ശീതയുദ്ധകാലത്തു സ്വന്തം ശക്തി തെളിയിക്കാനും അതുവഴി മറ്റു രാജ്യങ്ങളെ വിരട്ടാനും യുഎസ് കണ്ടെത്തിയ വഴികളിലൊന്ന് തുടർച്ചയായി നടത്തിയ അണുബോംബ് പരീക്ഷണങ്ങളായിരുന്നു. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് പസിഫിക്ക് മേഖലയിലായിരുന്നു യുഎസിന്റെ പരീക്ഷണങ്ങളെല്ലാം, 1946നും 1958നും ഇടയ്ക്കു മാത്രം തെക്കൻ പസിഫിക്കിൽ യുഎസ് പ്രയോഗിച്ചത് 67 അണുബോംബുകൾ. മേഖലയിലെ ദ്വീപുകളിലും പവിഴപ്പുറ്റുകളിലുമെല്ലാം ഇതു സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതം ചെറുതൊന്നുമായിരുന്നില്ല. സോവിയറ്റ് യൂണിയനു മുന്നിൽ കരുത്തു കാട്ടാനുള്ള നെട്ടോട്ടത്തിനിടെ ഇതൊന്നും യുഎസ് കാര്യമാക്കിയില്ലെന്നതാണു സത്യം. 

എന്നാൽ ലക്ഷക്കണക്കിനു വർഷം കഴിഞ്ഞാലും ഭൂമിയിൽ നിന്നു പോകാതെ മറഞ്ഞിരിക്കുന്ന റേഡിയോ ആക്ടീവ് ശക്തികൾ ഇപ്പോൾ തിരിച്ചടിക്കാനൊരുങ്ങുകയാണ്. അതിന്റെ ആദ്യസൂചനകൾ വന്നിരിക്കുന്നതാകട്ടെ മഞ്ഞുമൂടിയ അന്റാർട്ടിക്കിൽ നിന്നും. വർഷങ്ങളിത്ര കഴിഞ്ഞിട്ടും റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ അതിന്റെ മുഴുവൻ തീവ്രതയോടെ ഇപ്പോഴും മഞ്ഞുപാളികൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. കാൻസറിനു വരെ കാരണമായേക്കാവുന്ന ക്ലോറിൻ–36 ഐസോടോപ്പാണ് വൻതോതിൽ അന്റാർട്ടിക്കിൽ കണ്ടെത്തിയിരിക്കുന്നത്. 

പ്രകൃതിദത്തമായി രൂപപ്പെടുന്നതാണ് ക്ലോറിൻ–36. എന്നാൽ വൻതോതിൽ ഇവ കാണപ്പെട്ടാൽ അതിനർഥം പേടിക്കേണ്ടതുണ്ടെന്നാണ്. റേഡിയോ ആക്ടിവിറ്റിയിൽ ഒട്ടും കുറവു വരാത്ത വിധത്തിലാണു കണ്ടെത്തിയതെങ്കിൽ കാന്‍സർ ഭീഷണിയും ഉറപ്പ്. അതാണിപ്പോൾ അന്റാർട്ടിക്കിൽ സംഭവിച്ചിരിക്കുന്നതും. ആണവ ബോംബുകളുടെ സ്ഫോടനത്തിന്റെ ഉപോൽപന്നമാണ് ക്ലോറിൻ–36 എന്നാണു ഗവേഷകർ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് ആഗോൺ വാതകം വൻതോതിൽ അന്തരീക്ഷത്തിലെത്തിയിരുന്നു. ഇവ അന്തരീക്ഷത്തിലെ കോസ്മിക് രശ്മികളുമായി ചേർന്നാണ് ക്ലോറിൻ–36 രൂപപ്പെടുന്നത്. 

ഇക്കഴിഞ്ഞ ദശാബ്ദങ്ങൾക്കിടെ അന്തരീക്ഷത്തിലൂടെ പസിഫിക്കിൽ നിന്ന് ക്ലോറിൻ 36 അന്റാർട്ടിക്കിലെത്തി. അവിടെ മഞ്ഞുപാളികൾക്കിടയിൽ ‘വിശ്രമിക്കുകയും’ ചെയ്തു. ഇപ്പോൾ മഞ്ഞുരുകി അവ പുറത്തുമ്പോഴാകട്ടെ സാധാരണഗതിയിൽ അന്തരീക്ഷത്തിൽ കാണുന്നതിനേക്കാൾ പത്തിരട്ടിയുണ്ടായിരുന്നു. അതേസമയം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും വൻതോതിൽ ക്ലോറിൻ 36ന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണു സത്യം. കിഴക്കൻ അന്റാർട്ടിക്കയിലെ വോസ്ടോക്കിൽ നിന്ന് റഷ്യൻ ഗവേഷകർ ശേഖരിച്ച മഞ്ഞിന്റെ സാംപിളിലാണ് ഈ മാരക ഐസോടോപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ പ്രദേശത്തുനിന്നു തന്നെ 1998ൽ ശേഖരിച്ച സാംപിളിലും ക്ലോറിൻ 36ന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇവ ഉപരിതലത്തിലേക്കു കൂടുതൽ ഉയർന്നെത്തിയതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അത്ര എളുപ്പത്തിലൊന്നും ഇവയുടെ സാന്നിധ്യം ഇല്ലാതാക്കാനാകില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.  

ക്ലോറിൻ 36ന്റെ ‘ഹാഫ് ലൈഫ്’ എന്നത് മൂന്നു ലക്ഷം വർഷമാണ്. അതായത് ഇതിലെ റേഡിയേഷന്റെ അളവ് പാതിയായി കുറയണമെങ്കിൽ ഇത്രയും വർഷമെടുക്കും. അതു പിന്നെയും കാൽ ഭാഗമായി കുറയാൻ മൂന്നു ലക്ഷം വർഷം കൂടി വേണം. ഇക്കാലത്തിനിടെ ഇവ മനുഷ്യർക്കും മറ്റു ജീവജാലങ്ങള്‍ക്കുമുണ്ടാക്കുന്ന പ്രശ്നങ്ങൾ എത്രത്തോളം ഭീകരമായിരിക്കുമെന്നു പറയാനാവില്ല. കാൻസർ തന്നെ അതിലെ ഏറ്റവും വലിയ ഭീഷണി. വിഷവാതകങ്ങളുടെ പട്ടികയിലാണ് ക്ലോറിന്റെ സ്ഥാനം. ഇതു വൻതോതിൽ ശ്വസിച്ചാൽ ശ്വാസതടസ്സവും മരണം വരെയും സംഭവിക്കാം. ക്ലോറിൻ ഏറെ ശ്വസിച്ചാൽ മൃഗങ്ങളിൽ ശരീരഭാരം കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഗവേഷണത്തിന്റെ അടുത്ത ഘട്ടമായി 15 ലക്ഷം വർഷം പഴക്കമുള്ള മഞ്ഞുപാളി ‘ഡ്രിൽ’ ചെയ്യാനൊരുങ്ങുകയാണ് ശാസ്ത്രലോകം. മഞ്ഞിലെ ക്ലോറിന്റെ സാന്നിധ്യം പരിശോധിക്കുന്നതിലൂടെ ദശാബ്ദങ്ങളായുള്ള ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകർ. 

English Summary: Antarctic Ice Sheets Are Still Leaking Radioactive Chlorine From 1950s Nuclear Weapons Tests