കോവളം ഗ്രോവ് ബീച്ചിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അടിയുന്നതു തുടരുന്നു. കഴിഞ്ഞ ദിവസം അടിഞ്ഞതിന്റെ ഇരട്ടിയായി തീരത്ത് ഇന്നലത്തെ മാലിന്യ മല. രാത്രിയിലാണു മാലിന്യം ഏറെ വന്നടിയുന്നതെന്നു ലൈഫ് ഗാർഡുകൾ. വേലിയേറ്റ സമയത്താണ് ഇവ കരയിലെത്തുന്നത്.

പ്ലാസ്റ്റിക് കുപ്പികൾ, വലകൾ എന്നിവയുൾപ്പെട്ട വലിയ മാലിന്യ ശേഖരം ഈ ബീച്ചിൽ  ഇതാദ്യമായാണു വൻ തോതിൽ വന്നടിയുന്നതെന്ന് നാട്ടുകാർ.  തീരത്തു നിന്നു ഇവ കുറേയേറെ നീക്കം ചെയ്തെങ്കിലും വീണ്ടും വന്നടിയുന്നതു സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ലൈറ്റ് ഹൗസ് തീരത്ത് വൻ മരങ്ങളുടെ ഭാഗങ്ങളും കരക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് വിഴി‍ഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പഴയ വലകളുടെ വൻ ശേഖരം അടിഞ്ഞിരുന്നു.