ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നോര്‍ത്ത് കരലൈനയിലെ ദര്‍ഹാമിന്‍റെ ഒരു ചിത്രം ജെർമി ഗില്‍ക്രിസ്റ്റ് എന്ന ഫൊട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തുടര്‍ന്ന് ഒരു ചോദ്യവും ജെർമി ഗില്‍ക്രിസ്റ്റ് തന്‍റെ ഫോളോവേഴ്സിനോട് ചോദിച്ചു. തന്‍റെ ചിത്രത്തിന് ഇളം പച്ച നിറം നല്‍കിയിരിക്കുന്ന ഫില്‍ട്ടര്‍ ഏതാണെന്നറിയാമോ എന്നതായിരുന്നു ആ ചോദ്യം. പലരും ക്യാമറയിലും ഇന്‍സ്റ്റഗ്രാമിലുമുള്ള പല ഫില്‍ട്ടറുകളുടെയും പേരു പറഞ്ഞു. പക്ഷേ ഒടുവില്‍ യഥാര്‍ത്ഥ ഉത്തരം ജെർമി ഗില്‍ക്രിസ്റ്റ് തന്നെയാണ് പറഞ്ഞത്.

‘പോളൻപോകലിപ്സ്’ എന്നതായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഉത്തരം. ഈ ഫില്‍ട്ടര്‍ ഏതെങ്കിലും ആപ്പിലോ ക്യാമറയിലോ ഉള്ളതല്ല, മറിച്ച് വായുവിലുള്ളതാണ്. നോര്‍ത്ത് കാരലൈനയില്‍ അനുഭവപ്പെടുന്ന വലിയൊരു വായുമലിനീകരണ പ്രശ്നം ഉയര്‍ത്തിക്കാട്ടുകയാണ് ജെർമി ഗില്‍ക്രിസ്റ്റ് തന്‍റെ പോസ്റ്റിലൂടെ ചെയ്തത്. ജെർമി ഗില്‍ക്രിസ്റ്റ് മാത്രമല്ല നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരുമെല്ലാം ഇപ്പോൾ മനുഷ്യരുടെ മരണത്തിനു പോലും കാരണമായേക്കാവുന്ന ‘പോളന്‍’ എന്ന മലിനവസ്തുവിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

പോളൻപോകലിപ്സ്

മറ്റ് ഒട്ടനവധി വായുമലിനീകരണ വസ്തുക്കളില്‍ നിന്ന് വിഭിന്നമായി പോളൻഅപോകലിപ്സിനു കാരണമാകുന്നത് പ്രകൃതി ദത്തമായ പൊടികള്‍ തന്നെയാണ്. വിത്തുൽപാദിപ്പിക്കുന്ന മരങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നുമാണ് ‘പോളന്‍’ എന്ന പദാർഥം വായുവിലേക്കെത്തുന്നത്. വിത്തുകള്‍ കാറ്റിനൊപ്പം വിവിധ സ്ഥലങ്ങളിലേക്കു പരാഗണം ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ‘പോളന്‍’പദാർഥങ്ങള്‍. മരങ്ങള്‍ മാത്രമല്ല പുല്ലുകളും ചെടികളുമെല്ലാം ഈ ‘പോളന്‍’ ഉൽപാദിപ്പിക്കാറുണ്ട്. 

സാധാരണഗതിയില്‍ പ്രകൃതിയില്‍ കാണപ്പെടുന്നതാണെങ്കിലും ശക്തമായ കാറ്റും മനുഷ്യരുടെ ഇടപെടലുകളും ‘പോളന്‍’സാന്നിധ്യം വായുവില്‍ കുത്തനെ ഉയരുന്നതിനു കാരണമാകാറുണ്ട്. ‘പോളന്‍’ മനുഷ്യരില്‍ സൃഷ്ടിക്കുന്ന അലര്‍ജിയാണ് അതിനെ അപകടകാരിയാക്കുന്നതും. അനുകൂലമായ കാലാവസ്ഥ കൂടിയാണെങ്കില്‍ ആളുകളില്‍ അലര്‍ജി വർധിക്കുന്നതിനും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് ആളുകള്‍ മരിക്കുന്നതിന് വരെ ‘പോളന്‍’ കാരണമാകാറുണ്ട്.

Image Credit: Jeremy Gilchrist/Facebook

കരലൈനയിലെ പോളൻപോകലിപ്സ്

കരോളിനയിലും അറ്റ്ലാന്‍റയിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന പ്രതിഭാസത്തെയാണ് പോളൻപോകലിപ്സ് എന്ന് ഗവേഷകര്‍ വിളിക്കുന്നത്. പോളന്‍ സുനാമി എന്നും ഈ പ്രതിഭാസത്തിന് ചിലര്‍ പേരു നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റ് മൂലമാണ് കഴിഞ്ഞ ഒരാഴ്ചയായി ഇത്രയധികം പോളൻ അറ്റ്ലാന്‍റാ മേഖലയിലേക്കെത്തിയത്. 

ആദ്യം മേഘങ്ങള്‍ പോലെ വായുവില്‍ കൂട്ടം കൂടിയാണ് ഇവ കാണപ്പെട്ടത്. ഇതാണ് ജെർമി ഗില്‍ക്രിസ്റ്റിന്‍റെ ചിത്രങ്ങള്‍ക്ക് ഇളം പച്ച നിറം നല്‍കിയതും. എന്നാല്‍ ശക്തമായ കാറ്റിലും മഴയിലും മേഘങ്ങള്‍ പോയെങ്കിലും ഇപ്പോള്‍  ‘പോളന്‍’  മണ്ണിലേക്കെത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അറ്റ്ലാന്‍റ, കാരലൈന മേഖലയിലുള്ളവര്‍ ഇപ്പോഴും ‘പോളന്‍’ മലിനീകരണത്തില്‍ നിന്നു മുക്തരല്ല.

‘പോളന്‍’ കൗണ്ട് എന്നതാണ് അന്തരീക്ഷത്തിലെ  ‘പോളന്‍’ സാന്നിധ്യം അളക്കുന്നതിനുള്ള തോത്. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ മുഖം മൂടി ഇറങ്ങണമെന്നും വീടിന്‍റെ ജനാലകളും വാതിലുകളും അടച്ചു തന്നെ സൂക്ഷിക്കണമെന്നും പ്രദേശവാസികളോടു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വരണ്ട കാറ്റാണ് ഇപ്പോഴത്തെ ‘പോളന്‍’ പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണു കരുതുന്നത്.

കാലാവസ്ഥാ വ്യതിയാനവും ‘പോളന്‍’ പ്രതിന്ധിയും

കാലാവസ്ഥാ വ്യതിയാനം "പോളന്‍ " പ്രശ്നം രൂക്ഷമാക്കുന്നു എന്നതാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലവും വരണ്ട കാലാവസ്ഥയും ഈ മേഖലയില്‍ വർധിക്കുന്നുണ്ട്. ഇത് വൃക്ഷങ്ങളിലെയും മറ്റും പോളന്‍ ഉൽപാദനം വർധിക്കുന്നതിനും കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതിനും കാരണമാകുന്നു. ഉയര്‍ന്ന താപനിലയും വർധിക്കുന്ന അന്തരീക്ഷ കാര്‍ബണും പോളന്‍ ഉൽപാദനം വർധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.