പരിസ്ഥിതി സൗഹാർദ നടപടികൾക്ക് മാതൃക തീർത്ത് ബെംഗളൂരു രാജ്യാന്തര വിമാനത്താവളം. പുതിയ ടെർമിനലിലേക്കുള്ള റോഡ് നിർമാണത്തിനുള്ള 50 ടൺ പ്ലാസ്റ്റിക് ബിബിഎംപി ഇന്ന് കൈമാറും. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പിടികൂടിയ പ്ലാസ്റ്റിക് കവറുകളാണ് ബിബിഎംപി ബെംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) കൈമാറുന്നത്.

ബിറ്റുമിൻ മിശ്രിതത്തിൽ പ്ലാസ്റ്റിക് മിക്സ ചെയ്താണു റോഡ് നിർമിക്കുന്നത്. സംസ്കരിക്കാൻ കഴിയാത്ത 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കാണു റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നത്. റോഡിന്റെ ഗുണനിലവാരം കൂട്ടാൻ സാധിക്കുമെന്നതും മെച്ചമാണ്.‌

‌വിമാനത്താവളത്തിലെ രണ്ടാംഘട്ട ടെർമിനലിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും. ടെർമിനൽ നിർമാണത്തിന്റെ ഭാഗമായി  മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പകരം പിഴുതെടുത്ത് മാറ്റി സ്ഥാപിച്ച ബിഐഎഎൽ നടപടി ഏറെ പ്രശംസ നേടിയിരുന്നു. പരിസ്ഥിതി സൗഹാർദ വിമാനത്താവളം എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് പുതിയ ടെർമിനൽ രൂപകൽപന ചെയ്തിരിക്കുന്നത്.

പിടിച്ചെടുത്തത് 11,000 കിലോ പ്ലാസ്റ്റിക്

‌കഴിഞ്ഞ 6 മാസത്തിനുള്ളിൽ 11,000 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് ബിബിഎംപി പിടികൂടിയത്. പിഴ ഇനത്തിൽ 20 ലക്ഷം രൂപ ലഭിച്ചു. ഇതിൽ 90 ശതമാനവും 50 മൈക്രോണിൽ താഴെയുള്ള കവറുകളാണ്. പിടിച്ചെടുത്ത ഉൽപന്നങ്ങൾ ബിബിഎംപിയുടെ വിവിധ സോണുകളിലെ മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ‌സംസ്കരണം ബിബിഎംപിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന അവസരത്തിലാണ് ഇവ നിർമിച്ച് റോഡ് നിർമിക്കാനുള്ള പദ്ധതിയുമായി ബിഐഎഎൽ സമീപിക്കുന്നത്.