വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലാണ് ആശങ്കപ്പെടുത്തുന്ന വിധം ചാരത്തിമിംഗലങ്ങള്‍ ചത്തടിയുന്നത്. അലാസ്ക മുതല്‍ മെക്സിക്കോ വരെയുള്ള മേഖലകളില്‍ ഇത്തരത്തില്‍ തിമിംഗലങ്ങള്‍ ചത്ത് തീരത്തേക്കെത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യം മുതലുള്ള കണക്കെടുത്താല്‍ തന്നെ 70 തിമിംഗലങ്ങളാണ് ഇതുവരെ അമേരിക്കന്‍ തീരത്തു ചത്തടിഞ്ഞത്. ഈ സാഹചര്യത്തില്‍ ഇത് അസാധാരണമായ മരണനിരക്കാണെന്ന് യുഎസ് ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

അടിയന്തരമായി ഇടപെടല്‍ നടത്തേണ്ട വിഷയമായാണ് ചാരത്തിമിംഗലങ്ങള്‍ ചത്തടിയുന്ന സംഭവത്തെ ഗവേഷകര്‍ കാണുന്നത്. കരയിലേക്കെത്തുന്ന തിമിംഗലങ്ങളുടെ തന്നെ അത്രയോ അതിലധികമോ കടലില്‍ തന്നെ മുങ്ങിപ്പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചത്ത തിമിംഗലങ്ങളുടെ യഥാര്‍ഥ എണ്ണം കരയ്ക്കടിയുന്നതിലും ഇരട്ടിയിലധികമാകാമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.

ചാരത്തിമിംഗങ്ങള്‍ ഇതുപോലെ കൂട്ടത്തോടെ ചത്തടിയുന്ന സംഭവങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന് എന്‍ഒഎഎ യുടെ പരിസ്ഥിതി ഗവേഷകനായ എലിയറ്റ് ഹേസന്‍ പറയുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പാണ് സമാനമെന്നു പറയാവുന്ന ഒരു സ്ഥിതി വിശേഷമുണ്ടായത്. ആ സമയത്ത് തിമിംഗലങ്ങളുടെ ചത്തടിയലിനു തൊട്ടുപുറകെ ചരിത്രത്തിലെ ഏറ്റവും വലിയ എല്‍ നിനോ പ്രതിഭാസമുണ്ടായെന്നും എലിയറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം അവസാനത്തോടെ വരുമെന്നു പ്രതീക്ഷിക്കുന്ന എല്‍നിനോ അതി ശക്തമായിരിക്കുമെന്ന സൂചനയാണോ തിമിംഗലങ്ങളുടെ ജഢങ്ങള്‍ നല്‍കുന്നതെന്ന സംശയവും ഇക്കാരണത്താല്‍ ഗവേഷകര്‍ക്കുണ്ട്.

എന്തുകൊണ്ട് ചാരത്തിമിംഗലങ്ങള്‍?

ഭൂമിയില്‍ ഏറ്റവും വലിയ കുടിയേറ്റം നടത്തുന്ന ജീവികളിലൊന്നാണ് ചാരത്തിമിംഗലങ്ങള്‍. ശൈത്യകാലം മെക്സിക്കന്‍ മേഖലയിലുള്ള ബാജാ ദ്വീപുകള്‍ക്ു സമീപത്തും വേനല്‍ക്കാലത്ത് അലാസ്കന്‍ തീരത്തുമാണ് ഇവയെ കാണാന്‍ കഴിയുക. ഇതില്‍ അലാസ്കന്‍ മേഖലയിലാണ് ഇവയ്ക്ക് പ്രധാനമായും ഭക്ഷണം ലഭിക്കുന്നത്. വേനല്‍ക്കാലത്തെ ഏതാനും മാസങ്ങളിലാണ് ഒരു വര്‍ഷത്തേക്കു വേണ്ട കൊഴുപ്പ് ഇവ ശരീരത്തില്‍ ശേഖരിക്കുന്നത്.

തീരത്തടിഞ്ഞ എല്ലാ തിമിംഗലങ്ങളിലും തന്നെ പോഷകാഹാരക്കുറവിന്‍റെ ലക്ഷണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തിമിംഗലങ്ങളുടെ മരണം സംഭവിച്ചിരിക്കുന്നത് അലാസ്കയില്‍ നിന്ന് മെക്സിക്കന്‍ തീരത്തേക്കുള്ള യാത്രയ്ക്കിടയിലാണ്. അതുകൊണ്ട് തന്നെ ആവശ്യമായ ഭക്ഷണം ഇക്കുറി അലാസ്കയില്‍ നിന്ന് ഈ തിമിംഗലങ്ങള്‍ക്കു ലഭിച്ചിരിക്കില്ലെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ആര്‍ട്ടിക് മേഖലയില്‍ ഇക്കുറി അനുഭവപ്പെട്ട അസാധാരണമായ ചൂട് തിമിംഗലങ്ങള്‍ സാധാരണ ഇരയാക്കുന്ന ചെറുജീവികളെ അകറ്റി നിര്‍ത്തിയിരിക്കാമെന്നാണ് നിഗമനം. 

കാലാവസ്ഥാ വ്യതിയാനം

ആര്‍ട്ടിക്കില്‍ വ്യാപമാകുന്ന മഞ്ഞുരുക്കം പ്രദേശത്തെ ജൈവവ്യവസ്ഥയില്‍ പരിഹരിക്കാനാകാത്ത മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ആര്‍ട്ടികിനെയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അലാസ്ക മുതല്‍ സൈബീരിയ വരെയുള്ള മേഖലകളെയും മാത്രമല്ല ബാധിക്കുന്നത്. ഇതിനുള്ള തെളിവാണ് ചാരത്തിമിംഗലങ്ങളുടെ ഇപ്പോഴത്തെ ദുരവസ്ഥ. സമുദ്രത്തിലെ ഭക്ഷ്യശൃംഖല തന്നെ തകരാറിലാക്കുന്നതാണ് ഇപ്പോള്‍ ആര്‍ട്ടിക് മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍.ഇതിന്‍റെ കാരണം അന്വേഷിച്ചാല്‍ വിരല്‍ നീളുന്നത് കാലാവസ്ഥാ വ്യതിയാനത്തിനു നേരെ തന്നെയാണ്.

1999 ലെ എല്‍നിനോ പ്രതിഭാസത്തിനു ശേഷമാണ് ആര്‍ട്ടിക് മേഖലയിലെ സമുദ്രതാപത്തിലും ജൈവവ്യവസ്ഥയിലും ഇത്ര വലിയ മാറ്റങ്ങള്‍ ഉണ്ടായതെന്നാണു ഗവേഷകര്‍ കരുതുന്നത്. എല്‍ നിനോ സൃഷ്ടിച്ച ആഘാതത്തിന്‍റെ അലയൊലികളാണ് ഇപ്പോഴും മേഖലയിലെ സമുദ്ര ജീവികളെയും പ്രതിസന്ധിയിലാക്കുന്നത്. കാലാവസ്ഥാ മാറ്റവും വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസവും ചാര തിമിംഗലങ്ങളെ മാത്രമായിരിക്കില്ല ബാധിച്ചതെന്നും ഗവേഷകര്‍ വിവരിക്കുന്നു. ചാരത്തിമിംഗലങ്ങളുടെ വലുപ്പമാണ് അവ നേരിടുന്ന പ്രതിസന്ധിയെ അനായാസം നമ്മുടെ മുന്നിലേക്കെത്തിക്കുന്നത്. മറ്റ് നിരവധി ചെറിയ സമുദ്ര ജീവികളും സമാനമായ പ്രതിസന്ധികള്‍ ഇപ്പോള്‍ നേരിടുന്നുണ്ടാകുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.