ഒരു ഗ്രാമം മുഴുവൻ ആഫ്രിക്കൻ ഒച്ചിന്റെ ഭീഷണിയിൽ. ഒച്ചിനെ ഒഴിപ്പിക്കാൻ ഒന്നും ചെയ്യാനാകാതെ അധികൃതരും. മതിലകം പഞ്ചായത്തിലെ മതിൽമൂല, ശ്രീനാരായണപുരം പൂവ്വത്തുംകടവ് പ്രദേശത്താണ് ഒച്ച് ഭീഷണി തുടരുന്നത്. ഏതാനും വർഷങ്ങളായി പ്രദേശത്തു ഒച്ച് ഭീഷണിയുണ്ടെങ്കിലും ഏതാനും ആഴ്ചകളായി പതിനായിരക്കണക്കിനു ഒച്ചുകളാണ് വീടുകളിലേക്ക് എത്തുന്നത്. നൂറിലേറെ വീടുകൾ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയും നേരിടുകയാണ്. 20 ലേറെ വീടുകളിൽ ഓരോ ദിവസവും നൂറുകണക്കിനു ഒച്ചുകളെ ആണ് നശിപ്പിക്കുന്നത്. ശ്രീനാരായണപുരത്തെ മരമില്ലിനു കിഴക്കു ഭാഗത്തെയും തെക്കു ഭാഗത്തെയും വീടുകളിൽ ദിവസവും രാവിലെ ഒച്ചിനെ പിടികൂടി നശിപ്പിക്കലാണ് പ്രധാന ജോലി.

ബക്കറ്റിലാക്കി ഉപ്പിട്ടുനശിപ്പിക്കും. പിറ്റേന്നും ഇതിലുമേറെ ഒച്ച് എത്തുമെന്നതാണ് പ്രശ്നം. കിഴക്കൂട്ട് ജയലക്ഷ്മി, കുമ്പളപ്പറമ്പിൽ രാധാകൃഷ്ണൻ, തണ്ടാശേരി ചന്ദ്രൻ, കുമ്പളപ്പറമ്പിൽ ഗോപി, തുമ്പരപ്പള്ളി വിനയൻ,  പുതിയേടത്ത് ചന്ദ്രമേനോൻ,  പൂവത്തുംകടവിൽ ഷാജി,പൂവത്തുംകടവിൽ ശ്രീരാജ്,  മുല്ലശേരി തിലകൻ, പൂവത്തുംകടവിൽ പവിത്രൻ, ചളിങ്ങാട്ട് ചന്ദ്രശേഖരൻ എന്നിവരുടെ വീടുകളിൽ നൂറുകണക്കിനു ഒച്ചുകളാണുള്ളത്.   കഴിഞ്ഞ വർഷം പ്രളയത്തിനു ശേഷം ഒച്ച് വ്യാപകമായതോടെ പഞ്ചായത്ത് ആരോഗ്യ വിഭാഗം അന്വേഷണം നടത്തി. ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും ഒച്ചിനെ സ്പർശിക്കരുതെന്നും ഒച്ച് ഇഴഞ്ഞ മണ്ണ് കൈയിലെടുക്കരുതെന്നുമുള്ള സൂചനകൾ മാത്രമാണ് അധികൃതർക്കു നൽകാനായത്. 

പീച്ചി വനഗവേഷണ കേന്ദ്രത്തിൽ നിന്നു കീർത്തി വിജയന്റെ ഗവേഷക സംഘവും പ്രദേശത്തു സന്ദർശിച്ചിരുന്നു.   ഒച്ചിനെ തുരത്താനുള്ള ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇതു കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നു നാട്ടുകാർ പറയുന്നു. കൃഷി നാശത്തിനു പുറമെ കുടുംബങ്ങളുടെ സൈര്യ ജീവിതത്തിനു പോലും ഒച്ച് തടസ്സമാകുകയാണ്. വീടിനകത്തേക്കും ഒച്ച് ഇഴഞ്ഞു വരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇൗയിടെ പുതുക്കാട്, കോടന്നൂർ എന്നിവിടങ്ങളിലും ആഫ്രിക്കൻ ഒച്ച് വ്യാപകമായി എത്തിയിട്ടുണ്ട്.

അക്കാറ്റിന ഫുലിക്ക അഥവാ ആഫ്രിക്കൻ ഒച്ച്

അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ കേന്ദ്രം കെനിയ, ടാൻസാനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇന്ത്യയിൽ 1847 ലാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി ഗവേഷണ ആവശ്യത്തിനായി കൊണ്ടുവരുന്നത്. കേരളത്തിൽ പാലക്കാട് എലപ്പുള്ളിയിലാണ് ആഫ്രിക്കൻ ഒച്ചിനെ എത്തിച്ചത്. ഇതും ഗവേഷണ ആവശ്യത്തിനായിരുന്നു. തൃശൂർ ജില്ലയിൽ കൂടാതെ മറ്റു പല ജില്ലയിലും ആഫ്രിക്കൻ ഒച്ച് വ്യാപകമായിട്ടുണ്ട്.

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം, മതിലകം മതിൽമൂല എന്നിവിടങ്ങളിൽ ഒരിടവേളയ്ക്കുശേഷം ആഫ്രിക്കൻ ഒച്ച് വ്യാപകമായി. ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ ഒഴിവാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് പ്രദേശത്തെ കുടുംബങ്ങൾ.  ശ്രീനാരായണപുരം സെന്ററിനും മതിലകം പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുമാണ് ഒച്ച് വ്യാപകമായത്. പൂവ്വത്തുംകടവ് പ്രദേശത്തെ പുരയിടങ്ങളിൽ മുഴുവൻ ഒച്ച് എത്തി. 

ശ്രീനാരായണപുരം സെന്ററിനു വടക്കു ഭാഗത്തുള്ള മില്ലിനു സമീപമാണ് കഴിഞ്ഞ വർഷം ഒച്ചിനെ ആദ്യം കണ്ടെത്തിയത്. പ്രദേശത്തെ വീടുകൾ മുഴുവൻ ഒച്ച് വ്യാപകമായതോടെ മതിലകം പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉപ്പ് വിതറി ഒച്ചിനെ ഒഴിവാക്കാൻ നിർദേശം നൽകി.വീടുകളുടെ അടുക്കളത്തോട്ടങ്ങൾ ഒച്ച് കയ്യടക്കി. വാഴ, ജാതി, മുളക് തൈകളിൽ ഒച്ച് വില്ലനാകുന്നുണ്ട്. ശ്രീനാരായണപുരം പൂവ്വത്തുംകടവിൽ രജനീഷിന്റെ പുരയിടത്തിലെ നൂറിലേറെ ജാതി തൈകളിൽ നിറയെ ഒച്ചുകളാണ്.

ഓരോ ദിവസവും ഉപ്പ് വിതറി  ഒച്ചിനെ നീക്കം ചെയ്യാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വീണ്ടും ഒച്ച് വ്യാപിക്കുകയാണ്. വീടുകളുടെ വിറകുപുരകളിലും കിണറുകളുടെ വശങ്ങളിലും ഒച്ച് പെരുകിയിട്ടുണ്ട്. വിദേശത്തു നിന്നുള്ള മരങ്ങൾ ഇറക്കുമതി ചെയ്യുന്ന മില്ലിൽ നിന്നാണ് ഒച്ചിന്റെ വരവ് എന്നാണ് നാട്ടുകാർ പറയുന്നു. ഇൗ മരമില്ലിനു സമീപവും ഒച്ച് വ്യാപകമാണ്. മനുഷ്യനിൽ തലച്ചോറിനെ ബാധിക്കുന്ന ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ് രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.