പടക്കരഹിത ദീപാവലി ആഘോഷിക്കാൻ ഡൽഹി സർക്കാർ. 26 മുതൽ നാലു ദിവസത്തെ ലേസർ ഷോയാണ് ഒരുക്കിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പടക്കങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ വർഷം ദീപാവലി ആഘോഷത്തിനു പിന്നാലെ അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമെന്ന കുപ്രസിദ്ധി ഡൽഹി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നഗരം ദീപാവലി ആഘോഷിച്ച ഒക്ടോബർ 11നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) 980 എന്ന നിലയിലെത്തിയിരുന്നു.

നഗരത്തിലെ പല സ്ഥലങ്ങളിലും എക്യുഐ ആയിരത്തിനും മുകളിലെത്തിയെന്നായിരുന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. 0–50 വരെയാണ് സുരക്ഷിത നില. 300നു മുകളിലുള്ളതെല്ലാം അപകടാവസ്ഥയായാണു കരുതുന്നത്.

ലേസർ ഷോ ഇങ്ങനെ

കൊണാട്ട് പ്ലേസിൽ വൈകിട്ട് ആറു മുതൽ 10 വരെയാണു ലേസർ ഷോ അരങ്ങേറുക. ഡൽഹി നിവാസികളുടെ കൂട്ടായ്മയുടെ അടയാളമായി ആഘോഷം മാറുമെന്നു കേജ്‍രിവാൾ പറഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ അന്തരീക്ഷ വായുനില മോശമാകുന്നതു പതിവാണ്. കഴിഞ്ഞ വർഷം പടക്കങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അനധികൃത വിൽപന രൂക്ഷമായിരുന്നു.

വീടുകളിലെ ആഘോഷങ്ങൾ ഒഴിവാക്കി പൊതു ഇടങ്ങളിലെ കൂട്ടായ്മ ആഘോഷങ്ങൾ ഒരുക്കുകയാണു ലക്ഷ്യമെന്നു കേജ്‍രിവാൾ പറഞ്ഞു. ഇത്തവണത്തെ ആഘോഷം വിജയകരമായാൽ അടുത്ത വർഷം വലിയ തോതിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ലേസർ ഷോ ഒരുക്കാനാണു പദ്ധതി.

നഗരത്തിന്റെ സംസ്കാരവും പൈതൃകവും വ്യക്തമാക്കുന്ന ലേസർ ഷോയാണ് ഒരുക്കുക. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ലേസർ ഷോകൾ ഓരോ മണിക്കൂർ ഇടവിട്ടു നടക്കും. പ്രവേശനം സൗജന്യമാണ്. ഭക്ഷ്യമേള, വിപണന മേള എന്നിവയും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിക്കും. അതേസമയം, ശിവാജി സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു പാർക്കിങ് ഒരുക്കും. സഞ്ചാരികൾക്കു കൊണാട്ട് പ്ലേസിലേക്കെത്താൻ ഇലക്ട്രിക് വാഹനങ്ങളുമൊരുക്കും.