യൂഗ്ലിന അർക്യുവെർഡിസ്

അച്ചൻകോവിലാറ്റിൽ ജലോപരിതലത്തിലെ മഞ്ഞ നിറത്തിനു പിന്നിൽ യുഗ്ലിനോഫൈറ്റ്സ് എന്ന ആൽഗ വിഭാഗത്തിലെ സൂക്ഷ്മ ജല സസ്യമെന്ന് പഠന റിപ്പോർട്ട്. ഈ സൂക്ഷ്മ വിഭാഗത്തിൽപ്പെടുന്ന യൂഗ്ലിന സാൻജൂനിയ, യൂഗ്ലിന അർക്യുവെർഡിസ്, ഫാക്കസ് കോർവിക്കോഡ എന്നിവയാണ് ഇതുവരെ കണ്ടെത്തിയത്. യൂഗ്ലിനോഫൈസിൻ എന്ന വിഷം ഉൽപാദിപ്പിക്കാൻ കഴിയുന്നവയാണ് ഈ ആൽഗകൾ. നദിയിലെ മൽസ്യ സമ്പത്തിനെയും മറ്റു ജല സസ്യങ്ങളെയും ഈ ആൽഗകൾ നശിപ്പിക്കും. 

യൂഗ്ലിന സാൻജൂനിയ

ആൽഗകൾ ജലോപരിതലത്തിൽ പടർന്നാൽ, വെള്ളത്തിലേക്കുള്ള ഓക്സിജന്റെ വരവ് പൂർണമായും നിലയ്ക്കും. അതേസമയം, ബാക്ടീരിയയുടെ വളർച്ചയെ പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്കു കാൻസറിനെ ചെറുക്കാൻ കഴിവുണ്ടെന്ന ഗുണവും ഉണ്ട്. നദിയിലെ താപനിലയും ലവണ സാന്ദ്രതയും ഉയർന്നതും സൂര്യന്റെ ചൂടുമാണ് ഈ ജലസസ്യത്തിന്റെ വളർച്ചയ്ക്കു കാരണം. 

ഫാക്കസ് കോർവിക്കോഡ

ബ്രസീൽ, പോളണ്ട് എന്നീ രാജ്യങ്ങളിലെ നദികളിൽ ഈ ആൽഗ കണ്ടെത്തിയിട്ടുണ്ട്. കാഡ്മിയം, താലിയം, സിങ്ക്, ലെഡ് എന്നിവയുടെ സാന്നിധ്യമുള്ള ജലാശയങ്ങളിലാണ് ഈ ജല സസ്യം മുൻപ് കണ്ടെത്തിയത്. ഫിനോൾ, കളനാശിനി, കീടനാശിനി എന്നിവയാൽ മലിനപ്പെടുന്ന ജലത്തിൽ ഈ ആൽഗ വളരും. അച്ചൻകോവിലാറ്റിലെ ജലം മലിനപ്പെട്ടതിന്റെ തെളിവാണ് ഈ ആൽഗകളുടെ സാന്നിധ്യം. 

പത്തനംതിട്ട കല്ലറക്കടവില്‍ ജലോപരിതലത്തിൽ പടർന്ന് കിടക്കുന്ന ആൽഗ

എന്നാൽ, നദിയിലെ ജലത്തിൽ കുളിക്കുന്നവർക്ക് അനുഭവപ്പെടുന്ന ചൊറിച്ചിലിന് ഈ ആൽഗകൾ കാരണമല്ലെന്നും പഠനത്തിൽ പറയുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗമാണ് അൽഗകൾ സംബന്ധിച്ചു പഠനം നടത്തിയത്. ഡോ.ബിനോയ് ടി.തോമസിന്റെ നേതൃത്വത്തിൽ ഡോ.വി.പി.തോമസ്, എം.വി.ഭാഗ്യ, എസ്.ടി.ശരണ്യമോൾ എന്നിവരാണ് പഠനം നടത്തിയത്.