രാജ്യത്തെ ഏറ്റവും നീളം കൂടിയ ബീച്ചായ ചെന്നൈയിലെ മറീന ഇപ്പോൾ സൂപ്പർ ക്ലീനാണ്. ദിവസേന അൻപതിനായിരത്തിലധികം പേർ എത്തുന്ന ബീച്ചിലെ മണൽത്തരികളിൽ മാലിന്യം തരിപോലുമില്ല കണ്ടുപിടിക്കാൻ. കഴിഞ്ഞ ഡിസംബറിൽ കോർപറേഷൻ എത്തിച്ച ബീച്ച് ക്ലീനിങ് മെഷീനുകളാണ് മറീനയെ സുന്ദരിയാക്കി സൂക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാരത് ദർശൻ പദ്ധതിയുടെ ചുവടുപിടിച്ചു തമിഴ്നാട് ടൂറിസം വകുപ്പാണു മെഷീനുകൾ എത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 2 മെഷീനുകളാണ് ആദ്യം എത്തിച്ചത്. പദ്ധതി വിജയമായതോടെ ഈ വർഷം ആദ്യം 8 പുതിയ മെഷീനുകൾക്കൂടി കോർപറേഷൻ എത്തിച്ചു. ഇതിൽ രണ്ടെണ്ണം ബസന്റ് നഗറിലെ ഏലിയറ്റ് ബീച്ച് ശുചീകരിക്കാൻ ഉപയോഗിക്കുന്നുണ്ട്. സന്ദർശകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ മറീനയിലും ബസന്റ് നഗറിലും ചിതിക്കിടക്കുന്ന അവസ്ഥയായിരുന്നു മുൻപ്.

മറീന ബീച്ച് വൃത്തിയാക്കുന്ന ബീച്ച് ക്ലീനിങ് മെഷിൻ. ചിത്രം:മനോരമ

13 കിലോമീറ്ററോളം പരന്നുകിടക്കുന്ന മറീന ബീച്ചിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു കോർപറേഷനു വെല്ലുവിളി ഉയർത്തിയിരുന്നു. ബീച്ചിൽ പലയിടത്തും ചവറ്റുകുട്ടകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ബീച്ചുകൾ ശുചീകരിക്കാൻ കോർപറേഷൻ പ്രത്യേക കരാർ തൊഴിലാളികളെ നിയമിച്ചെങ്കിലും വലുപ്പമേറിയ ബീച്ചുകൾ ശുചീകരിക്കാൻ ഏറെ സമയവും എടുത്തിരുന്നു. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലാണു ശുചീകരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കാൻ കോർപറേഷനെ പ്രേരിപ്പിച്ചത്. ബീച്ച് ശുചീകരണം കാര്യക്ഷമമായി നടപ്പാക്കണമെന്നും, കോർപറേഷൻ കമ്മിഷണറും, സിറ്റി പൊലീസ് കമ്മിഷണറും പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തണമെന്നുമാണു ഹൈക്കോടതി നിർദേശിച്ചത്. മറീനയിലെ അനധികൃത കടകൾ ഒഴിപ്പിക്കാനും കോടതി നിർദേശം നൽകി.

ഇതെതുടർന്നാണു ബീച്ച് ക്ലീനിങ് മെഷീനുകൾ എത്തിക്കാൻ കോർപറേഷൻ മുൻകൈയ്യെടുത്തത്. ട്രാക്ടറിൽ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന മെഷീനുകൾ 6.7 കോടി രൂപയ്ക്കാണു കോർപറേഷൻ വാങ്ങിയത്. ഓരോ മെഷീനിനും 84 ലക്ഷം രൂപയാണു വില. എംഎസ് ക്ലീൻ ടെക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു മെഷീനുകൾ നിർമിച്ചത്. മണിക്കൂറിൽ 2.5 ഏക്കർ സ്ഥലം ശുചീകരിക്കാൻ ശേഷിയുള്ള മെഷീനുകളാണ് ഇവ. ബീച്ചിലെ മണലിനു മുകളിലൂടെ മെഷീൻ ഓടിക്കുമ്പോൾ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും അരിച്ചു നീക്കി വൃത്തിയുള്ള മണൽ പുറന്തള്ളും. രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 മണി വരെ മെഷീനുകൾ ബീച്ച് വൃത്തിയാക്കും. ബീച്ചിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ കോർപറേഷൻ മാലിന്യ സംസ്കരണ പ്ലാന്റുകളിലാണ് എത്തിക്കുന്നത്. പദ്ധതി വൻ വിജയമായതോടെ നോർത്ത്, സൗത്ത് മേഖലകളിലെ എല്ലാ ബീച്ചുകളിലും മെഷീനുകൾ എത്തിക്കുമെന്നു കോർപറേഷൻ അധികൃതർ അറിയിച്ചു.