പമ്പാനദീതടത്തിൽ പ്രളയാനന്തരം വായു മലിനീകരണം രൂക്ഷമെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെതുടർന്ന്് പമ്പാനദിയുടെ ഇരുകരകളിലും പൊടിശല്യം രൂക്ഷമായി തുടങ്ങിയെന്നും പൊതുജനാരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നുമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. റാന്നി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗങ്ങളിലാണ് ഇത് രൂക്ഷമായിരിക്കുന്നത്. പ്രളയം കഴിഞ്ഞ് 8 മാസം പിന്നിട്ടിട്ടും ധാരാളം മഴ ലഭിച്ചിട്ടും പൊടിയുടെ ആധിക്യം കുറഞ്ഞിട്ടില്ല. പൂവത്തൂരിൽ പമ്പാ പരിരക്ഷണ ഓഫിസിന് സമീപം കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അന്തരീക്ഷ മലിനീകരണ തോത് പരിശോധിച്ചത്.

10 മൈക്രോഗ്രാം വലുപ്പമുള്ള മണ്ണിലെ പൊടിയുടെ അളവ് 107 മൈക്രോഗ്രാം / ഘനമീറ്ററായാണ് കണ്ടെത്തിയിട്ടുള്ളത്. പൊതുജനാരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കുന്ന വായു മലിനീകരണം ലഘൂകരിക്കുന്നതിന് അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. പമ്പാതീരങ്ങളിൽ മാത്രമാണ് പൊടിശല്യമുള്ളത്.പ്രളയത്തിൽ എക്കൽമണ്ണ് ഒഴുകി കുട്ടനാട്ടിൽ അടിഞ്ഞു. ഇവിടെ പൊടി അവശേഷിച്ചു. കുട്ടനാട്ടിൽ കാർഷിക വിളകൾക്ക് ഇപ്പോൾ നല്ല കാലമാണ്. എന്നാൽ പൊടിയുടെ ആധിക്യം പമ്പാ നദീതട മേഖലയിലെ കൃഷിയെയും ബാധിക്കുന്നുണ്ട്. വിളകളുടെ ഇലകളിൽ പൊടി പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ പ്രകാശ സംശ്ലേഷണം കുറയുന്നു. ഇതു കാരണം വിളകൾ പാകമാകാൻ വൈകുന്നതിനു പുറമെ ഉണങ്ങി നശിക്കുകയും ചെയ്യുന്നു.

ശ്വാസകോശ രോഗബാധിതർ ഏറുന്നു

അന്തരീക്ഷത്തിൽ കലർന്ന മാലിന്യത്തിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പഠിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതിൽ ആരോഗ്യവകുപ്പും ജാഗരൂകരാകേണ്ടതാണ്. പ്രളയത്തിനു ശേഷം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്തുന്ന ശ്വാസകോശരോഗബാധിതരുടെ എണ്ണം വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൃത്യമായി ആരോഗ്യവകുപ്പും രേഖപ്പെടുത്തിയിട്ടില്ല. ഭാവിയിലുണ്ടാകാനിടയുള്ള പ്രളയങ്ങളിൽ 2018 ലെ പ്രളയാനന്തര അനുഭവങ്ങൾ പാഠമാക്കി മുൻകരുതലുകൾ സ്വീകരിക്കണമെന്ന്് പമ്പാപരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ. സുകുമാരൻ നായരും വൈസ് പ്രസിഡന്റ് അലക്‌സാണ്ടർ കെ. തോമസും ആവശ്യപ്പെട്ടു.