പരിസ്ഥിതി ഇന്നു നേരിടുന്ന പ്രധാന വില്ലനാരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ കഴിയുക കാര്‍ബണ്‍ എന്നായിരിക്കും. ശ്വാസകോശ രോഗങ്ങള്‍ മുതല്‍ ആഗോളതാപനം വരെയുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയായ കാര്‍ബണ്‍ മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ ഭീഷണിയായി അംഗീകരിക്കപ്പെട്ടത് അടുത്തിടെയാണ്. കാര്‍ബണ്‍ ഡയോക്സൈഡിനെ ഹാനികരമല്ലാതാക്കാനും നിര്‍മാര്‍ജനം ചെയ്യാനും ഉചിതമായ മാര്‍ഗങ്ങള്‍ക്കായി ഗവേഷകര്‍ അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി. വഴികള്‍ പലതും കണ്ടെത്തിയെങ്കിലും ഉയര്‍ന്ന ചെലവു മൂലം ഇതൊന്നും തന്നെ പ്രായോഗികമായി നടപ്പാക്കാനായില്ല.

കാര്‍ബണ്‍ നിര്‍മാര്‍ജനം

വലിയ അളവില്‍ അതേ സമയം ചെലവു കുറഞ്ഞ രീതിയിലുള്ള മാര്‍ഗങ്ങളാണ് കാര്‍ബണ്‍ നിര്‍മാര്‍ജനത്തിന് ഇന്നാവശ്യം.ഓസ്ട്രേലിയിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരുടെ കണ്ടെത്തല്‍ ഇത്തരത്തിലുള്ള ഒന്നാണ്. മെല്‍ബണിലെ ആര്‍എംഐറ്റി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് കാര്‍ബണ്‍ തിരികെ കല്‍ക്കരിയാക്കി മാറ്റാനുള്ള പുതിയ സാങ്കേതിക വിദ്യക്കു രൂപം നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡിനെ ചെലവു കുറഞ്ഞ രീതിയില്‍ സ്യൂട്ട് എന്ന കാര്‍ബണ്‍ പൊടിയാക്കി മാറ്റാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണു ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഇതാദ്യമായല്ല കാര്‍ബണെ കല്‍ക്കരി പോലുള്ള പ്രാഥമിക രൂപത്തിലേക്കു മാറ്റാനുള്ള മാര്‍ഗം ഗവേഷകര്‍ കണ്ടെത്തുന്നത്. പക്ഷെ ഇതുവരെയുള്ള മാര്‍ഗങ്ങളിലെല്ലാം പോരായ്മകളുണ്ടായിരുന്നു. ഇതില്‍ കാര്‍ബണ്‍ സിങ്കിങ് വർധിപ്പിക്കാന്‍ വേണ്ടി വനമേഖല വർധിപ്പിക്കുന്നതു മുതല്‍ ഖനികളിലേക്കും റിസര്‍വോയറുകളിലേക്കും കാര്‍ബണ്‍ തിരികെ പമ്പ് ചെയ്ത് ഗ്യാസ് ഉപയോഗിച്ച് ഇവയെ കല്‍ക്കരിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വരെ ഉള്‍പ്പെടുന്നു. പക്ഷെ ഇവയില്‍ പലതും ചെലവേറിയതും അല്ലാത്തവ ഏറെ സമയമെടുക്കുന്നവയുമായിരുന്നു.

ഓസ്ട്രേലിയയിലെ കണ്ടെത്തല്‍

കാര്‍ബണ്‍ വാതകത്തെ വീണ്ടും ഖര രൂപത്തിലാക്കാന്‍ ആര്‍എംഐറ്റി സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം സമയം ലാഭിക്കുന്നതാണ്. ഒപ്പം കാര്‍ബണ്‍ വാതകത്തെ കല്‍ക്കരിയുടെ പ്രാഥമിക രൂപത്തിലേക്കാക്കുന്നതിനു കൊടുക്കേണ്ട സമ്മര്‍ദവും താരതമ്യേന തീരെ കുറവാണ്. അതായത് സമ്മര്‍ദം ചെലുത്താന്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ അളവും അതുവഴി ചെലവും കുറയും. ഇതുവരെ കണ്ടെത്തിയ മാര്‍ഗങ്ങളെല്ലാം കാര്‍ബണിന്‍റെ ഈ ഘടനാ മാറ്റത്തിനു വലിയ തോതിലുള്ള ഇന്ധനവും ഉയര്‍ന്ന താപനിലയും ആവശ്യമുള്ളതായിരുന്നു, അതുകൊണ്ട് തന്നെ ആ മാര്‍ഗങ്ങള്‍ വ്യാവസായികപരമായി ലാഭകരമായിരുന്നില്ലെന്നും ആര്‍എംഐറ്റി ഫിസിക്കല്‍ കെമിസ്റ്റ് റ്റോര്‍ബെന്‍ ഡെയ്നേക് പറയുന്നു. 

ആര്‍എംഐറ്റി കണ്ടെത്തിയ മാര്‍ഗത്തില്‍ കാര്‍ബണ്‍ വാതകത്തെ ഖരമാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ലോഹ ഇന്ധനങ്ങളാണ്. ഇവ സാധാരണ താപനിലയില്‍ തന്നെ വാതകത്തെ കാര്‍ബണ്‍ പൊടികളാക്കി മാറ്റാന്‍ ശേഷിയുള്ളവയാണ്. അതിനാല്‍ തന്നെ ഈ മാര്‍ഗം കൂടുതല്‍ ക്ഷമതയുള്ളതും പ്രായോഗികവുമാണെന്നു ഡെയ്നേക് അവകാശപ്പെടുന്നു. ഈ മാര്‍ഗത്തിലൂടെ വ്യാവസായികപരമായി കാര്‍ബണ്‍ വാതകത്തെ ഖരവസ്തുക്കളാക്കി മാറ്റി വീണ്ടും ഉപയോഗിക്കുന്നതു ലാഭകരമാക്കുമെന്നും ഡെയ്നേക് പറയുന്നു.

ലോഹ ഇന്ധനങ്ങളുടെ പ്രവര്‍ത്തനം

സെറിയം എന്ന ലോഹത്തിന്‍റെ നാനോ പാര്‍ട്ടിക്കളുകള്‍ അഥവാ സൂക്ഷ്മ കണികകളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇന്ധനത്തിന്‍റെ മേല്‍ കാര്‍ബണ്‍ അടിഞ്ഞുകൂടി  പ്രവര്‍ത്തനക്ഷമത കുറയാതിരിക്കാന്‍ ഇത്തരത്തില്‍ സൂക്ഷ്മ കണികകളാക്കി ഇന്ധനം മാറ്റുന്നതു സഹായിക്കും. മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് സെറിയം കുറഞ്ഞ താപക്ഷമതയുള്ള ലോഹമാണ്. ഇതിനിലാണ് സാധാരണ താപനിലയില്‍ തന്നെ ഈ ഇന്ധനം ഉപയോഗിച്ചു കാര്‍ബണിന്‍റെ ഘടനാ മാറ്റം സാധ്യമാകുന്നതും. 

കാര്‍ബണിന്‍റെ ഖരരൂപങ്ങളില്‍ ഒന്നായ ഗ്രാഫേന്‍ ഭാവിയിലെ പ്രധാനപ്പെട്ട ഉൽപന്നങ്ങളില്‍ ഒന്നായി മാറുമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. ഇലക്ട്രോണിക്സിന്‍റെ ഭാവി സാധ്യതകളില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ ഗ്രാഫേനിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച കപ്പാസിറ്ററായും കണ്ടക്ടറായും ഉള്ള ഗ്രഫേനിന്‍റെ പ്രവര്‍ത്തനമാണിതിനു കാരണം. ഇങ്ങനെ നാളത്തെ ഗ്രാഫേനിന്‍റെ വിപണി സാധ്യതകള്‍ കണക്കിലെടുത്താല്‍ കാര്‍ബണിനെ ഖരരൂപത്തിലാക്കാനുള്ള ഇപ്പോഴത്തെ കണ്ടെത്തലുകള്‍ ഭാവിയില്‍ വരാനിരിക്കുന്ന ഗ്രാഫേനിന്‍റെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാന്‍ സഹായിച്ചേക്കും.