കടലിൽ സ്വസ്ഥമായി നീന്തിത്തുടിക്കുന്ന ജീവികൾ. എന്നാൽ പെട്ടെന്ന് അവ പരക്കം പായാൻ തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നു പോലും മനസ്സിലാകും മുൻപ് മീനുകളും മറ്റു കടൽജീവികളുമെല്ലാം ചത്തുപൊന്താനാരംഭിച്ചു! മെക്സിക്കോ ഉൾക്കടലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഓരോ വേനലിലും പ്രതീക്ഷിക്കുന്നതാണ് ഈ കാഴ്ച. വീണ്ടും സംഭവിക്കരുതേയെന്നാണു പ്രാർഥനയെങ്കിലും ഓരോ തവണയും കൂടുതൽ രൂക്ഷമാവുകയാണ് ഈ പ്രശ്നം. അതിനു കാരണമാകുന്നതാകട്ടെ മനുഷ്യന്റെ തന്നെ പ്രവൃത്തിയും. വേനലിൽ കടലിൽ രൂപപ്പെടുന്ന മൃത പ്രദേശങ്ങൾ അഥവാ ഡെഡ് സോൺ ആണ് ജീവികളുടെ കൂട്ടനാശത്തിനു കാരണമാകുന്നത്. 

ജീവനുള്ളവയ്ക്കൊന്നും വസിക്കാൻ സാധിക്കാത്ത വിധം ഓക്സിജൻ ഇല്ലാതാവുകയോ അതിന്റെ അളവ് കുറയുകയോ ചെയ്യുമ്പോഴാണ് ഡെഡ് സോണുകൾ രൂപപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുണ്ടാകാറുണ്ട്. എന്നാൽ  മെക്സിക്കോ ഉൾക്കടലിൽ ഇത് ഓരോ വേനലിലും ആവർത്തിക്കുന്നതാണു പ്രശ്നം. ഏറ്റവും ദുരന്തപൂർണമായ ഇത്തരം ‘ഹൈപോക്സിക്’ സോണുകൾ രൂപപ്പെടുന്നതിന്റെ കുപ്രസിദ്ധിയാർജിച്ച ഉദാഹരണവും മെക്സിക്കോ ഉൾക്കടലിൽ നിന്നാണ്. നാഷനൽ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനാണ് (എൻഒഎഎ) ഇത്തവണ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.  

മെക്സിക്കോ ഉൾക്കടലിൽ ഇന്നേവരെ രൂപപ്പെട്ടതിൽ ഏറ്റവും വലിയ ഡെഡ് സോണുകളിലൊന്നായിരുന്നു ഇത്തവണത്തേതെന്നാണ് ഇവരുടെ പ്രവചനം. ഏകദേശം 7829 ചതുരശ്ര മൈൽ വരെ പ്രദേശത്തു വ്യാപിച്ചു കിടക്കുന്നതായിരിക്കും ഇത്തവണത്തെ ഡെഡ്സോണ്‍. അതായത് യുഎസിലെ മാസച്യുസിറ്റ്സ് സ്റ്റേറ്റിന്റെ വലുപ്പമുള്ള പ്രദേശത്ത് കടലിൽ അൽപം പോലും ഓക്സിജനുണ്ടാകില്ല. അതുവഴിയുണ്ടാകുന്ന ദുരന്തമാകട്ടെ അപ്രവചനീയവും. യുഎസ് ജിയോളജിക്കൽ സർവേയിൽ (യുഎസ്ജിഎസ്) നിന്നുള്ള ഡേറ്റ അപഗ്രഥിച്ചാണ്  എൻഒഎഎ ഇത്തരമൊരു നിഗമനത്തിലെത്തിയത്. കഴിഞ്ഞ അഞ്ചു വർഷം ആകെ രൂപപ്പെട്ട മൃതപ്രദേശത്തിന്റെ ശരാശരി വലുപ്പത്തേക്കാൾ കൂടുതലായിരിക്കും ഇത്തവണത്തേത്– 5 വർഷത്തെ ശരാശരി ഏകദേശം 5770 ചതുരശ്ര മൈലായിരുന്നു. 

അപ്പോഴും ഇന്നേവരെ രൂപപ്പെട്ട ഏറ്റവും വലിയ ഡെഡ് സോണിന്റെ വലുപ്പത്തിന്റെ അടുത്തെത്താനേ സാധിക്കുകയുള്ളൂ ഇത്തവണത്തേതിന്. 2017ൽ മെക്സിക്കോ ഉൾക്കടലിൽ രൂപപ്പെട്ട 8776 ചതുരശ്ര മൈൽ വലുപ്പമുള്ള ഡെഡ് സോണിനാണ് ഇതുവരെയുള്ളതിൽ ഏറ്റവും വലുതെന്ന റെക്കോർഡ്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന ചെറിയൊരു മാറ്റം മതി നിലവിലെ എൻഒഎഎയുടെ പ്രവചനം തെറ്റാനും റെക്കോർഡും ഭേദിച്ച് 2019ലെ ഡെഡ് സോൺ വളരാനും. കൃഷിക്കുപയോഗിക്കുന്ന പല തരം രാസവസ്തുക്കൾ കടലിലേക്ക് ഒഴുകിയെത്തുന്നതാണ് ഇത്തരം ഡെഡ് സോണുകൾ രൂപപ്പെടാൻ കാരണം. കടലിൽ നിന്ന് ഏറെ ദൂരെയുള്ള കൃഷിയിടങ്ങളിലും പറമ്പുകളിലും വൻതോതിൽ വളപ്രയോഗം നടത്താറുണ്ട്. വളർച്ചയ്ക്കു സഹായിക്കുന്ന നൈട്രജനും ഫോസ്ഫറസുമാണ് ഇവയിൽ പ്രധാനം. മഴയെത്തുമ്പോൾ ഈ പോഷകവസ്തുക്കൾ മിസ്സിസ്സിപ്പി നദിയിലേക്ക് ഒലിച്ചിറങ്ങും. അവിടെ നിന്ന് എത്തുന്നതാകട്ടെ മെക്സിക്കൻ ഉൾക്കടലിലേക്കും. അവിടെ അവ ഒരു തരം ആൽഗെകൾക്കു വളമാവുകയാണു ചെയ്യുക. ആവശ്യത്തിനു പോഷകം ലഭിക്കുന്നതോടെ ഈ കടൽപ്പായലുകൾ തഴച്ചു വളരും. വേനൽക്കാലമാകുന്നതോടെ വളത്തിന്റെ ഒഴുക്ക് നിലയ്ക്കും ഈ പായലുകൾ കടലിനടിയിൽ കിടന്ന് അഴുകാനും തുടങ്ങും. ചുറ്റിലുമുള്ള ഓക്സിജൻ വലിച്ചെടുത്താണ് അഴുകൽ. അതോടെ ഡെഡ് സോണും രൂപപ്പെടുകയായി. 

ഇത്തവണ ഈ മൃതപ്രദേശത്തിന്റെ വലുപ്പം കൂടാനുമുണ്ട് കാരണം. മിസ്സിസ്സിപ്പി തടത്തിൽ കനത്ത മഴയാണുണ്ടായത്. അതോടെ മെക്സിക്കോ ഉൾക്കടലിലേക്ക് ഇന്നേവരെയില്ലാത്ത വിധം വെള്ളം കുതിച്ചെത്തിയിരിക്കുകയാണ്. ശരാശരി എത്തുന്നതിനേക്കാൾ കൂടുതൽ പോഷകവസ്തുക്കൾ ഇത്തവണ കടലിലേക്ക് ഊർന്നിറങ്ങുകയും ചെയ്യും. യുഎസ്ജിഎസ് ഡേറ്റ പ്രകാരം മേയിൽ മാത്രം 1.56 ലക്ഷം മെട്രിക് ടൺ നൈട്രേറ്റും 2.53 ലക്ഷം മെട്രിക് ടൺ ഫോസ്ഫറസും മിസ്സിസ്സിപ്പിയിൽ നിന്ന് മെക്സിക്കോ ഉൾക്കടലിലേക്ക് എത്തിയിട്ടുണ്ട്. കനത്ത മഴ വരും വർഷങ്ങളിലും തുടരുമെന്നാണു കാലാവസ്ഥാ പ്രചവചം. കാലാവസ്ഥാ വ്യതിയാനങ്ങൾ വഴിയുള്ള പ്രശ്നങ്ങൾ വേറെയും. അങ്ങനെ നോക്കുമ്പോൾ നിലവിലെ പ്രവൃത്തി മനുഷ്യൻ തുടർന്നാൽ ഡെഡ്സോണുകളുടെ വലുപ്പം കൂടിക്കൂടി വരികയേയുള്ളൂ. പാവം ജലജീവികളെ രക്ഷിക്കാൻ നാം വിചാരിച്ചേ മതിയാകൂവെന്നു ചുരുക്കം.