യൂറോപ്പിൽ നിന്ന് മ്യാവൂ കടൽക്കാക്ക പൊന്നാനി അഴിമുഖത്ത് വിരുന്നെത്തി. പൂച്ചയുടെ ശബ്ദത്തിൽ കരയുന്ന പക്ഷിയായതിനാലാണ് മ്യാവൂ എന്നു പേരുവീണത്. മൂന്നാം തവണയാണ് മ്യാവൂ കാക്കയെ കേരളത്തിൽ കാണുന്നത്. പക്ഷിഗവേഷകനായ ഡോ.അബ്ദുല്ല പാലേരിയാണ് മ്യാവൂ കാക്കയുടെ സാന്നിധ്യം പൊന്നാനിയിൽ സ്ഥിരീകരിച്ചത്.

ഇന്ത്യയിൽതന്നെ അപൂർവമായാണ് പക്ഷിയെ കാണാറുള്ളത്. ഡൽഹി, ഉത്തർപ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ വല്ലപ്പോഴും മ്യാവൂ കാക്ക വന്നുപോകാറുണ്ടെന്നും റഷ്യയിലും സൈബീരിയയിലുമാണ് ഇതു പ്രജനനം നടത്തുന്നതെന്നും അബ്ദുല്ല പാലേരി പറഞ്ഞു. 

സാധാരണ കടൽക്കാക്കകളിൽനിന്നു വ്യത്യസ്തമായി വൃക്ഷങ്ങളിലാണ് കൂടുകൂട്ടുക. വെളുത്ത തലയുള്ള കാക്ക കാണാനും സുന്ദരനാണ്. പൊന്നാനി അഴിമുഖവും പുറത്തൂർ, പടിഞ്ഞാറേക്കര പുഴയോര ഭാഗങ്ങളും ദേശാടനപ്പക്ഷികളുടെ ആഗമനംകൊണ്ട് ശ്രദ്ധേയമാണെങ്കിലും ഇൗ ഭാഗങ്ങളിൽ പക്ഷികളെ സംരക്ഷിക്കുന്നതിന് നടപടിയില്ലെന്ന് ആക്ഷേപമുണ്ട്