വാഗമൺ ടൂറിസം കേന്ദ്രം പച്ചപിടിക്കാനൊരുങ്ങുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം മാലിന്യസംസ്‌കരണ സംവിധാനം കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് വാഗമണ്ണിൽ പദ്ധതി ആരംഭിക്കുന്നത്. ഏലപ്പാറ, പീരുമേട്, തീക്കോയി, കൂട്ടിക്കൽ, അറക്കുളം പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് പ്ലാസ്റ്റിക് വിമുക്ത ടൂറിസത്തിന് കേരള ഹരിത മിഷൻ തുടക്കം കുറിക്കുന്നത്.ഇതിന്റെ ഭാഗമായി വാഗമൺ സ്ഥിതി ചെയ്യുന്ന ഏലപ്പാറ, പരുന്തുംപാറ സ്ഥിതിചെയ്യുന്ന പീരുമേട് പഞ്ചായത്തുകൾ സമീപ പഞ്ചായത്തുകളായ തീക്കോയി, അറക്കുളം, കൂട്ടിക്കൽ എന്നിവിടങ്ങളിലെ 23 കേന്ദ്രങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് മുക്ത വാഗമൺ പദ്ധതി നടപ്പാക്കുന്നത്.

പരിഷ്കാരങ്ങൾ ഇവ

∙ ജൈവമാലിന്യം തരം തിരിച്ച് ഉറവിടത്തിൽ സംസ്‌കരിക്കും. 

∙അജൈവമാലിന്യങ്ങൾ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭരിക്കും

∙ ഉറവിടത്തിൽ ജൈവമാലിന്യം സംസ്‌കരിക്കാൻ സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കും വീടുകൾക്കും പൊതു ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വഴി നടപ്പാക്കും.

∙ അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനായി പഞ്ചായത്ത് തലത്തിലും ക്ലസ്റ്റർ തലത്തിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും മെറ്റീരിയൽ കലക്‌ഷൻ സംവിധാനം പഞ്ചായത്തുകൾ നടപ്പാക്കും.

∙ ഭക്ഷണം, ശുദ്ധജലം തുടങ്ങിയവയ്ക്ക് വാടക അടിസ്ഥാനത്തിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കും

∙ സർക്കാർ സ്ഥാപനങ്ങളിലെ പൊതുപരിപാടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കും.