മാലിന്യ സംസ്കരണത്തിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ച് മണലൂർ പഞ്ചായത്ത്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു പുറം തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിച്ച്  യന്ത്രത്തിൽ പൊടിച്ച് ആ പൊടി റോഡ് ടാറിങ്ങിൽ മിശ്രിതമാക്കി ഉപയോഗിക്കുകയാണു ചെയ്യുന്നത്.

സമീപ പഞ്ചായത്തുകളിലെ റോഡുകൾ ടാർ ചെയ്യുന്നതിനു 1500 കിലോ പ്ലാസ്റ്റിക് പൊടി വില ഈടാക്കി നൽകാനും ഇതിനകം മണലൂർ പഞ്ചായത്തിനു സാധിച്ചു. കൂടാതെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ബെയിലിങ് മെഷിൻ ഉപയോഗിച്ച് ബെയ്ൽ ചെയ്തു സൂക്ഷിക്കുന്നു.

വീടുകളിൽ നിന്ന് ശേഖരിച്ച ബാഗുകൾ, ചെരുപ്പുകൾ, കുപ്പികൾ എന്നിവ തരം തിരിച്ച് ക്ലീൻ കേരളയ്ക്കു നൽകാനും സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രീയ രീതിയിൽ ബെയ്ൽ ചെയ്ത പ്ലാസ്റ്റിക് കെട്ടുകൾ റീസൈക്കിളിങ്ങിനു ക്ലീൻ കേരള കമ്പനിക്ക് അടുത്ത ദിവസം കൈമാറും. 6 ലോഡ് മാലിന്യവസ്തുക്കളാണു ശാസ്ത്രീയ രീതിയിൽ ക്ലീൻ ചെയ്തു  കൈമാറുന്നത്.

38 അംഗങ്ങളുള്ള ഹരിതകർമ സേനയാണു 19 വാർഡുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, സെക്രട്ടറി ഇൻ ചാർജ് കെ.വി. സുനിത, സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്ന അഞ്ചാം വാർഡിലെ അംഗം ജനാർദ്ദനൻ മണ്ണുമ്മൽ .എന്നിവർ മേൽനോട്ടം വഹിക്കുന്നു.