പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ഇപ്പോള്‍ ഏറെക്കുറെ എല്ലാവരും തന്നെ ബോധവാന്‍മാരാണ്. നൂറ് കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിഘടിച്ച് മണ്ണില്‍ ചേരാതെ മലിന വസ്തുവായി തുടരും എന്നതാണ് പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യഫലം. അതുകൊണ്ട് തന്നെയാണ് സാധാരണ പ്ലാസ്റ്റിക്കിന് ബദലായി ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് അഥവാ മണ്ണില്‍ വിഘടിച്ചു പോകുന്ന പ്ലാസ്റ്റിക് കണ്ടെത്തിയത്. ഇവ ഉപയോഗിച്ചുള്ള സഞ്ചികള്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ ബദല്‍ എന്ന രീതിയില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കും അത്ര പരിസ്ഥിതി സൗഹാർദമല്ലെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് വര്‍ഷം മണ്ണിനടിയില്‍ കിടന്നിട്ടും ഉപയോഗിക്കാന്‍ കഴിയുന്ന സഞ്ചി

Image Credit:University of Plymouth

ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കിന്‍റെ മണ്ണിലുള്ള വിഘടന ശേഷി പരിശോധിക്കാന്‍ നടത്തിയ പഠനങ്ങളാണ് ഈ ശ്രദ്ധേയമായ കണ്ടെത്തലിലേക്കു നയിച്ചത്. മൂന്ന് വര്‍ഷത്തിലധികം ഒരു പ്ലാസ്റ്റിക് സഞ്ചി മണ്ണിനടിയില്‍ സൂക്ഷിക്കപ്പെട്ടെങ്കിലും അതിന്റെ നിറം മങ്ങിയതല്ലാതെ യാതൊരുവിധ മാറ്റവും സംഭവിച്ചില്ലെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു. നേരിയ തോതില്‍ പോലും ആ പ്ലാസ്റ്റിക് സഞ്ചിയുടെ ബലത്തിനു കുറവു വന്നിരുന്നില്ല. വീണ്ടും നിറയെ സാധനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കരുത്ത് ആ സഞ്ചിക്കുണ്ടായിരുന്നുവെന്ന് പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ബ്രിട്ടനിലെ പ്ലിമത് സര്‍വകലാശാല ഗവേഷകരാണ് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റികിന്‍റെ വിഘടനശേഷിയെക്കുറിച്ച് ഗവേഷണം നടത്തിയത്. ബയോ ഡീഗ്രേഡബിള്‍ ആയിട്ടുള്ള പ്ലാസ്റ്റിക്കില്‍ ഉപയോഗിക്കുന്ന മൂലകങ്ങള്‍ പ്രകൃതിയില്‍ ലയിക്കാന്‍ തക്ക ശേഷിയുള്ളതാണോ എന്നതായിരുന്നു ഇവര്‍ അന്വേഷിച്ചത്. ഉപേക്ഷിക്കപ്പെട്ട് 3 വര്‍ഷം മണ്ണിനടിയില്‍ കിടന്നിട്ടും പ്ലാസ്റ്റിക് സഞ്ചിക്ക് ഒരു പോറൽ പോലും തട്ടിയിട്ടില്ല എന്നതാണ് ഇവര്‍ക്കു മനസ്സിലായത്. അതിനാല്‍ തന്നെ ബയോ ഡീഗ്രേഡബിള്‍ എന്നവകാശപ്പെടുന്ന പ്ലാസ്റ്റിക്കും പരിസ്ഥിതിക്ക് സാരമായ ആഘാതം സൃഷ്ടിക്കുന്നതായാണ് ഈ ഗവേഷകരുടെ വിലയിരുത്തല്‍.

ബയോഡീഗ്രേഡബിള്‍ എന്ന ലേബലിലുള്ള സഞ്ചികള്‍ ഉപയോഗിക്കുന്നവര്‍ അവ പരിസ്ഥിതി സൗഹൃദമാണെന്ന ധാരണ വച്ചു പുലര്‍ത്തുന്നുണ്ട്. അത്തരം ലേബലുകള്‍ ആ ധാരണയാണ് സൃഷ്ടിക്കുന്നതും. പക്ഷേ ഉപയോഗിച്ചു കഴിയുമ്പോള്‍ ഫലം മറ്റൊന്നാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ഇമോഗന്‍ നേപ്പര്‍ പറയുന്നു. 

ബയോ ഡീഗ്രേഡബിളും സാധാരണ പ്ലാസ്റ്റികും തമ്മിലുള്ള ഉപയോഗത്തിലെ വ്യത്യാസം

അഞ്ച് തരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനങ്ങള്‍ നടത്തിയത്. രണ്ട് ഓക്സിയോ ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഓരോ  ബയോ ഡീഗ്രേഡബിള്‍ ക്യാരി ബാഗും, കംപോസിറ്റബിള്‍ബാഗും, ഒരു സാധാരണ പ്ലാസ്റ്റിക് ബാഗും. ഇവയില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമെന്നു കരുതിയിരുന്നത് കംപോസിറ്റബിള്‍ ബാഗുകളാണ്.മറ്റ് ബാഗുകളുമായി താാരതമ്യം ചെയ്യുമ്പോള്‍ ഇവ വേഗത്തില്‍ വിഘടിക്കപ്പെടും എന്നാണു കരുതുന്നത്. ഓക്സിയോ ബയോ ഡീഗ്രേഡബിള്‍ ബാഗുകളാകട്ടെ മറ്റ് ബയോ ഡീഗ്രേഡബിള്‍ ബാഗുകളേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ അവശേഷിപ്പിക്കുന്നവയാണ്.  

ഈ അഞ്ച് ബാഗുകള്‍ മണ്ണ്, വായു, ജലം എന്നിവയില്‍ എങ്ങനെ പ്രവര്‍ത്തക്കുന്നുവെന്നും ഇവയുടെ വിഘടന തോതും ആണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവയില്‍ വായുവുമായി നിരന്തരം സമ്പര്‍ക്കം സംഭവിച്ച ബാഗുകളുടെ കരുത്താണ് വേഗത്തില്‍ ചേര്‍ന്നു പോയത്. ഇവ 9 മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറിയ ഭാഗങ്ങളായി മുറിഞ്ഞു പോയി. എന്നാല്‍ ഇതിനര്‍ത്ഥം ഇവ പ്രകൃതിയില്‍ ലയിച്ചു എന്നതല്ല. അതേസമയം വെള്ളത്തിലും മണ്ണിലും നിക്ഷേപിച്ചവയില്‍ കാര്യമായ മാറ്റമുണ്ടായില്ല. 

പരീക്ഷണത്തിനുപയോഗിച്ച നാല് തരത്തിലുള്ള പ്ലാസ്റ്റിക്കുകളില്‍ കംപോസിറ്റബിള്‍ പ്ലാസ്റ്റിക് മാത്രമാണ് ഭേദപ്പെട്ട ഫലം നല്‍കിയത്. കംപോസിറ്റബിള്‍ ബാഗുകള്‍ വെള്ളത്തില്‍ നിന്ന് മൂന്നു മാസം കൊണ്ട് അപ്രത്യക്ഷമായി. മണ്ണിലും ഏറെക്കുറെ പൂര്‍ണ്ണമായും വിഘടിക്കപ്പെട്ടു. പക്ഷേ 27 മാസങ്ങള്‍ക്കു ശേഷവും മണ്ണില്‍ കംപോസിറ്റബിള്‍ പ്ലാസ്റ്റികിന്‍റെ കുറച്ച് അംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.

അതേസമയം മറ്റ് മൂന്ന് പ്ലാസ്റ്റിക്കുകളും ബയോ ഡീഗ്രേഡബിള്‍, ഓക്സി ബയോഡീഗ്രേഡബിള്‍ , സാധാരണ പ്ലാസ്റ്റിക് സഞ്ചികള്‍  എന്നിവയ്ക്കു കാര്യമായ മാറ്റങ്ങള്‍ വായുവിലോ, ജലത്തിലോ, മണ്ണിലോ ഉണ്ടായില്ല. അതുകൊണ്ട് തന്നെ ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് എന്നത് പേരു നല്‍കുന്ന ധാരണ പോലെ പരിസ്ഥിതി സൗഹാര്‍ദമായ ഒന്നല്ല എന്ന് ഗവേഷകര്‍ പറയുന്നു. ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് സാങ്കേതികമായ പ്രക്രിയകളിലൂടെ രൂപം മാറ്റാനും, പുതിയ ഉൽപന്നം നിര്‍മിക്കാനുമെല്ലാം ഉപയോഗിക്കാം എന്നല്ലാതെ പരിസ്ഥിതിയില്‍ അലിഞ്ഞു ചേരുമെന്നത് തെറ്റിധാരണയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.