ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനു ഉള്ള മുഖ്യകാരണം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിലുണ്ടായ വർധനവാണ്. ഈ ഹരിതഗൃഹ വാതകങ്ങളില്‍ അന്തരീക്ഷത്തില്‍ ഏറ്റവുമധികമുള്ളതും ബഹിര്‍ഗമനത്തില്‍ മുന്നില്‍ നില്‍ക്കുന്നതുമായ വാതകമാണ് കാര്‍ബണ്‍ ഡയോക്സൈഡ്. പക്ഷേ ആഗോളതാപനത്തിന്‍റെ തോത് കുറയ്ക്കാര്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് അന്തരീക്ഷത്തില്‍ വർധിപ്പിക്കണമെന്ന ഒരാശയാണ് ഒരു സംഘം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ വൈരുധ്യാത്മകം എന്നു തോന്നുമെങ്കിലും ഇതിനു പിന്നിലുള്ള കാരണങ്ങള്‍ ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്.

മീഥൈനെ ചെറുക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ്

കാര്‍ബണ്‍ ഡയോക്സൈഡ് കഴിഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഹരിതഗൃഹ വാതകമാണ്  മീഥൈന്‍. പക്ഷേ അളവിന്‍റെ കാര്യത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ പിന്നിലാണെങ്കിലും പ്രവര്‍ത്തന തീവ്രതയുടെ കാര്യത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 87 മടങ്ങ് അധികമാണ് മീഥൈനിന്‍റെ ശക്തി. അതായത് ഒരേ അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റത്തേക്കാള്‍ 87 മടങ്ങ് അധികമാണ് അതേ അളവിലുള്ള മീഥൈന്‍ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്തരീക്ഷത്തിലെ മീഥൈനെ കാര്‍ബണ്‍ ഡയോക്സൈഡായി മാറ്റാനുള്ള പദ്ധതിക്ക് ഗവേഷകര്‍ രൂപം നല്‍കിയത്.

കാര്‍ഷിക മേഖലയില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള ഉപോൽപന്ന വസ്തുവായാണ് മീഥൈന്‍ ഏറ്റവുമധികം അന്തരീക്ഷത്തിലേക്കെത്തുന്നത്. ഇപ്പോള്‍ അന്തരീക്ഷത്തില്‍ ഏകദേശം 320 കോടി ടണ്‍ മീഥൈന്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്. ഈ മീഥൈനെ മുഴുവന്‍ കാര്‍ബണ്‍ ഡയോക്സൈഡാക്കി മാറ്റുന്നതില്‍ വിജയിച്ചാല്‍ അന്തരീക്ഷത്തിലെ മീഥൈന്‍ വ്യവസായവൽക്കരണ കാലഘട്ടത്തിനു മുന്‍പുള്ള അളവിലേക്കെത്തിക്കാനാകുമെന്നു ഗവേഷകര്‍ കരുതുന്നു. ഇത് ആഗോളതാപനത്തിന്‍റെ അളവ് 15 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. 

മാര്‍ഗം പ്രായോഗികമോ ?

ഇത്തരത്തില്‍ മീഥൈനെ കാര്‍ബണ്‍ ഡയോക്സൈഡാക്കി മാറ്റുന്നതിന് രണ്ട് കാര്യങ്ങളാണ് ആവശ്യമുള്ളത്. ഒന്ന് അന്തരീക്ഷത്തിലെ മീഥൈനെ വേര്‍തിരിച്ചെടുക്കല്‍. രണ്ടാമതായി ഈ മീഥൈനെ കാര്‍ബണ്‍ ഡയോക്സഡാക്കി മാറ്റുന്ന പ്രവര്‍ത്തനം.. ഈ രണ്ട് കാര്യങ്ങള്‍ക്കുമുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ നിലവിലില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ മാര്‍ഗം പ്രായോഗികമല്ല. പക്ഷേ അതിനര്‍ത്ഥം സമീപഭാവിയില്‍ ഈ മാറ്റം നടക്കില്ല എന്നതല്ല. 

ഇപ്പോള്‍ ആഗോളതാപനത്തെ തടയാനുള്ള ശ്രമങ്ങള്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ കേന്ദ്രീകരിച്ചാണ്. ഇതിനു പകരം മീഥൈനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരു പക്ഷേ മറ്റൊരു പരിഹാരം വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡിലെ ഈ ഗവേഷക സംഘം വിശ്വസിക്കുന്നു. ഇതാകട്ടെ അന്തരീക്ഷത്തിലെ മീഥൈനെ ശേഖരിച്ച് കാര്‍ബണ്‍ ഡയോക്സൈഡാക്കാനുള്ള ശ്രമത്തിലൂടെ വേഗത്തില്‍ സാധ്യമാകുമെന്നാണ് ഇവര്‍ കരുതുന്നത്.

ഇതിനായി ഇവര്‍ മുന്നോട്ട് വയ്ക്കുന്ന സാധ്യതകളിലൊന്ന് സിയോലൈറ്റ് എന്ന ക്രിസ്ററ്റലൈന്‍ മെററ്റലിന്‍റെ ഉപയോഗമാണ്. ഇതിനെ സ്പോഞ്ച് പോലെ ഉപയോഗിക്കാന്‍ സാധിയ്ക്കുമെന്നും , അതിലൂട അന്തരീക്ഷ മീഥൈനെ ശേഖരിക്കാനാകുമെന്നും സ്റ്റാന്‍ഫോര്‍ഡ് ഗവേഷണ സംഘം വിശ്വസിക്കുന്നു. ഈ ക്രിസ്റ്റല്‍ ലോഹത്തിന്‍റെ പോറസ് മോളിക്യുലാര്‍ ഘടനയും താരതമ്യേന വിസ്തൃതിയുള്ള പ്രതലവും, ചെമ്പിനെയും ഇരുമ്പിനെയും ഉള്‍ക്കൊള്ളാനുമുള്ള കഴിവുമെല്ലാം മീഥൈനെ വലിച്ചെടുക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന സൂചനയാണു നല്‍കുന്നതെന്ന് ഗവേഷകരിലൊരാളായ എഡ് സോളമന്‍ പറയുന്നു.

മീഥൈന്‍ ശേഖരിയ്ക്കുന്ന വിധം

ഇലക്ട്രിക് ഫാനുപയോഗിച്ച് വായുവിനെ നിശ്ചത അറകളിലൂടെ കടത്തി വിടുകയാണ് ആദ്യപടി. ഈ അറകളില്‍ സ്ഥാപിച്ചിരിക്കുന്ന സിയോലൈറ്റോ സമാനമായ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് വായുവില്‍ നിന്ന് മീഥൈന്‍ വലിച്ചെടുക്കും. തുടര്‍ന്ന് ഈ മീഥൈന്‍ ചൂടാക്കി കാര്‍ബണ്‍ ഡയോക്സൈഡാക്കി മാറ്റി അന്തരീക്ഷത്തിലേക്കു തന്നെ തിരികെ അയയ്ക്കും.

ഇങ്ങനെ അന്തരീക്ഷത്തിലെ മീഥൈന്‍ പൂര്‍ണമായും കാര്‍ബണ്‍ ഡയോക്സൈഡാക്കി മാറ്റാന്‍ സാധിച്ചാല്‍ അത് ഏതാണ്ട് 800 കോടി ടണ്ണോളം വരും. ഇപ്പോള്‍ മനുഷ്യരുടെ ഇടപെടല്‍ മൂലം നിര്‍മിക്കപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് കണക്കിലെടുത്താന്‍ ഏതാനും മാസത്തെ ബഹിര്‍ഗമനത്തിന്‍റെ ആകെ തോത് മാത്രമാണ് 8 ബില്യണ്‍ ടണ്‍ എന്നത് അതേസമയം അന്തരീക്ഷത്തിലെ മീഥൈനിന്‍റെ അളവു കുറയുന്നത് ആഗോള താപനത്തിന്‍റെ തീവ്രത കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.