കോകോസ് ദ്വീപ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപസമൂഹമാണ്. ഓസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 2000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് മനുഷ്യവാസമില്ലാത്തതും അപൂര്‍വമായി മാത്രം മനുഷ്യരുടെ കാല്‍പാട് പതിയുന്നതുമായ ഒരു പ്രദേശമാണ്. മനുഷ്യരുടെ സാമീപ്യമില്ലെങ്കിലും ലോകത്തെ ഏറ്റവുമധികം പ്ലാസ്റ്റിക് സാന്ദ്രതയുള്ള ദ്വീപ് കൂടിയാണ് കോകോസ്. 414 ദശലക്ഷം പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ ഈ ദ്വീപില്‍ ഇന്നുണ്ടെന്നാണു കണക്കാക്കുന്നത്. 238 ടണ്‍ ഭാരം വരുന്ന ഈ പ്ലാസ്റ്റിക് മാലിന്യത്തില്‍ ഒരു ലക്ഷത്തിലധികം ഷൂവും നാല് ലക്ഷത്തോളം ടൂത്ത് ബ്രഷുകളും ഉള്‍പ്പെടുന്നു. 

അതീവ അപകടാവസ്ഥയിലാണ് ഈ ദ്വീപെന്ന് പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യത്തെ ലോകശ്രദ്ധയിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ജെന്നിഫര്‍ ലാവേഴ്സ് പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിപ്പെടാത്ത പ്രദേശങ്ങളില്ല. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവിനെക്കുറിച്ച് ധാരണ ലഭിക്കാന്‍ ഇത്തരം ഒറ്റപ്പെട്ട ദ്വീപുകള്‍ സന്ദര്‍ശിച്ചാല്‍ മാത്രം മതിയാകും എന്ന് ജെന്നിഫര്‍ ലാവേഴ്സ് പറയുന്നു.  ജെന്നിഫര്‍ തന്നെ മുന്‍പ് പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ പേരില്‍ ശ്രദ്ധയിലേക്കെത്തിച്ച ദ്വീപാണ് പസിഫിക്കിലെ ഹെന്‍ഡേഴ്സണ്‍. 

ഹെന്‍ഡേഴ്സണ്‍ ദ്വീപ്

കൊകോസ് ദ്വീപിലെ മാലിന്യത്തിന്‍റെ അളവ് വ്യക്തമാകും വരെ ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ള ഒറ്റപ്പെട്ട ദ്വീപായി കണക്കാക്കിയിരുന്നത് ഹെന്‍ഡേഴ്സണ്‍ ദ്വീപിനെയായിരുന്നു. എന്നാല്‍ കൊകോസ് ദ്വീപിലെ മാലിന്യത്തിന്‍റെ കണക്കുകള്‍ വ്യക്തമായതോടെ ഈ ദ്വീപിലെ മാലിന്യത്തിനു മുന്നില്‍ ഹെന്‍ഡേഴ്സണിലെ മാലിന്യം ആനയും ആടും പോലെയായെന്നാണ് ജെഫേഴ്സണ്‍ ലാവേഴ്സ് വിശദീകരിക്കുന്നത്.

പ്ലാസ്റ്റിക് കുന്നു കൂടിയിരിക്കുന്ന പലയിടങ്ങളിലും ബീച്ചിലെ മണല്‍ത്തരികള്‍ പോലും കാണാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ലവേഴ്സ് വിശദീകരിക്കുന്നു. ചിലയിടത്താകട്ടെ 10 സെന്‍റിമീറ്റര്‍ ആഴത്തില്‍ വരെ മണലില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്താന്‍ കഴിഞ്ഞു. കൂടുതല്‍ ആഴത്തിലേക്ക് കുഴിയ്ക്കാത്തതിനാല്‍ ഇതിലും താഴെ പ്ലാസ്റ്റിക് ലഭ്യമാകുമോ എന്നറിയില്ലെന്നാണ് ലാവേഴ്സ് പറയുന്നത്. മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ ഇത്ര ഭീകരമായ അളവില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നു കൂടിയിരിക്കുന്നത് കടലിലെ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ഭീകരമായ വർധനവിന്‍റെ തെളിവാണെന്നും ലാവേഴ്സ് പറയുന്നു. 

ഹെന്‍ഡേഴ്സണ്‍ ദ്വീപില്‍ നിന്ന് കൊകോസ് ദ്വീലേക്കെത്തുമ്പോള്‍ കണ്ടെത്തുന്ന മാലിന്യങ്ങളിലും സാരമായ വ്യത്യാസങ്ങളുണ്ടെന്ന് ലാവേഴ്സ് പറയുന്നു.  ഹെന്‍ഡേഴ്സണില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യം പ്രധാനമായും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടതായിരുന്നു. പക്ഷേ കൊകോസിലേത് ഉപഭോക്തൃ സംസ്കാരത്തിന്‍റെ ഭാഗമായുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ്. ഇവയില്‍ വെള്ളത്തിന്‍റെയും ഷാംപുവിന്‍റെയും ബോട്ടിലുകള്‍ തുടങ്ങി മുകളില്‍ സൂചിപ്പിച്ചത് പോലെ പ്ലാസ്റ്റിക് ബ്രഷുകളും കളിപ്പാട്ടങ്ങളും വരെ ഉള്‍പ്പെടുന്നു. 

വർധിക്കുന്ന പ്ലാസ്റ്റിക് ഉൽപാദനം

പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഒന്നും തന്നെ പ്ലാസ്റ്റിക് ഉൽപാദനത്തെ ബാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ തെളിയിക്കുന്നത്. പ്ലാസ്റ്റിക് ഉൽപാദനത്തിലും ഉപഭോഗത്തിലും വർധനവു തന്നെയാണ് തുടര്‍ച്ചയായി എല്ലാ വര്‍ഷവും രേഖപ്പെടുത്തുന്നത്. അതേസമയം തന്നെ വര്‍ഷം തോറും ഏതാണ്ട് 18- 20 വരെ ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് കടലിലേയ്ക്ക് പുറന്തള്ളപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റികിന്‍റെ 40 ശതമാനത്തോളം കടല്‍ ഉള്‍പ്പടെയുള്ള ജലാശയങ്ങളിലേക്കെത്തുന്നുവെന്നും കരുതപ്പെടുന്നു. 2016 വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 500 കോടി പ്ലാസ്റ്റിക് വസ്തുക്കള്‍ കടലില്‍ മാത്രമുണ്ട്.