മാവൂർ തെങ്ങിലക്കടവിൽ ചെറുപുഴയുടെ തീരത്ത് മൂന്നര ഏക്കറിലെ ഔഷധ വൃക്ഷങ്ങളാണ് സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നത്. 2003ൽ ദയ, പുലരി, കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് വനം വകുപ്പിന്റെ സഹായത്തോടെയാണ് ഇവിടെ ഔഷധ സസ്യങ്ങൾ നട്ടുനനച്ച് വളർത്തിയെടുത്തത്.

ആര്യവേപ്പ്, ഉങ്ങ്, മുള, കാറ്റാടി, കുമിഴ്, നരിവേങ്ങ, മഞ്ചാടി, കണിക്കൊന്ന, ചുവപ്പ് കൊന്ന, മണിക്കൊന്ന, കുങ്കുമം, നെല്ലി, മഹാഗണി, മരുത്, നീർമരുത്, മണിമരുത്, വീട്ടി തുടങ്ങി രണ്ടായിരത്തോളം മരങ്ങളാണ് 10 വനിതകൾ ചേർന്ന് നട്ടുവളർത്തിയത്.

ഗ്രാമവനത്തിലേക്ക് വഴി അനുവദിക്കുകയും പുഴയുടെ പാർശ്വഭിത്തികെട്ടി സംരക്ഷിക്കുകയും വേണമെന്ന് പറയാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇനിയും നടപടിയില്ല. നശിച്ച മരങ്ങൾക്കു പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാനും നടപടിയുണ്ടായില്ല. പുറംപോക്ക് ഭൂമി കണ്ടെത്തി സംരക്ഷിക്കാൻ പഞ്ചായത്ത് സർവേ നടത്തിയെങ്കിലും ഗ്രാമവനത്തിലേക്ക് വഴി ഒരുക്കിയിട്ടില്ല. സർവേ ചെയ്ത ഭാഗങ്ങൾ അടയാളപ്പെടുത്തി വേലികെട്ടുകയും വേണം.

ഒട്ടേറെ വലിയ മരങ്ങൾ‌ കടപുഴകി വീണിട്ടുണ്ട്. പുഴയോരം ഇടിഞ്ഞ് ഏതാനും മരങ്ങൾ പുഴയിൽ പതിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക വിരുദ്ധർ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതായും പരാതിയുണ്ട്. ഈ ഔഷധ ഉദ്യാനം സംരക്ഷിക്കാനായാൽ വരും തലമുറയ്ക്ക് ഒരു മുതൽകൂട്ടും കരുതലുമാവും.