പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു വർധിച്ചതോടെ ഡൽഹിയിലെ വായു നിലവാരം തീരെ മോശം അവസ്ഥയിൽ. ഡൽഹിയിലെ പല സ്ഥലത്തും വായു നിലവാര സൂചിക 300നു മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡൽഹിക്കു മുകളിൽ പുകപടലം രൂപംകൊണ്ടിട്ടുണ്ട്. ഇതോടെ രൂക്ഷമായ വായുമലിനീകരണത്തിലേക്കാണു ഡൽഹി നീങ്ങുന്നതെന്നുള്ള ആശങ്ക ശക്തമായി. 

വായു മലിനീകരണം തടയുന്നതിനു ഡൽഹി സർക്കാർ ഇതുവരെ ചെയ്ത ഫലപ്രദമായ നടപടികളെ അട്ടിമറിക്കുന്ന നടപടിയാണ് അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന രീതിയെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ കുറ്റപ്പെടുത്തി. ഇതുതടയാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വായു മലിനീകരണം തടയാനുള്ള കർശന നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണു മലിനീകരണം അതിവേഗത്തിൽ കൂടുന്നത്. നവംബർ 4 മുതൽ 15വരെ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. 

ഇന്നലെ ഡൽഹിയിൽ പല സ്ഥലത്തും 300 നു മുകളിലാണു വായു നിലവാര സൂചികയിൽ രേഖപ്പെടുത്തിയത്. 300നു മുകളിൽ വന്നാൽ തീരെ മോശം നിലവാരമെന്നാണു രേഖപ്പെടുത്തുന്നത്. ആനന്ദ് വിഹാർ (327), വാസിർപുർ (323), വിവേക് വിഹാർ (317), മുണ്ട്ക (309), ബവാന (302), ജഹാംഗിർപുരി (300) എന്നിങ്ങനെയാണു സൂചികയിൽ രേഖപ്പെടുത്തിയത്.  അതിർത്തി പ്രദേശങ്ങളായ ഫരീദാബാദ്, ഗ്രേറ്റർ നോയിഡ എന്നിവടങ്ങളിലും സ്ഥിതി മോശമായി. മലിനീകരണം നിയന്ത്രിക്കാൻ നാളെ മുതൽ ഡൽഹിയിലും പരിസരങ്ങളിലും വിവിധ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

എസ്പിജിക്കും ഇളവില്ല

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിഐപികളുടെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനും (എസ്പിജി) ഡീസൽ വാഹന ഉപയോഗത്തിൽ ഇളവു നൽകാതെ ദേശീയ ഹരിത ‍ട്രൈബ്യൂണൽ.  സുപ്രീംകോടതി നിർദേശ പ്രകാരം പുതിയ ഡീസൽ വാഹനങ്ങൾക്കു ഡൽഹിയിൽ റജിസ്ട്രേഷൻ അനുവദിക്കാനാവില്ലെന്നു ട്രൈബ്യൂണൽ വ്യക്തമാക്കി. എസ്പിജിക്കു വേണ്ടി ജലം കൊണ്ടുപോകാനുളള ടാങ്കറുകളും ബാഗുകൾ പരിശോധിക്കാനുള്ള എക്സ്റേ സംവിധാനമുള്ള വാഹനവും റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന ഡൽഹി കന്റോൺമെന്റ് ബോർഡിന്റെ ഹർജിയിലാണ് ഉത്തരവ്. 

നാളെ മുതലുള്ള നടപടികൾ

കൂടുതൽ ബസ്, മെട്രോ സർവീസുകൾ 

പാർക്കിങ് നിരക്കിൽ വർധന. 

ഡീസൽ ജനറേറ്ററുകൾക്കു നിരോധനം. (റെയിൽവേ, ആശുപത്രികൾ, മെട്രോ, വിമാനത്താവളം, ഇന്റർസ്റ്റേറ്റ് ബസ് ടെർമിനൽ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്)

സ്ഥിതി കൂടുതൽ വഷളായാൽ

ഇഷ്ടിക കളങ്ങൾ അടച്ചുപൂട്ടും.

കല്ലു പൊടിക്കുന്നത് നിരോധിക്കും. 

നിരത്തിൽ വെള്ളം തളിക്കും. 

റോഡ് ശുചീകരണത്തിനു യന്ത്രങ്ങൾ.

സ്ഥിതി അതീവ ഗുരുതമായാൽ

ലോറികൾ നിരോധിക്കും. 

കെട്ടിട നിർമാണം നിരോധിക്കും. 

ഒറ്റ– ഇരട്ട വാഹന നിയന്ത്രണം ദീർഘിപ്പിക്കും.