ലോകത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ കണക്കെടുത്താല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയില്‍ ഒന്ന് വസ്ത്രങ്ങളായിരിക്കും. ഫാഷന്‍ ഭ്രമത്തിന്‍റെ പേരില്‍ വാങ്ങിക്കൂട്ടുന്ന വസ്ത്രങ്ങളിൽ ഭൂരിഭാഗവും  ഉപയോഗിക്കാന്‍ പോലും പലരും തയ്യാറാകാറില്ല. പക്ഷേ ഇത്ര വലിയ അളവില്‍ വസ്ത്രോൽപാദനം വേണ്ടി വരുമ്പോള്‍ അത് പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. കോട്ടനും പട്ടും നൈലോണും ഉപയോഗിച്ചുള്ള വസ്ത്രോൽപാദനവും ഇവയുടെ അനുബന്ധപ്രവര്‍ത്തനങ്ങളും മൂലമുള്ള അമിതമായ പ്രകൃതി വിഭവ ചൂഷണവും മലിനീകരണവും ഇന്ന് ക്രമാതീതമായ തോതില്‍ വർധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പാഴ്ത്തടികളില്‍ നിന്നു പരിസ്ഥിതി സൗഹൃദ വസ്ത്രം ഉൽപാദിപ്പിക്കുന്ന ലോണ്‍സെല്‍ സാങ്കേതിക വിദ്യ ശ്രദ്ധേയമാകുന്നത്. പാഴ്ത്തടികളില്‍  നിന്നു മാത്രമല്ല, പഴയ ദിനപ്പത്രം, കാര്‍ഡ് ബോര്‍ഡുകള്‍ തുടങ്ങിയവയും റീസൈക്കിള്‍ ചെയ്ത് ലോണ്‍ സെല്ലിലൂടെ വസ്ത്രമാക്കി മാറ്റാന്‍ കഴിയും. ദൈനംദിന വസ്ത്രങ്ങള്‍ മാത്രമല്ല ജാക്കറ്റും, ഐപാഡ് കേസും വരെ ഈ പാഴ്‌വസ്തുക്കളില്‍ നിന്നു ലോണ്‍ സെല്‍ മുഖേന ഉണ്ടാക്കി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. 

പരിസ്ഥിതി സൗഹൃദമാകുന്നത് എങ്ങനെ

ഫിന്‍ലന്‍ഡിലെ ആല്‍ട്ടോ സര്‍വകലാശാലയാണ് ലോണ്‍സെല്‍വിദ്യ വ്യാവസായികമായി ഉപയോഗിക്കത്തക്ക വിധത്തില്‍ വികസിപ്പിച്ചെടുത്തത്. മരത്തടിയും പേപ്പറും ഉള്‍പ്പടെ പ്രകൃതിയില്‍ നിന്നു നേരിട്ടു തന്നെ ലഭിക്കുന്ന പുനരുപയോഗ സാധ്യതയുള്ള മരത്തടികളും കടലാസുകളുമാണ് ഇത്തരത്തില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. അതായത് ഒരു തവണ ഉപയോഗിച്ചതോ ഉപയോഗിക്കാതെ ബാക്കി വന്നതോ ആയ മരത്തടികളും കടലാസുകളുമാണ് വിവിധ തരം വസ്ത്രങ്ങളായി മാറുക. അതുകൊണ്ട് തന്നെ ഇത്തരം വസ്ത്രങ്ങളുടെ പേരില്‍ വനനശീകരണമോ, വ്യാപമായ കൃഷിയോ നടത്തേണ്ടി വരില്ല.

മരത്തടിയില്‍ നിന്നും കടലാസുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നാരുകളാണ് വസ്ത്രങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പഞ്ഞിക്കും സിന്തറ്റിക് ഫൈബറിനുമെല്ലാം തുല്യമായ ഗുണമേന്‍മയാണ് ഈ നാരുകള്‍ക്കുമുള്ളത്. മറ്റേത് നൂലിനും നല്‍കുന്നത് പോലെ ഈ നൂലുകള്‍ക്കും നിറം നല്‍കാൻ സാധിക്കും. അതുകൊണ്ട് തന്നെ പരമ്പരാഗത വസ്ത്രങ്ങളുമായി താരതമ്യപ്പടുത്തുമ്പോള്‍ ഒട്ടും പുറകിലല്ല ഈ ആധുനിക മരവുരികളും.

പിന്തുണയുമായി പ്രഥമ വനിത

പ്രകൃതിസൊഹാര്‍ദ്ദ വസ്ത്രം എല്ലാവരുടെയും ശ്രദ്ധയിലെത്തിക്കാനുള്ള സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ശ്രമത്തിന് ആദ്യം കാര്യമായ പിന്തുണയൊന്നും ഫാഷന്‍ ലോകത്തു നിന്നും ലഭിച്ചില്ല. എന്നാല്‍ മരത്തടിയില്‍ നിന്നുണ്ടാക്കിയ വസ്ത്രം ധരിച്ച് ഫിന്‍ലന്‍ഡ് പ്രസിഡന്‍റിന്‍റെ ഭാര്യ തന്നെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവയ്ക്ക് പ്രചാരം ലഭിച്ചു. കവി കൂടിയായ ജെന്നി ഹൗകിയോ സര്‍വകലാശാല വിദ്യാർഥികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ആല്‍ട്ടോ സര്‍വകലാശാലയില്‍ ലോണ്‍ സെല്‍ വിദ്യയില്‍ കൂടുതല്‍ ഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിക്കുന്നതിനു മുന്‍കൈയെടുക്കുകയു ചെയ്തു. 

ഫിന്‍ലന്‍ഡില്‍ ധാരാളമായി വളരുന്ന ബിര്‍ച്ച് മരങ്ങളാണ് രാജ്യത്ത് വിവിധ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. ഇതേ ബിര്‍ച്ച് മരത്തടികളുടെ ബാക്കിയാണ് വസ്ത്ര നിര്‍മാണത്തിനായി ഇപ്പോള്‍ ഉപയോഗിക്കുന്നതും. രാജ്യത്തിന്‍റെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 10 ശതമാനത്തോളം സൃഷ്ടിക്കുന്നത് ഫിന്‍ലന്‍ഡിലെ വസ്ത്ര നിര്‍മ്മാണ മേഖലയാണ്. മരത്തടികളില്‍ നിന്നും കടലാസുകളില്‍ നിന്നും സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ വ്യാപകമായാല്‍ ഈ കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ച് ശതമാനം വരെയാക്കി കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.