരുന്നു അത്. ബഹുനില സമുച്ചയങ്ങളും സർക്കാർ ഓഫിസുകളും വാഹനത്തിരക്കും നിറഞ്ഞ പ്രദേശം. ഇവിടെയാണ് ബോധേശ്വരൻ റോഡ്. 

‘ജയജയ കോമള കേരള ധരണീ

ADVERTISEMENT

ജയജയ മമാക പൂജിത ജനനീ

മലയജ സുരഭില മാരുതനേൽക്കും

ചിത്രം: ആർ.എസ്.ഗോപൻ

മലയാളം ഹാ മാമക രാജ്യം’ എന്ന കേരള ഗാനം എഴുതിയ കവി ബോധേശ്വരന്റെ സ്മരണയിലാണ് ഈ പേരു നൽകിയിരിക്കുന്നത്. ഇവിടെയാണ് ‘അഭയ’യും ‘വരദ’ യും. നഗരത്തിലെ തിരക്കുകളോടു മുഖം തിരിച്ച് പച്ചപ്പിന്റെ തണൽപറ്റിയ രണ്ടു വീടുകൾ. ബോധേശ്വരനും കുടുംബവും താമസിച്ചിരുന്നത്. ഇവിടെയാണ്. സ്വന്തം വ്യക്തിമുദ്രകൊണ്ടു കേരളീയ സമൂഹത്തിൽ കയ്യൊപ്പു ചാർത്തിയ മൂന്നു സ്ത്രീകളുടെ പേരിലാണ് പിൽക്കാലത്ത്   ഈ വീടുകൾ അറിയപ്പെട്ടത്. നിരൂപകയും അധ്യാപികയുമായ ബി. ഹൃദയകുമാരി,  പരിസ്ഥിതി– സാമൂഹിക രംഗങ്ങളിൽ കയ്യൊപ്പു ചാർത്തിയ കവി ബി.സുഗതകുമാരി, അധ്യാപികയും എഴുത്തുകാരിയുമായ ബി. സുജാതകുമാരി. മൂന്നുപേരും ഇന്ന് ഓർമയാണ്.  ആ ഓർമകളെ മുൻനിർത്തി ഈ പരിസ്ഥിതി ദിനത്തിൽ ഈ വീട്ടിലെ കാഴ്ചകളിലൂടെയുള്ള യാത്രയാണിത്.

ദേവതകൾക്കായി പൂവിടുന്ന ചെമ്പകം

ചിത്രം: ആർ.എസ്.ഗോപൻ

ആര്യവേപ്പും മുല്ലയും തണൽ വിരിക്കുന്ന മുറ്റത്തു കൂടെ നടന്നാൽ സിമന്റു പാകാത്ത മുറ്റമാണ്. ചുറ്റിലും പടർന്നു പന്തലിച്ച മരങ്ങൾ. വിവിധ ഇനം പ്ലാവുകൾ, കണിക്കൊന്ന. കവി ബോധേശ്വരനും ഭാര്യയും ചേർന്നാണ്  ഇതിൽ പലതും നട്ടത്. മുറ്റത്തു വലിയ ഒരു  ചന്ദനമരം. അതു തനിയെ പൊടിച്ചു വന്നതാണ്.  തൈകൾ ചുറ്റുമുണ്ട്. ചന്ദനമരം കമ്പികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഹൃദയകുമാരി മുൻകൈയെടുത്താണ് ഈ കവചം തീർത്തത്. യാത്രയിലായിരിക്കുമ്പോൾ ആരെങ്കിലും മോഷ്ടിക്കാതിരിക്കാനാണ് ഈ കരുതൽ. ഒരു വശത്തായി കൂറ്റൻ ചെമ്പക മരമുണ്ട്. വളരെ ഉയരത്തിലാണ് അതു പൂക്കുന്നത്. അതേപ്പറ്റി ഒരിക്കൽ സുഗതകുമാരി പറഞ്ഞു: ‘വളരെ ഉയരത്തിലാണ് ഇതു പൂക്കുന്നത്. നമുക്കു കൈയെത്തിപ്പറിക്കാനാവില്ല, ദേവതകൾക്കായിട്ടാണ് അതു പൂവിടുന്നതെന്ന് ഒരിക്കൽ ഞാൻ പറഞ്ഞു. അടുത്ത ദിവസം ഒരു പൂവ് ഞെട്ടറ്റ്  താഴെ വീണു കിടന്നു. ഒരു പക്ഷേ എന്റെ പരിഭവം തീർത്തതാകണം.’  

ആറന്മുളയുടെ സ്മരണയിൽ ഈ മുളങ്കൂട്ടം

ചിത്രം: ആർ.എസ്.ഗോപൻ

മുന്നോട്ടു നടന്നാൽ ചുവരിന്റെ അരികുപറ്റി ഒരു മുളങ്കൂട്ടം.  ആറന്മുളയിലെ വീട്ടിൽ നിന്ന് സുഗതകുമാരി കൊണ്ടു നട്ട ഒരു മഞ്ഞ മുളം കമ്പാണ് ഇപ്പോൾ പടർന്നു പന്തലിച്ചിരിക്കുന്നത്. . ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഈ മുളങ്കൂട്ടത്തിന് ബന്ധമുണ്ട്. ഭഗവാൻ പമ്പാനദിയിലൂടെ മുളകൊണ്ടുള്ള ചങ്ങാടത്തിൽ ഒരു കുട്ടിയുടെ രൂപത്തിൽ ആറന്മുളയിൽ പ്രത്യക്ഷപ്പെട്ടുവെന്നാണു കഥ. 

പവിഴമല്ലീ നി എത്ര ധന്യ

ചിത്രം: ആർ.എസ്.ഗോപൻ

സമീപത്തെ പവിഴമല്ലിച്ചെടിക്കും പറയാനുണ്ട് ഒരു കഥ.നേരത്തേ ഇവിടെ നിറയെ പൂവുകളുള്ള വലിയ ഒരു പവിഴമല്ലിച്ചെടുയുണ്ടായിരുന്നു.   അതു  പട്ടു പോയി.  അതിന്റെ സ്ഥാനത്തു  പിന്നീട്  മുളച്ചു വന്നതാണിത്. സുഗതകുമാരിക്ക് അതിനോടു  വലിയ വാത്സല്യമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും മുറ്റത്തെ ചെടികളെ സന്ദർശിക്കുന്നതു മുടക്കിയിട്ടില്ല. പിൽക്കാലത്ത്  ആ പതിവ് വീൽ ചെയറിലാക്കി. ഈ ചെടിയെ ചിലപ്പോഴൊക്കെ വാത്സല്യപൂർവം തലോടുമായിരുന്നു . 

ഒരുപാട്ടു പിന്നെയും പാടിനോക്കുന്നിതാ...

ചിത്രം: ആർ.എസ്.ഗോപൻ

മന്ദാരം, വിവിധ ഇനം മാവുകൾ എന്നിവയ്ക്കു പുറമേ വ്യത്യസ്തമായ വേറെയും മരങ്ങളുണ്ട്.  ചെമ്പരത്തിയും തെറ്റിയും ഓർക്കിഡും പൂത്തു നിൽക്കുന്നു. മരങ്ങളിൽ നിറയെ പക്ഷികളാണ്. ഓലേഞ്ഞാലി, ഉപ്പൻ, വണ്ണാത്തിക്കിളി, കുരുവികൾ, എന്നിവയൊക്കെ അക്കൂട്ടത്തിലുണ്ട്. പലതും കൂടുവച്ചു താമസിക്കുന്നു. ഇടയ്ക്കിടെ ദേശാടന പക്ഷികളുൾപ്പെടെ വിരുന്നു വരും. അവരിൽ ചിലരൊക്ക പാട്ടു പാടും.  

വറ്റാത്ത കിണറിന്റെ കഥ

ചിത്രം: ആർ.എസ്.ഗോപൻ

മുറ്റത്തു കൊഴിഞ്ഞു വീഴുന്ന ഇലകൾ കത്തിക്കാതെ ചെടികൾക്കു വളമാക്കണമെന്ന ശാഠ്യമുണ്ടായിരുന്നു സുഗതകുമാരിക്ക്.  മഴവെള്ളം ചാലുകീറി മരങ്ങളിലേക്കു തിരിച്ചു വിടും. മുറ്റത്ത് ജല സമൃദ്ധമായ കിണറുണ്ട്. ചുറ്റമുമുള്ള പച്ചപ്പാണതിലേക്കു നീരു ചുമത്തുന്നത്.

ശ്യാമള,  കപില, ഗൗരി

പശു പരിപാലനത്തിലും സുഗതകുമാരിക്ക് വലിയ ഉത്സാഹമായിരുന്നു.  ശ്യാമള,  കപില, ഗൗരി, ശ്യാമ  എന്നൊക്കെയായിരുന്നു പേരുകൾ.  നിറങ്ങൾക്കനുസരിച്ചാണ്  പേരിട്ടിരുന്നത്. പിന്നീട് തിരക്കായപ്പോൾ അവയെ ഒരു ഡയറിഫാമിനു കൈമാറി. എങ്കിലും അവയെ ഇടയ്ക്കു കാണാൻ പോകുന്ന ശീലവുമുണ്ടായിരുന്നു.

പരിസ്ഥിതി പ്രവർത്തകരുടെ താവളം

ചിത്രം: ആർ.എസ്.ഗോപൻ

പ്രകൃതി ഭംഗി മാത്രമല്ല ഈ വീടിനെ വ്യസ്തമാക്കുന്നത്. ഒരുകാലത്ത് കേരളത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു അത്. കാസർകോടു മുതൽ തിരുവനന്തപുരംവരെയുള്ള പരിസ്ഥിതി പ്രവർത്തകർ ഇവിടേക്ക് ഒഴുകി എത്തി. മേധാപട്കറും സുന്ദർലാൽബഹുഗുണയും അതിഥികളായി. മാനസികാസ്വാസ്ഥ്യങ്ങളിലും ലഹരിമരുന്നുകളിലും, പീഡനങ്ങളിലും ഒറ്റപ്പെട്ടു പോകുന്നവർത്തു തണലൊരുക്കുന്ന അഭയ,ബോധി, അത്താണി തുടങ്ങിയ പ്രസ്ഥാനങ്ങൾക്കു തുടക്കം കുറിയ്ക്കുന്നതിനും ഈ വീടും പരിസരവും സാക്ഷിയായി. 

മാമ്പൂ സമ്മാനിച്ച മഹാകവി പി 

ചിത്രം: ആർ.എസ്.ഗോപൻ

എൻ.വി. കൃഷ്ണവാരിയർ, വിഷ്ണുനാരായണൻ നമ്പൂതിരി, വൈലോപ്പിള്ളി തുടങ്ങിയ ഒട്ടേറെ കവികളും എഴുത്തുകാരും ഇവിടത്തെ നിത്യ സന്ദർശകരായി. അവർക്കു മുന്നിൽ നല്ല ആതിഥേയകളായിരുന്നു ഹൃദയകുമാരിയും സുഗതകുമാരിയും. ഒരിക്കൽ കവി. പി കുഞ്ഞിരാമൻനായർ സുഗതകുമാരിയെ സന്ദർശിക്കാനെത്തി. സമ്മാനമായി കൈയിൽ ഒന്നും കരുതിയില്ലെന്നു പറഞ്ഞു മുറ്റത്തെ മാമ്പൂ പറിച്ചു സമ്മാനിത്ത് അനുഗ്രഹിച്ചത് അധ്യാപകനും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷൺ ഓർമിക്കുന്നു. 

പൂക്കളെ സ്നേഹിച്ച ഹൃദയകുമാരി

ചിത്രം: ആർ.എസ്.ഗോപൻ

എവിടെപ്പോയാലും  വൃക്ഷത്തൈകളോ വിത്തുകളോ  കൊണ്ടു വരുന്ന ശീലമുണ്ടായിരുന്നു സുഗതകുമാരിക്ക്.  അതിന്റെ പരിപാലന ചുമതല ഹൃദയകുമാരി  ഏറ്റെടുക്കും. അവർക്ക് അതിൽ  പ്രത്യേക താൽപര്യമുണ്ടായിരുന്നു.സുഗതകുമാരിയും സുജാതകുമാരിയുമൊക്കെ പുറത്തു പോകുമ്പോൾ വ്യത്യസ്തമായ പൂക്കൾ കണ്ടാൽ അവ കൊണ്ടുവരും. പൂക്കളെ സ്നേഹിക്കുന്ന ചേച്ചിക്കു സമ്മാനിക്കും.അപ്പോൾ സ്വതേ ഗൗരവം കലർന്ന ആ മുഖത്ത് ഒരു മന്ദഹാസം വിരിയും. മൂന്നു സഹോദരിമാരുടയും സ്മരണകൾ നിലനിർത്തുന്ന വിധം വീടിനെ ഒരുക്കിയിരിക്കുകയാണ് ഹൃദയകുമാരിയുടെ മകളും മാധ്യമ പ്രവർത്തകയുമായ ശ്രീദേവി. ഈ വീട്ടിൽ ഒന്നും മാറിയിട്ടില്ല.ചൂരൽ വരിഞ്ഞ‍ ചാരു കസേരയിൽ പുസ്തകത്താളുകളിൽ, രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും സാന്നിധ്യമുള്ള പൂജാമുറിയിൽ ആ സാന്നിധ്യങ്ങൾ സ്മരണകളായി നിറഞ്ഞു നിൽക്കുന്നു.    

പച്ചത്തുരുത്തിന്റെ സന്ദേശം

ചിത്രം: ആർ.എസ്.ഗോപൻ

മാറുന്ന തലസ്ഥാന നഗരയിൽ മാറാതെ നിൽക്കുന്ന ഈ പച്ചത്തുരുത്ത് കേരളത്തിനു നൽകുന്ന സന്ദേശമെന്താണ്? ഈ പച്ചപ്പിനെപ്പറ്റി ഒരിക്കൽ സുഗതകുമാരി പറഞ്ഞതിങ്ങനെയാണ്: ‘ ഞങ്ങളുടെ അച്ഛനമ്മമാരുടെ കാലത്താണ് ഈ വീട് ഇവിടെ വച്ചത്. ഈ മരങ്ങളൊക്കെ നട്ടത് അച്ഛനും അമ്മയും കൂടെയാണ്. അവയോടു ഞങ്ങൾക്കും വലിയ ഇഷ്ടമായതു കൊണ്ട് അങ്ങു നിൽക്കട്ടേയെന്നു കരുതി. വേണമെങ്കിൽ ഈ മരങ്ങളൊക്കെ മുറിച്ച് പച്ചക്കറി നടാം. വെയിലിൽ അവ നന്നായി വളരും. പക്ഷേ  മരങ്ങളുടെ ഭംഗിയും ഗൗരവവും വളരെ വലുതാണ് അതിനു പകരം വയ്ക്കാനൊന്നുമില്ല, ’ 

ചിത്രം: ആർ.എസ്.ഗോപൻ

‘കാലാവസ്ഥാ മാറ്റങ്ങളും ആഗോള താപനവും പ്രളയവുമൊക്കെ പുരാവ‍ത്തങ്ങളോ ഭാവയോ അല്ലെന്നു തിരിച്ചറിഞ്ഞ കാലത്താണു നാം ജീവിക്കുന്നത്. അതിന് പരിഹാരം പ്രകൃതിയിലേക്കു മടങ്ങുക മാത്രമാണ്.  ഈ സന്ദേശമാണ് ബോധേശ്വരൻ റോഡിലെ അഭയയും വരദയും പങ്കുവയ്ക്കുന്ന സന്ദേശം. പരിസ്ഥിതിയെന്നാൽ നഗരവാസികൾക്ക് ദന്തഗോപുരങ്ങളിലിരുന്ന് മേനി പറയാനുള്ളതല്ല. മണ്ണിനെ സ്നേഹിക്കുയെന്നതാണ്. അതിനു മണ്ണിൽ ചവിട്ടി നടക്കണം. മ്പയാർ ഒഴുകുന്ന ആറന്മുളയുടെ മടിയിൽ വളർന്നുവന്ന ഒരു പാരമ്പര്യമാണ് സുഗതകുമാരിയുടെ കുടുംബത്തിനുള്ളത്. കുറച്ചു കാലം ഡെൽഹിയെന്ന മഹാനഗരത്തിൽ കഴിയുകയും ഗംഗാ യമുനാ സമതലങ്ങളും ഹിമാലയങ്ങളുമൊക്കെ കാണാൻ അവസരം കിട്ടിയെങ്കിലും സ്വന്തം നാടിന്റെ തണലിലേക്കെത്താൻ അവർ എന്നും ആഗ്രഹിച്ചിരുന്നു. മടങ്ങി എത്തിയ സുഗതകുമാരി ഇടപെട്ട മേഖലകൾ എത്ര വിപുലമാണ്. അതിനൊക്കെ  ഈ  പച്ചപ്പുകൾ സാക്ഷിയാണല്ലോ,   അധ്യാപകനും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു.

English Summary: Remembering Sugathakumari: Thiruvananthapuram has one strong heart less that beat for its tress