തണ്ണീർത്തടങ്ങൾ മൂടി ചപ്പുചവറുകളും മാലിന്യങ്ങളും...നഗരവാസികൾക്ക് ഇതൊരു പുത്തൻ കാഴ്ചയാവില്ല. എന്നാൽ ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഒരു കൂട്ടരുണ്ട്; ദേശാടനപ്പക്ഷികൾ. പ്ലാസ്റ്റിക് നാരിൽ കുരുങ്ങി ഒരു കാൽ നഷ്ടപ്പെട്ടും കുപ്പിക്കഷ്ണത്തിൽ കുരുങ്ങി കൊക്ക് തുറക്കാൻ കഴിയാതെയും അവ ജന്മം തള്ളി നീക്കുന്നു. മനുഷ്യരുടെ ചെയ്തികൾ മൂലം വംശനാശഭീഷണിയിലായ 10 ലക്ഷത്തിലേറെ ജീവജാലങ്ങളുടെ പട്ടികയിലേക്ക് ദേശാടനപ്പക്ഷികളും കൂടുകൂട്ടുന്നു.

വർഷം തോറും 9 ദശലക്ഷം ദേശാടനപ്പക്ഷികൾ പ്ലാസ്റ്റിക് മാലിന്യം മൂലം ചത്തൊടുങ്ങുന്നുവെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും 99% പക്ഷികളും ഭക്ഷണമാണെന്നു കരുതി പ്ലാസ്റ്റിക് വിഴുങ്ങിയിരിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളിൽ കുരുങ്ങി ഒട്ടേറെ പക്ഷികൾ ചത്തൊടുങ്ങുന്നുണ്ട്. മൂർച്ചയേറിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൊണ്ട് കൂടുണ്ടാക്കുന്നതിന്റെ ഫലമായി മുട്ടവിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ മുറിവേറ്റു ചത്തു പോകുന്നതും സാധാരണം.

ഓഗസ്റ്റ് മുതലാണ് കേരളത്തിലേക്ക് ദേശാടനക്കിളികൾ എത്തുന്നത്. ഹിമാലയം, യൂറോപ്പ്, മധ്യേഷ്യ തുടങ്ങിയ ഭൂപ്രദേശങ്ങളിൽനിന്ന് കേരളത്തിലെ വനങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും വിരുന്നെത്തുന്ന പക്ഷികൾ മിക്കതും മാർച്ച് മാസത്തോടെ ജന്മദേശത്തേക്ക് മടങ്ങും. ചില പക്ഷികൾ മേയ് അവസാനം വരെ ഇവിടെ തങ്ങുകയും ചെയ്യും. വേനൽ കടുത്ത്, തണ്ണീർത്തടങ്ങൾ വറ്റി വരളുന്നതോടെ ഈ പക്ഷികൾ മാലിന്യത്തിന്റെ ഭീഷണിയിലാണ്.

നമ്മൾ അവധിക്കാലത്തു പുതിയസ്‌ഥലങ്ങൾ കാണാൻ പോകുന്നതുപോലെയല്ല പക്ഷികളുടെ ദേശാടനം; പ്രതികൂല കാലാവസ്‌ഥയിൽനിന്നു രക്ഷനേടാനും ഭക്ഷണംതേടിയുമെല്ലാമാണ് ആ യാത്ര. വേട്ട, ആവാസകേന്ദ്രങ്ങളുടെ നാശം, കീടനാശിനികളിൽനിന്നും മറ്റുമുള്ള വിഷബാധ തുടങ്ങിയവയെല്ലാം ദേശാടനപക്ഷികളുടെ എണ്ണത്തിൽ വൻകുറവുണ്ടാക്കി. 

ഉത്തരാർധഗോളത്തിൽ ശൈത്യകാലം തുടങ്ങുമ്പോൾ ദക്ഷിണാർധഗോളത്തിൽ വേനൽക്കാലമായിരിക്കും. തെക്കുവടക്കായുള്ള ഈ ദീർഘദൂര സഞ്ചാരത്തിൽ ഏറ്റവും മുമ്പൻ ആർട്ടിക് ടേൺ ആണ്. ഉത്തരധ്രുവ മേഖലയിൽ കുടുംബജീവിതം നയിക്കുന്ന ഇവ തണുപ്പുകാലം വരുന്നതോടെ ഭൂമിയുടെ തെക്കേയറ്റത്തേക്കു യാത്രതിരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി ഒരുകൊല്ലം 36000 കിലോമീറ്റർ ദൂരമാണ് ആർട്ടിക് ടേൺ സഞ്ചരിക്കുന്നത്. ഏകദേശം ഭൂമിയെ ഒന്നു ചുറ്റിക്കറങ്ങുന്നത്ര ദൂരം. 

ദേശാടനയാത്രയിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന രണ്ടാമത്തെ പക്ഷി ഗോൾഡൻ പ്ലോവർ ആണ്. തെക്കുവടക്കായുള്ള ഈ യാത്രപോലെ കിഴക്കുപടിഞ്ഞാറായുള്ള ദേശാടനവുമുണ്ട്. ഈ പക്ഷികൾ ഏതാണ്ട് ഒരേകാലാവസ്‌ഥയിലുള്ളതും ഒരേ അക്ഷാംശരേഖയിലുള്ളതുമായ സ്‌ഥലങ്ങളിലേക്കാണു കൂടുകൂട്ടാനായി പോകുന്നത്. മറ്റുചില പക്ഷികളാകട്ടെ ഏതാനും മൈലുകൾ മാത്രം ദൂരമുള്ള ഹ്രസ്വയാത്രകളാണ് ഇഷ്‌ടപ്പെടുന്നത്. ഒരേപ്രദേശത്തുതന്നെയുള്ള ഈവിധ കുടിയേറിപ്പാർപ്പിന്റെ രഹസ്യമെന്തെന്ന് ഇന്നും അറിയില്ല. ദേശാടനപക്ഷികളുടെ യാത്രകളധികവും രാത്രികളിലാണ്.

നമ്മുടെ അതിഥികൾ

കേരളത്തിൽ കണ്ടുവരുന്ന  പക്ഷികളിൽ നൂറ്റിനാൽപതിനവും ദേശാടനക്കാരാണ്. സെപ്‌റ്റംബർ മുതൽ മേയ് വരെയുള്ള കാലങ്ങളിലാണ് ഇവയിൽ മിക്കവയുടെയും വരവ്. ഇതിൽ ഏറ്റവും സുന്ദരൻ നാകമോഹൻ അഥവാ പാരഡൈസ് ഫ്ലൈകാചർ ആണ്. ‘‘ചക്കയ്ക്കുപ്പുണ്ടോ, അച്‌ഛൻ കൊമ്പത്ത്’’എന്ന ഈരടി പാടി ഏപ്രിൽ, മേയ് മാസങ്ങളിൽ വിരുന്നെത്തുന്ന വിഷുപ്പക്ഷി (കതിരുകാണാക്കിളി, ഉത്തരായനപക്ഷി എന്നിങ്ങനെയും പേരുണ്ട്), മഞ്ഞക്കിളി, എരണ്ട, വാലുകുലുക്കി പക്ഷി, പച്ചപ്പൊടിക്കുരുവി, കത്രികക്കുരുവി, കാക്കത്തമ്പുരാൻ, വലിയ വേലിത്തത്ത, നീർക്കാട, മണൽപുള്ള്, വഴികുലുക്കി എന്നിവയെല്ലാം ഇവിടെ വിരുന്നെത്തുന്നവരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശാടനക്കിളികൾ വരുന്നത് തൃശൂരിലെ കോൾ നിലങ്ങളിലാണ്.

വഴി കാട്ടുന്നതാര് !

പല പക്ഷികളുടെയും ദേശാന്തരഗമനത്തിന്റെ ഒരു സവിശേഷത അവ കൃത്യമായി ഒരു പ്രത്യേക കാലത്താണ് വിദൂരസ്‌ഥങ്ങളായ രണ്ടു സ്‌ഥലങ്ങൾക്കിടയ്‌ക്കുള്ള അവയുടെ യാത്ര പൂർത്തിയാക്കുന്നത് എന്നതാണ്. അനേകായിരം മൈലുകൾ അകലെയാണെങ്കിലും അവ ഒരേസ്‌ഥലത്തേക്കുതന്നെ പറന്നെത്തുകയും തിരികെ ജന്മനാട്ടിലെ ഒരു തോട്ടത്തിലേക്കോ പറമ്പിലേക്കോ മടങ്ങിയെത്തുകയും ചെയ്യുന്നു. അതീവ ബുദ്ധിശാലിയെന്ന് അഹങ്കരിക്കുന്ന മനുഷ്യർ പോലും കപ്പലുകളിലും വിമാനങ്ങളിലും ദിക്കും വഴിയും കണ്ടെത്താൻ ആധുനിക ഉപകരണങ്ങളെ ആശ്രയിക്കുമ്പോൾ കുഞ്ഞു തലച്ചോറുള്ള ഈ പക്ഷികൾക്ക് ഇത്ര കൃത്യമായി ദിശയും വഴിയും കാട്ടുന്ന യന്ത്രമേതാണ്! പറക്കലിൽ ദേശാടനപ്പക്ഷികൾ നേരിടുന്ന വെല്ലുവിളിപലതാണ്. ദിശ തെറ്റാതെനോക്കണം. കാറ്റിന്റെ ദിശയും കാലാവസ്‌ഥയുമറിഞ്ഞു പറക്കലിന്റെ വേഗവും സമയവും ക്രമീകരിക്കണം. ലക്ഷ്യസ്‌ഥാനമെത്തുമ്പോൾ അക്കാര്യം തിരിച്ചറിയണം. ഇത്രയധികം കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചാണ് പക്ഷികൾ ലക്ഷ്യത്തിൽ പറന്നെത്തുന്നത്.

സൂപ്പർഫാസ്‌റ്റ്!

സമുദ്രങ്ങൾ താണ്ടിയുള്ള പറക്കലിൽ ദേശാടനപ്പക്ഷികൾക്ക് ഉറക്കമോ വിശ്രമമോ ഉണ്ടാവാറില്ല. ദിവസങ്ങളോളം അവയ്‌ക്കു തുടർച്ചയായി പറക്കേണ്ടിവരും. വലിയപക്ഷികൾ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലെങ്കിലും പറക്കും. ചെറിയ പക്ഷികളാകട്ടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലും. അവ ദിവസം എട്ടു മണിക്കൂറെങ്കിലും തുടർച്ചയായി പറക്കുന്നു.

ദേശാടനത്തിനു മുമ്പുതന്നെ പക്ഷികൾ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളാരംഭിക്കാറുണ്ട്. യാത്രാവേളയിൽ ദീർഘദൂരം പറക്കുന്നതിനുള്ള കരുത്തുണ്ടാക്കാനായി, ആർത്തിയോടെ കിട്ടുന്നതെന്തും തിന്നുന്നതാണ് ആദ്യപരിപാടി. ഇതു ശരീരത്തിൽ കൊഴുപ്പിന്റെ ഒരാവരണംകൂടിയുണ്ടാക്കാൻ സഹായിക്കുന്നു. ചില പക്ഷികൾ കൂട്ടംചേർന്ന് പറന്നു പരിശീലിക്കുന്നു. പക്ഷിനിരീക്ഷകർ ഇതിനെ ‘ഉരുണ്ടുകൂടൽ’ എന്നാണു വിളിക്കുന്നത്.

സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉദയാസ്‌തമയങ്ങൾ നിരീക്ഷിക്കുക എന്നതാണ് യാത്രയുടെ അവസാന തയാറെടുപ്പ്. ആഹാരം ലഭിക്കുന്നതിലുള്ള വ്യത്യാസം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന മാറ്റം, രാപ്പകലുകളുടെ ദൈർഘ്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവയെല്ലാം നിരീക്ഷിച്ചാണ് പക്ഷികൾ ദേശാടനത്തിനുള്ള ഒരുക്കങ്ങളാരംഭിക്കുന്നത്. 

സൂര്യനും താരങ്ങളും സാക്ഷി. 

ജർമൻകാരായ ഡോ. ഗുസ്‌താവ് ക്രാമറും സാവറും1950കളിൽ നടത്തിയ ചില പരീക്ഷണങ്ങളാണ് ഇതിന്റെ രഹസ്യങ്ങളിലേക്കു വെളിച്ചംവീശിയത്. അവർ ഇതിനായി ദേശാടനത്തിനു തയാറെടുക്കുന്ന ചില പക്ഷികളെ പിടിച്ച് ആറു വശങ്ങളുള്ള കൂട്ടിലടച്ചു. കൂടിന്റെ അടിവശം സ്‌ഫടികനിർമിതമായിരുന്നു. കൂട് തുറസ്സായ സ്‌ഥലത്തുകൊണ്ടുവച്ചു.

സൂര്യന്റെയോ തെളിഞ്ഞ ആകാശത്തിന്റെയോ അൽപഭാഗങ്ങൾ കാണാൻ കഴിഞ്ഞപ്പോൾപോലും കൂട്ടിലെ പക്ഷികൾ അവയുടെ ജാതിയിൽപെട്ട പക്ഷികൾ പറന്നുപോകുന്ന ദിശയിലേക്കുതന്നെ നോക്കിയിരുപ്പായി. കണ്ണാടിയുപയോഗിച്ച് സൂര്യൻ എതിർദിശയിൽനിന്നാണു പ്രകാശിക്കുന്നതെന്ന തോന്നലുണ്ടാക്കിയപ്പോൾ പക്ഷികൾ ആ ദിശയിലേക്കു തിരിഞ്ഞിരുന്നു. പകൽ പറക്കുന്ന പക്ഷികൾക്കു സൂര്യന്റെയോ തെളിഞ്ഞ ആകാശത്തിന്റെയോ ഒരു ചെറിയ കാഴ്‌ചയിലൂടെത്തന്നെ സഞ്ചാരദിശ കണ്ടുപിടിക്കാമെന്ന് ഈ പരീക്ഷണം തെളിയിച്ചു. രാത്രിയിൽ ദേശാടനം നടത്തുന്ന പക്ഷികളെ ഒരു നക്ഷത്രബംഗ്ലാവിൽ പിടിച്ചിട്ടു. നക്ഷത്രങ്ങളുടെ സ്‌ഥാനം മാറ്റിക്കാണിച്ചപ്പോൾ അതിനനുസരിച്ച് പക്ഷികളുടെ പ്രതികരണത്തിലും മാറ്റമുണ്ടായി.

സൂര്യന്റെയും നക്ഷത്രങ്ങളുടെയും ചെറിയൊരു ദർശനത്തിലൂടെത്തന്നെ താനിപ്പോൾ എവിടെയാണെന്നോ എത്തേണ്ടിടത്തെത്താൻ എത്ര ദൂരമുണ്ടെന്നോ കൃത്യമായി കണക്കുകൂട്ടാൻ സഹായിക്കുന്ന ജൈവഘടികാരവും ആന്തരിക ക്രോണോമീറ്ററും പക്ഷികളിലൊളിഞ്ഞിരിപ്പുണ്ടെന്ന് അവർ തെളിയിച്ചു. 

വളയമിടൽ

ദേശാടനപ്പക്ഷികളുടെ വരവും പോക്കുമറിയാനായി നൂറ്റാണ്ടുകൾക്കു മുൻപേ പക്ഷിനിരീക്ഷകർ കണ്ടെത്തിയ ഒരു മാർഗമാണ് വളയമിടൽ. ഡെന്മാർക്കുകാരനായ പ്രഫസർ ഡി.സി. മോർട്ടിൻ 1899ൽ ഈ രീതിക്കു തുടക്കമിട്ടു. ദേശാടനപ്പക്ഷികളെ വലവച്ചു പിടിച്ച് അവയുടെ കാലിൽ വിവരങ്ങൾ രേഖപ്പെടുത്തിയ അലുമിനിയം വളയമിട്ടശേഷം വിട്ടയയ്‌ക്കുന്നു. ഈ പക്ഷികളെ എവിടെവച്ചെങ്കിലും നിരീക്ഷിക്കുന്ന മറ്റു പക്ഷിനിരീക്ഷകർ മേൽവിലാസക്കാരനെ വിവരമറിയിക്കുന്നു. ഇതിലൂടെ പക്ഷികൾ എവിടെയെല്ലാം എത്തിച്ചേരുന്നു എന്നു കൃത്യമായി അറിയാൻ കഴിയും. ഈ സമ്പ്രദായത്തിന് ഇന്ത്യയിൽ തുടക്കമിട്ടത് പ്രശസ്‌ത പക്ഷിനിരീക്ഷകനായ സലിം അലിയാണ്-1980ൽ. ഇന്ത്യയിലെ പല ദേശാടനപ്പക്ഷി സങ്കേതങ്ങളിലെയും പക്ഷികളിൽ ഈ പരീക്ഷണം നടപ്പാക്കി.

മുംബൈയിൽ തന്റെ വീട്ടുവളപ്പിൽ വിരുന്നുവന്ന ഒരു വാലുകുലുക്കിപക്ഷിയുടെ കാലിൽ വളയമിട്ട് അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. അത് എല്ലാ ശരത്‌കാലത്തും തന്റെ വീട്ടുവളപ്പിൽ കൃത്യമായി എത്തിയിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ ജിയോലൊക്കേറ്ററുകൾ പക്ഷികളുടെ ശരീരത്തിൽ ഘടിപ്പിച്ച് അവ എവിടെയൊക്കെ പോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കാൻ ഇന്നു കഴിയും. ദേശാടനത്തിന്റെ വിശദാംശങ്ങൾ അറിയാൻ മാത്രമല്ല ജിയോലൊക്കേറ്ററുകൾ സഹായിക്കുക. പക്ഷികളുടെ നിലനിൽപ് സാധ്യമാക്കുന്ന സുപ്രധാന മേഖലകൾ ഏതെന്നു തിരിച്ചറിയാനും ഇതു സഹായിക്കുന്നു.

സൂത്രപ്പറക്കൽ

വിജയത്തിന്റെ പ്രതീകമായ V എന്ന അക്ഷരാകൃതിയിലാണ് ദേശാടനപ്പക്ഷികൾ പറക്കുന്നത്. മുൻപിൽ പറക്കുന്ന പക്ഷിയുടെ ചിറകടിയിൽനിന്നുള്ള ശക്‌തമായ വായുപ്രവാഹം, പിന്നിൽ നിരനിരയായി പറക്കുന്ന പക്ഷികളുടെ പറക്കൽ ആയാസം കുറയ്‌ക്കുന്നു. തനിച്ചു പറക്കുന്നതിനേക്കാൾ 71% ആയാസക്കുറവ് ഈ പറക്കലിനുണ്ടെന്നാണ് ശാസ്‌ത്രജ്‌ഞന്മാരുടെ കണ്ടെത്തൽ. യുദ്ധവിമാനങ്ങളും ഈ രീതിയാണു പിന്തുടരുന്നത്.