ആകാശത്തിന് നീലനിറമെന്നാണ് നമ്മൾ പഠിച്ചത്. എന്നാൽ അതിപ്പോൾ കറുപ്പുനിറമാണെന്ന് തിരുത്തേണ്ടിയിരിക്കുന്നു. ആകാശത്തിന് കറുപ്പടിക്കുന്നത് മനുഷ്യർ തന്നെയാണ്. നമ്മുടെ വർധിച്ചു വരുന്ന വിമാനയാത്രകളാണ് ആകാശത്തെ കറുപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.

യാത്രകൾ എളുപ്പമാക്കിയെങ്കിലും വിമാന എൻജിൻ ഉണ്ടാക്കുന്ന മലിനീകരണം വളരെ വലുതാണ്. അതിലും മാരകമാണ് എൻജിൻ പുറത്തു വിടുന്ന കാർബൺ ഡയോക്സൈഡ്. കാർബൺ മോണോക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവ. ഇവയെല്ലാം ആഗോളതാപനത്തിന് ഇടയാക്കുന്നവയാണ്.

ഇക്കൂട്ടത്തിലെ ബ്ലാക്ക് കാർബൺ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറില്‍ എത്തി അന്തരീക്ഷ താപനില ഉയർത്തുന്നുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. കാലവർഷം, ഹിമാനികൾ, ഓസോൺപാളി എന്നിവയിൽ ഇന്ത്യയിൽ അടുത്തിടെ ഉണ്ടാകുന്ന മാറ്റങ്ങൾ വിമാന മലിനീകരണത്തിന്റെ ഫലമാണോ എന്ന സംശയം കേന്ദ്രസർക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പ് തന്നെ ഉന്നയിച്ചിട്ടുണ്ട്.