അങ്ങോട്ടു തള്ളിയതൊക്കെ തിരിച്ചിങ്ങോട്ടു തള്ളുകയാണു കടൽ.  5 ദിവസം കൊണ്ടു കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞത് 22 ടൺ മാലിന്യം. ഇതിൽ 4 ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. കോർപറേഷനിലെ 80 ശുചീകരണത്തൊഴിലാളികൾ വീതം 4 ദിവസം നീക്കിയിട്ടും പിന്നെയും  ഓരോ തിരയ്ക്കൊപ്പവും മാലിന്യം തീരത്തടിഞ്ഞുകൊണ്ടിരിക്കുന്നു.ചെന്നൈ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിൽ (എൻസിസിആർ) നിന്നുള്ള സംഘം ഇന്നലെ ബീച്ചിലെത്തി പരിശോധന നടത്തി.

വിശദമായ ശാസ്ത്രീയ പഠനം ആവശ്യമെന്നാണു സംഘത്തിന്റെ റിപ്പോർട്ട്. ഇതിനായി എൻസിസിആറിൽ നിന്നു തന്നെയുള്ള വിദഗ്ധ സംഘം അടുത്ത ദിവസം എത്തുമെന്നു കലക്ടർ അറിയിച്ചു.  കോഴിക്കോട് സൗത്ത് ബീച്ച് മുതൽ ഭട്ട് റോഡ് ബീച്ച് വരെയുള്ള  4 കിലോമീറ്റർ തീരത്തേക്കാണ് കടൽ മാലിന്യം തിരിച്ചുതള്ളുന്നത്. ശനിയാഴ്ച രാവിലെ മുതലാണു  മാലിന്യം തീരത്തടിഞ്ഞു തുടങ്ങിയത്. ഞായറാഴ്ചയും ഇതു തുടർന്നതോടെ തീരത്തു കാലു കുത്താൻ പറ്റാത്ത അവസ്ഥയായി.

കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾ ഞായറാഴ്ച രാവിലെ മുതൽ വിശ്രമമില്ലാതെ ജോലിയിലാണ്. നീക്കുന്നതിന്റെ ഇരട്ടി മാലിന്യമാണ് ഓരോ രാത്രിയും തീരത്ത് അടിയുന്നത്. കടലിൽ അടിഞ്ഞ മാലിന്യങ്ങൾ മഴയ്ക്കു ശേഷം തീരത്തടിയുന്നതു പതിവാണെങ്കിലും ഇത്രയും വലിയ അളവിൽ മാലിന്യമെത്തുന്നത് ആദ്യമായാണെന്നു തീരവാസികൾ പറയുന്നു.

‘അപ് വെല്ലിങ് ’ പ്രതിഭാസമാവാം കാരണമെന്ന് വിലയിരുത്തൽ

മൺസൂണിനു ശേഷമുള്ള ശക്തമായ കാറ്റിൽ കടലിന്റെ അടിത്തട്ടിലെ തണുത്ത വെള്ളം മുകളിലെത്തുന്ന ‘അപ് വെല്ലിങ്’ പ്രതിഭാസമാവാം തീരത്തു മാലിന്യമടിയുന്നതിന്റെ കാരണമെന്നു സെൻട്രൽ  മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) പരിസ്ഥിതി വിഭാഗം മേധാവി ഡോ.വി.കൃപ.  തോടുകളും ഓവുചാലുകളും പുഴകളും വഴി ഒഴുകിയെത്തുന്ന മാലിന്യം ഒടുവിൽ കടലിലാണെത്തുക

അടിത്തട്ടിലെ വെള്ളം മുകളിലേക്കുയരുമ്പോൾ കടലിൽ അടിഞ്ഞിരിക്കുന്ന മാലിന്യവും പുറത്തേക്കു വരും. ഒഴുക്കിന്റെ ദിശയനുസരിച്ച് ഇവ ചില തീരങ്ങളിൽ അടിയുന്നു. ഇപ്പോഴടിയുന്ന മാലിന്യങ്ങൾ മുഴുവൻ കോഴിക്കോട്ടെ തീരത്തുനിന്നു കടലിൽ തള്ളിയത് ആകണമെന്നില്ല.  അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒരു ദിശയിലേയ്ക്ക് ഒഴുകിയെത്തുന്നതാണ്. മനുഷ്യവാസമില്ലാത്ത അന്റാർട്ടിക് വൻകരയുടെ തീരത്ത് പ്ലാസ്റ്റിക് മാലിന്യം അടിയുന്നതായി കണ്ടെത്തിയിട്ടുണ്ട്.